തളരാതെ വിജയുടെ 'ഗോട്ട്'; ബോക്‌സ് ഓഫീസില്‍ 450 കോടിയിലേക്ക്

Goat
Goat

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വിജയിനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത ഗോട്ട്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന വിജയ് സിനിമാ അഭിനയം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം ആദ്യം റിലീസായ ചിത്രമാണ് ഗോട്ട്. ഇനി രണ്ട് സിനിമകള്‍ കൂടി പൂര്‍ത്തിയാക്കിയാല്‍ വിജയ് പൂര്‍ണമായും രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി സമയം മാറ്റി വയ്ക്കും. 

സെപ്തംബര്‍ 5 നാണ് ഗോട്ട് തിയേറ്ററുകളിലെത്തിയത്. ആദ്യദിനം തന്നെ ഇന്ത്യയില്‍ നിന്ന് മാത്രമായി 60 കോടിയോളം വരുമാനം നേടി. സമ്മിശ്ര പ്രതികരണങ്ങളാണ് ഇതുവരെ ചിത്രം നേടിയതെങ്കിലും ഇന്ത്യയില്‍ നിന്ന് മാത്രം ഇതുവരെ 250 കോടിയോളം സ്വന്തമാക്കി. ആഗോള ബോക്‌സ് ഓഫീസില്‍ 450 കോടിയിലേക്ക് കുതിക്കുകയാണ് ചിത്രം.

സിനിമയുടെ രണ്ടാംഭാഗം ഉടനെ റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുത്തുന്നത്. രണ്ടാം ഭാഗത്തിനുള്ള സാധ്യതകള്‍ തുറന്നിട്ടാണ് ആദ്യഭാഗം അവസാനിപ്പിച്ചത്.  ഗോട്ട് വേഴ്സസ് ഒജിയെന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേര്. രണ്ടാം ഭാഗത്തില്‍ വിജയിന് പകരം അജിത് നായകനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മൂന്ന് മണിക്കൂറാണ് സിനിമയുടെ ദൈര്‍ഘ്യം. തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യത്തിന് ഒട്ടേറെ ഭാഗങ്ങള്‍ നീക്കം ചെയ്താണ് നീളം കുറച്ചത്. എന്നാല്‍ ഗോട്ട് ഒടിടിയില്‍ എത്തുമ്പോള്‍ അണ്‍കട്ട് പതിപ്പ് പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. അണ്‍കട്ട് പതിപ്പിന് മൂന്ന് മണിക്കൂര്‍ 40 മിനിറ്റ് ദൈര്‍ഘ്യ മുണ്ടെന്നാണ് തമിഴ് സിനിമാവൃത്തങ്ങള്‍ പറയുന്നത്. 

ആക്ഷന്‍ മൂഡില്‍ ഒരുങ്ങിയ ഈ ചിത്രം എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ കല്‍പാത്തി എസ് അഘോരം, കല്‍പാത്തി എസ് ഗണേഷ്, കല്‍പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. 

മീനാക്ഷി ചൗധരി നായിക വേഷം ചെയ്യുന്ന ചിത്രത്തിന്റെ താരനിരയില്‍ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മല്‍ അമീര്‍, മോഹന്‍, യോഗി ബാബു, വിടിവി ഗണേഷ്, സ്‌നേഹ, ലൈല, വൈഭവ്, പ്രേംഗി അമരന്‍, അരവിന്ദ്, അജയ് രാജ്, പാര്‍വതി നായര്‍, കോമള്‍ ശര്‍മ്മ, യുഗേന്ദ്രന്‍, അഭ്യുക്ത മണികണ്ഠന്‍, അഞ്ജന കിര്‍ത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്.

Content Highlights: goat box office collection, uncut version, Netflix, vijay, venkat prabhu