നന്ദഗോവിന്ദത്തിലെ പാട്ടുകാരനായി വിനീത് ശ്രീനിവാസൻ; ‘നരനി’ലെ ഹിറ്റ് ഗാനത്തിൽ ആവേശഭരിതരായി ആരാധകർ

#Entertainment Desk
വിനീത് ശ്രീനിവാസൻ നന്ദഗോവിന്ദം ഭജൻസിനൊപ്പം വേദിയിൽ ആലപിക്കുന്നു | Photos: instagram.com/anusha_vishakhjai, Enhanced with AI
വിനീത് ശ്രീനിവാസൻ നന്ദഗോവിന്ദം ഭജൻസിനൊപ്പം വേദിയിൽ ആലപിക്കുന്നു | Photos: instagram.com/anusha_vishakhjai, Enhanced with AI

പ്രമുഖ ഭജൻ സംഘമായ നന്ദഗോവിന്ദം ഭജൻസിനൊപ്പം വേദിയിലെത്തി നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ. തിരുവനന്തപുരത്ത് നടന്ന നന്ദഗോവിന്ദം ഭജൻസിന്റെ പരിപാടിയിലാണ് വിനീത് അപ്രതീക്ഷിതമായി എത്തിയത്. കവടിയാറിലെ ഉദയ് പാലസിൽ നടന്ന റൂട്ട്‌സ് എന്ന പരിപാടിയിലാണ് പ്രേക്ഷകർക്ക് സർപ്രൈസ് വിരുന്ന് ലഭിച്ചത്. വേദിയിലെത്തിയ വിനീത് ശ്രീനിവാസൻ ഏതാനും ഗാനങ്ങൾ ആലപിച്ച് ആരാധകരെ കൈയിലെടുത്തു.

നന്ദഗോവിന്ദം ഭജൻസിലെ അംഗങ്ങൾ ധരിച്ച അതേ വേഷത്തിലാണ് വിനീതും എത്തിയത്. വിനീത് ശ്രീനിവാസൻ പിതാവ് ശ്രീനിവാസനൊപ്പം അഭിനയിച്ച 'അരവിന്ദന്റെ അതിഥികൾ' എന്ന ചിത്രത്തിലെ 'കൃപാകരി ദേവീ', മോഹൻലാൽ നായകനായ 'നരൻ' എന്ന ചിത്രത്തിലെ 'ഓമൽകൺമണി ഇതിലെ വാ' എന്നിവ ഉൾപ്പെടെയുള്ള ഗാനങ്ങളാണ് വിനീത് ശ്രീനിവാസൻ നന്ദഗോവിന്ദം ടീമിനൊപ്പം ആലപിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

വിനീത് ശ്രീനിവാസൻ-നന്ദഗോവിന്ദം കോംബോയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. പതിനായിരക്കണക്കിന് പേരാണ് ഓരോ വീഡിയോയും കണ്ടത്. ഒട്ടേറെ പേർ കമന്റുകളുമിട്ടു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

2000-ത്തിൽ രാജേന്ദ്ര പണിക്കർ കോട്ടയം ജില്ലയിലെ നട്ടാശ്ശേരിയിൽ സ്ഥാപിച്ച ഭജൻ സംഘമാണ് നന്ദഗോവിന്ദം ഭജൻസ്. രണ്ടര പതിറ്റാണ്ടുകൊണ്ട് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തി നേടുന്ന തരത്തിൽ വളരാൻ നന്ദഗോവിന്ദത്തിന് കഴിഞ്ഞു. 2018 മുതൽ സോഷ്യൽ മീഡിയയിലും ഈ സംഘം സജീവ സാന്നിധ്യമായി. ഓൺലൈനിലും ഓഫ്‌ലൈനിലുമായി നിരവധി ആരാധകരാണ് നന്ദഗോവിന്ദത്തിന് ഇപ്പോഴുള്ളത്. 'ഭജനകളിലൂടെ സമാധാനം പ്രചരിപ്പിക്കുക' എന്നതാണ് നന്ദഗോവിന്ദത്തിന്റെ മുദ്രാവാക്യം.

 
 
 
 
 
 
 
 
 
 
 
 
 
 
 

നവീൻ മോഹൻ, പ്രവീൺ കെ.എ, ശ്രീലാൽ വേണു, മനു മോഹൻ, സിദ്ധാർഥ് ശങ്കർ, അഭിജിത്ത് രാധാകൃഷ്ണൻ എന്നിവരാണ് നന്ദഗോവിന്ദം ഭജൻസിലെ പ്രധാനികൾ. യുവാക്കൾക്കായി നന്ദഗോവിന്ദം ഒരുക്കിയ പരിപാടിയാണ് റൂട്ട്‌സ്. ഭജൻ ക്ലബ്ബിങ് എക്‌സ്പീരിയൻസ് എന്ന ആശയവുമായാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. 15 മുതൽ 35 വയസുവരെ പ്രായമുള്ളവർക്കാണ് റൂട്ട്‌സിൽ പ്രവേശനമുണ്ടായിരുന്നത്.

Content Highlights: Singer and actor Vineeth Sreenivasan surprised the audience at the Nandagovindam Bhajans' 'Roots' event held in Thiruvananthapuram. Dressed matching the team, he performed tracks like 'Omalkanmani' from Naran and 'Kripakari Devi'.