മിന്നൽ മുരളി കണ്ടപ്പോൾ ഒരേസമയം സന്തോഷവും സങ്കടവും വന്നു, 'ആര്യനി'ലെ ചില രംഗങ്ങൾക്ക് പ്രചോദനം കണ്ണൂർ സ്ക്വാഡ് -വിഷ്ണു വിശാൽ

ആര്യൻ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിരക്കുകളിലാണ് നടൻ വിഷ്ണു വിശാൽ. ആര്യന്റെ പ്രചാരണത്തിനിടെ മിന്നൽ മുരളി, ലോക എന്നീ ചിത്രങ്ങളേക്കുറിച്ച് വിഷ്ണു വിശാൽ പറഞ്ഞ വാക്കുകൾ ആരാധകർ സ്വീകരിച്ചിരിക്കുകയാണ്. കൂടാതെ തൻ്റെ ഇതുവരെ സഫലമാകാത്ത ഒരു സ്വപ്നവേഷത്തെക്കുറിച്ചും വിഷ്ണു മനസ്സുതുറന്നു.
ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് ആര്യൻ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. ഇത് പരാമർശിക്കുമ്പോഴാണ് 'ലോക'യെക്കുറിച്ച് വിഷ്ണു വിശാൽ സംസാരിച്ചത്. ദുൽഖർ സൽമാന്റെ നേതൃത്വത്തിലുള്ള വേഫേറർ ഫിലിംസ് തന്റെ ചിത്രം കേരളത്തിലെത്തിക്കുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് വിഷ്ണു പറഞ്ഞു. കാരണം ലോക എന്ന ചിത്രം നിർമിച്ചതിലൂടെ വലിയ വിജയമാണ് ദുൽഖർ സ്വന്തമാക്കിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.
"എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ഒരു സൂപ്പർഹീറോ കഥാപാത്രം ചെയ്യുക എന്നതാണ്. പക്ഷേ മിന്നൽ മുരളിയിലൂടെ അത് സംഭവിച്ചു. ആ സിനിമ ഇറങ്ങിയതിനുശേഷം ഞാൻ ബേസിലിനെയും ടൊവിനോയേയും വിളിച്ച് സംസാരിച്ചിരുന്നു. ഞാൻ വളരെ സന്തോഷത്തിലാണെന്നും അതേസമയം കുറച്ച് ദുഃഖവും ഉണ്ടെന്നും അവരോടുപറഞ്ഞു. കാരണം അങ്ങനെയൊരു സിനിമ ദക്ഷിണേന്ത്യയിൽ ആദ്യം ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. ഇപ്പോൾ 'ലോക' പോലുള്ള സിനിമകൾ മലയാള സിനിമയിൽ വീണ്ടും വീണ്ടും വരുന്നു. എന്നാൽ എനിക്ക് അതിൽ പങ്കാളിയാകാൻ കഴിയുന്നില്ല. എങ്കിലും, ഇത്തരമൊരു മികച്ച പ്രോജക്ടിന് പിന്തുണ നൽകുന്ന ദുൽഖറിനെ അഭിനന്ദിക്കുന്നു." വിഷ്ണു വിശാൽ പറഞ്ഞു.
"ഞാൻ ഒരുപാട് മലയാളം സിനിമകൾ കാണുന്ന ഒരു വ്യക്തിയാണ്. RDX ഒരു ഗംഭീര ആക്ഷൻ ചിത്രമായിരുന്നു…പിന്നെ ഫഹദിന്റെ ആവേശം, ബേസിൽ ജോസഫിന്റെ ഫാലിമി, സൂക്ഷ്മദർശിനി, കൂടാതെ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് കണ്ടിരുന്നു. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എന്റെ ഈ പടത്തിൽ കുറച്ച് രംഗങ്ങൾ ചെയ്തിട്ടുണ്ട്. ടൊവിനോയുടെ ARM, ഗുരുവായൂർ അമ്പലനടയിൽ, ജയ ജയ ജയ ജയ ഹേ എന്നീ സിനിമകളും കണ്ടിട്ടുണ്ട്". വിഷ്ണു വിശാൽ കൂട്ടിച്ചേർത്തു.
ഒക്ടോബര്‍ 31-ന് തീയേറ്ററുകളിലെത്തുന്ന ക്രൈം ത്രില്ലര്‍ ചിത്രമായ ആര്യന്‍ സംവിധാനം ചെയ്തിരിക്കുന്നത് പ്രവീണ്‍ കെയാണ്. സെല്‍വരാഘവന്‍, ശ്രദ്ധ ശ്രീനാഥ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
വിഷ്ണു വിശാല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വിഷ്ണുവിശാല്‍ നിര്‍മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശുഭ്ര, ആര്യന്‍ രമേശ് എന്നിവര്‍ ചേര്‍ന്നാണ്. 'രാക്ഷസന്‍' എന്ന വമ്പന്‍ ഹിറ്റിന് ശേഷം വീണ്ടുമൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറില്‍ നായകനായി എത്തുകയാണ് വിഷ്ണു വിശാല്‍. 'എ പെര്‍ഫെക്റ്റ് ക്രൈം സ്റ്റോറി' എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ്‌ലൈന്‍.
Content Highlights: Dulquer Salmaan's Production 'Aaryan' Features Vishnu Vishal; Actor's Superhero Goal Revealed