അവരുടെ കണ്ണീര്‍ മറക്കാന്‍ പ്രയാസമാണ്, സല്‍മാന്‍ ഖാനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ അവസരങ്ങള്‍ നഷ്ടമായി- വിവേക് ഒബ്‌റോയ്

സല്‍മാൻ ഖാൻ, വിവേക് ഒബ്‌റോയ്‌ | Photo: AFP, PTI
സല്‍മാൻ ഖാൻ, വിവേക് ഒബ്‌റോയ്‌ | Photo: AFP, PTI

2003-ല്‍ സല്‍മാന്‍ ഖാനെതിരേ വിവേക് ഒബ്‌റോയ് നടത്തിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സല്‍മാന്‍ ഖാന്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു മുംബൈയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ വിവേക് ഒബ്‌റോയ് ആരോപിച്ചത്. സല്‍മാന്‍ ഖാനുമായി അകന്ന ഐശ്വര്യാ റായ് വിവേക് ഒബ്‌റോയിയോട് അടുത്തു എന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു താരത്തിന്റെ വാര്‍ത്താസമ്മേളനം. 22 വര്‍ഷങ്ങള്‍ക്കിപ്പുറത്ത് സംഭവത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് വിവേക് ഒബ്‌റോയ്.

സല്‍മാന്‍ ഖാനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ തനിക്ക് അവസരങ്ങള്‍ നഷ്ടമായെന്ന് വിവേക് ഒബ്‌റോയ് പറഞ്ഞു. ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങി താന്‍ വിഷാദത്തിലേക്ക് പോയി. എന്നാല്‍, ഇന്ന് സംഭവങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ചിരിവരുമെന്നും വിവേക് ഒബ്‌റോയ് പറഞ്ഞു.

'എനിക്ക് സംഭവിച്ചതിനെക്കുറിച്ച് ഞാന്‍ ഓര്‍മിക്കുകയോ കാര്യമായെടുക്കുകയോ ചെയ്യാറില്ല. എന്നാല്‍, ആ സംഭവങ്ങളോട് അമ്മയുടേയും അച്ഛന്റേയും പ്രതികരണമാണ് ഇന്നും മറക്കാന്‍ പ്രയാസം. അവരുടെ കണ്ണീര്‍ മറക്കാന്‍ എനിക്ക് പ്രയാസമാണ്. കാലക്രമേണ അതും മറക്കുക എന്നതാണ് എന്റെ ലക്ഷ്യം. കാരണം, ആ ഓര്‍മകള്‍ കൂടുതല്‍ നെഗറ്റീവ് തോന്നലുകളുണ്ടാക്കും', വിവേക് ഒബ്‌റോയ് പറഞ്ഞു.

'അന്ന് എല്ലാവരും എന്നെ ബഹിഷ്‌കരിച്ചു. എന്റെ കൂടെ ജോലി ചെയ്യാന്‍ ആരും തയ്യാറായില്ല. കരാറായ സിനിമകളില്‍നിന്നുപോലും ഞാന്‍ പുറത്തായി. ധാരാളം ഭീഷണി കോളുകള്‍ വരുമായിരുന്നു. അമ്മയ്ക്കും അച്ഛനും സഹോദരിക്കും ഈ കോളുകള്‍ വന്നു', അദ്ദേഹം വെളിപ്പെടുത്തി.

'എന്റെ ജീവിതമാകെ താറുമാറായി. ഞാന്‍ വിഷാദത്തിലായി. ഏതൊരു 'അമ്മക്കുട്ടി'യേയുംപോലെ ഞാന്‍ അമ്മയുടെ അടുത്തുപോയി കരയും. 'എന്തുകൊണ്ട് ഞാന്‍', എന്ന ചോദ്യം ഒരുപാട് തവണ ഞാന്‍ ചോദിച്ചു. 'നിനക്ക് അവാര്‍ഡുകള്‍ ലഭിക്കുമ്പോഴും സിനിമകള്‍ ചെയ്യുമ്പോഴും ആരാധകവൃന്ദമുണ്ടാവുമ്പോഴും ഈ ചോദ്യം നിന്നോടുതന്നെ ചോദിച്ചിട്ടുണ്ടോ' എന്നായിരുന്നു അമ്മയുടെ മറുചോദ്യം', വിവേക് ഒബ്‌റോയ് ഓർത്തെടുത്തു.

Content Highlights: Vivek Oberoi recalls the 2003 press conference against Salman Khan, the subsequent career setbacks, death threats, and the emotional toll on his parents