'കുഷിക്ക് മുൻപുള്ള പ്രതിഫലം ചില്ലിക്കാശ്, ലൈഗറിന്റെ പരാജയത്തിനുശേഷം ഒരു കാര്യത്തിൽ മാറ്റം വരുത്തി'

പരശുറാമിന്റെ സംവിധാനത്തിൽ വിജയ് ദേവരകൊണ്ടയും മൃണാൾ താക്കൂറും മുഖ്യവേഷത്തിലെത്തുന്ന ദ ഫാമിലി സ്റ്റാർ റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ അവസാനവട്ട പ്രചാരണത്തിരക്കുകളിലാണ് സംവിധായകനും താരങ്ങളും. ഇത്തരമൊരു പ്രചാരണവേളയിൽ തന്റെ പ്രതിഫലത്തേക്കുറിച്ചും പരാജയപ്പെട്ട സിനിമയേക്കുറിച്ചുമുള്ള വിജയ് ദേവരകൊണ്ടയുടെ വാക്കുകൾ ശ്രദ്ധയാകർഷിക്കുകയാണ്.
കരിയറിന്റെ തുടക്കത്തിൽ തനിക്ക് ലഭിച്ച പ്രതിഫലത്തെ ചില്ലിക്കാശെന്നാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്. അതിനൊരു മാറ്റം കൊണ്ടുവന്നത് തന്റേതായി കഴിഞ്ഞവർഷം പുറത്തിറങ്ങിയ കുഷി എന്ന ചിത്രമായിരുന്നു. ലൈഗർ എന്ന ചിത്രത്തിന് മുൻപും ശേഷവും തന്റെ മനോഭാവത്തിൽ മാറ്റം വന്നിട്ടില്ലെന്നും വിവിധ പ്രചാരണ പരിപാടികളിൽ വിജയ് ദേവരകൊണ്ട പറഞ്ഞു.
“ഞാനൊരു താരമാണെങ്കിലും സത്യസന്ധമായി പറയുകയാണെങ്കിൽ കുഷി ചെയ്തതോടുകൂടിയാണ് നല്ലൊരു സംഖ്യ വീട്ടിലേക്ക് കൊണ്ടുപോയത്. അതിനുമുൻപ്, നിങ്ങൾ പുറത്തുനിന്നുള്ള ഒരാളായിരിക്കുമ്പോൾ പൈസയേക്കുറിച്ച് മറക്കേണ്ടിവരും. നിങ്ങൾക്ക് സ്വന്തമായി ഒരു സ്ഥാനം കെട്ടിപ്പടുക്കേണ്ടിയും പ്രകടനത്തേക്കുറിച്ച് മനസിലാക്കേണ്ടിയും സിനിമകളിൽ ജോലിചെയ്യുന്നതിനേക്കുറിച്ച് പഠിക്കേണ്ടിയുംവരും. കുഷി ചെയ്യുന്നതുവരെ ചില്ലിക്കാശ് എന്നപോലെയാണ് പണം ലഭിച്ചിരുന്നത്.
ലൈഗർ സിനിമയുടെ പരാജയത്തിന് മുമ്പും ശേഷവും എൻ്റെ മനോഭാവത്തിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ഒരേയൊരു വ്യത്യാസം മാത്രം, കുറഞ്ഞത് മൂന്ന് സിനിമകളെങ്കിലും ചെയ്ത് കഴിയുന്നതുവരെ ഒരു സിനിമയുടെ ഫലത്തെ കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ തീരുമാനിച്ചു.” വിജയ് ദേവരകൊണ്ട കൂട്ടിച്ചേർത്തു
2022-ൽ പുറത്തിറങ്ങിയ സർക്കാരുവാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനംചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. ഇത് രണ്ടാംതവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നത്. കേരളത്തിലും സൂപ്പർഹിറ്റായ ഗീതാ ഗോവിന്ദമാണ് ഇതിനുമുൻപ് പരശുറാം-വിജയ് ദേവരകൊണ്ട ടീം ഒന്നിച്ച ചിത്രം.
Content Highlights: vijay deverakonda about liger failure and remuneration after kushi