തലയ്ക്ക് മുകളിലൂടെ പറക്കുന്ന മിസൈൽ; പേടിപ്പിക്കുന്ന വീഡിയോ പങ്കുവെച്ച് നടൻ വിഷ്ണു മഞ്ചു

#മൂവി ഡെസ്ക്
നടൻ വിഷ്ണു മഞ്ചു, വിഷ്ണു മഞ്ചു പോസ്റ്റ് ചെയ്ത വീഡിയോയിൽനിന്ന് | ഫോട്ടോ: Instagram, Screengrab
നടൻ വിഷ്ണു മഞ്ചു, വിഷ്ണു മഞ്ചു പോസ്റ്റ് ചെയ്ത വീഡിയോയിൽനിന്ന് | ഫോട്ടോ: Instagram, Screengrab

ദുബായിൽ ഇറാൻ നടത്തിയ ആക്രമണത്തിന്റെ അനുഭവം പറഞ്ഞ് തെലുങ്ക് നടൻ വിഷ്ണു മഞ്ചു. ഒരു മിസൈൽ പോകുന്ന വീഡിയോ ആണ് വിഷ്ണു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. മിസൈലിന്റെ ശബ്ദം ഇളയ മകളെ ഭീതിയിലാഴ്ത്തിയെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് എവിടെയാണെങ്കിലും ഒരു കുഞ്ഞുങ്ങളും അവരുടെ കൂരക്ക് മേലെ യുദ്ധത്തിന്‍റെ ശബ്ദം കേട്ടാകരുത് വളരേണ്ടതെന്നും അദ്ദേഹം വീഡിയോക്കൊപ്പം കുറിച്ചു.

ദുബായിലുള്ള ബന്ധുക്കളെ സന്ദർശിക്കാനെത്തിയതായിരുന്നു വിഷ്ണു മഞ്ചുവും കുടുംബവും. ഇതിനിടെയാണ് പ്രദേശത്ത് ഇറാന്റെ മിസൈലാക്രമണം നടന്നത്. വിഷ്ണു പോസ്റ്റ് ചെയ്ത സെൽഫി വീഡിയോയിൽ ആകാശത്തിലൂടെ മിസൈൽ പോകുന്നത് കാണാം. സമാധനത്തിനായി പ്രാർഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

"ദുബായിൽ കുടുംബാംഗങ്ങളെ സന്ദർശിക്കുകയായിരുന്നു. ആകാശത്ത് മിസൈലുകൾ കാണാം. വലിയ ശബ്ദവും പ്രകമ്പനവും ഞങ്ങളുടെ വീടിനെ വിറപ്പിച്ചു. ഇളയ മകളെ അത് ഭയപ്പെടുത്തി. സമാധാനത്തിനായി പ്രാർഥിക്കുന്നു. ഒരു കുട്ടിക്കും ഇത്തരത്തിൽ ഭയപ്പെടേണ്ടി വരരുത്. രാജ്യത്തെ പൗരന്മാരെ സുരക്ഷിതരാക്കിയതിന് യുഎഇ പ്രതിരോധ സേനകൾക്ക് നന്ദി. ജീവിതം എത്രമാത്രം നശ്വരമാണെന്ന് ഇത്തരം നിമിഷങ്ങൾ ഓർമ്മിപ്പിക്കുന്നു. ശക്തിക്കും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. ഹർ ഹർ മഹാദേവ്." വിഷ്ണു മഞ്ചുവിന്റെ വാക്കുകൾ.

ആണവപദ്ധതി ഉപേക്ഷിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ ഇറാനുനേരേ ഇസ്രയേലും യു.എസും സംയുക്ത വ്യോമാക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യ വീണ്ടും യുദ്ധകലുഷിതമായത്. പ്രാദേശികസമയം ശനിയാഴ്ച രാവിലെ 8.15-നാണ് യു.എസും ഇസ്രയേലും ഇറാനിൽ ആക്രമണം നടത്തിയത്. പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടിക്കാനും തുടങ്ങി. അതോടെ ലോകമൊന്നടങ്കം ഭീതിയിലായി. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലുൾപ്പെടെ ഒട്ടേറെയിടങ്ങളിലാണ് ആക്രമണങ്ങൾ നടന്നത്.

Content Highlights: Telugu actor Vishnu Manchu witnessed a missile attack while visiting family in Dubai., He shared a selfie video capturing a missile flying overhead., Manchu expressed concern for his daughter's fear and prayed for global peace., The incident occurred amid rising tensions between Iran, Israel, and the US., He thanked the UAE defense forces for ensuring citizen safety.