വിജയ്ക്ക് വിസിലടിച്ച് വിശാൽ; മദ്യവിൽപന ശാലകൾ പൂട്ടുന്നതിൽ പ്രശംസയുമായി കമൽഹാസനും

#Movies Desk
വിശാല്‍, വിജയ്, കമല്‍ഹാസന്‍ | Photo: Mathrubhumi, ANI
വിശാല്‍, വിജയ്, കമല്‍ഹാസന്‍ | Photo: Mathrubhumi, ANI

717 മദ്യവിൽപന ശാലകൾ പൂട്ടാൻ ഉത്തരവിട്ട വിജയ് സർക്കാരിനെ പ്രശംസിച്ച് അഭിനേതാക്കളായ കമൽ ഹാസനും വിശാലും. വിജയ്‌യുടെ ഉത്തരവിനെ സ്വാഗതംചെയ്ത കമൽഹാൻ, നടപടി തുടരണമെന്ന് ആവശ്യപ്പെട്ടു. വിജയ്‌യുടെ തീരുമാനത്തിന് വിശാൽ നന്ദി പറഞ്ഞു.

'ആരാധനാലയങ്ങളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ബസ് സ്റ്റാൻഡുകളുടേയും സമീപമുള്ള മദ്യവിൽപന ശാലകൾ പൂട്ടണമെന്നായിരുന്നു തമിഴ് കുടുംബങ്ങളുടെ ആവശ്യം. ബഹു. തമിഴ്‌നാട് മുഖ്യമന്ത്രി, സഹോദരൻ വിജയ് അധികാരമേറ്റയുടനെ അക്കാര്യത്തിൽ നടപടി സ്വീകരിച്ചിരിക്കുന്നു. മദ്യവിൽപന ഒരിക്കലും സർക്കാരിന്റെ ഉത്തരവാദിത്തമാവരുത്. മദ്യത്തിന്റെ ഒഴുക്ക് തടയുന്നതിൽ സർക്കാർ ഉത്തരവാദിത്തം കാണിക്കണം. തമിഴ്‌നാട് സർക്കാർ അതിനുവേണ്ടി നടപടി സ്വീകരിക്കണം. ഇന്ന് 717 മദ്യവിൽപന ശാലകൾ അടച്ചുകൊണ്ട് നടപടി ആരംഭിച്ചിരിക്കുന്നു. കൂടുതൽ മദ്യശാലകൾ പൂട്ടണം, നടപടി തുടരണം. അഭിനന്ദനങ്ങൾ', എന്നായിരുന്നു കമൽഹാസൻ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ്.

'അഭിനന്ദനങ്ങൾ, നിങ്ങൾക്കുവേണ്ടി വിസിലടിക്കുന്നു. സ്‌കൂളുകൾക്ക് സമീപമുള്ളവയടക്കം 717 മദ്യശാലകൾ അടയ്ക്കാനുള്ള തീരുമാനത്തിന് നന്ദി. ഒരുപാട് പെൺകുട്ടികൾ ദുരിതമനുഭവിക്കുന്നുണ്ടായിരുന്നു. ആർ.കെ. നഗറിൽ ഒരു പെൺകുട്ടിയെ എനിക്ക് നേരിട്ടറിയാം. ടാസ്മാകിന്റെ മദ്യവിൽപന ശാല മറികടന്ന് വീട്ടിലെത്താനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് അവൾ പരാതിപ്പെട്ടിരുന്നു. അവളും പൊതുസമൂഹത്തിലെ വലിയ വിഭാഗവും നിങ്ങളേയും ഈ തീരുമാനത്തേയും പ്രശംസിക്കും. എന്റേതുൾപ്പെടെ നിരവധി മുഖങ്ങളിൽ ഈ തീരുമാനത്തോടെ പുഞ്ചിരി നിറയും. ഈ വിപത്തിൽനിന്ന് എന്നേക്കുമായി മോചനം ലഭിക്കും. ദൈവം നിങ്ങളെ അനുഗ്രഹിക്കും, പ്രിയപ്പെട്ട വിജയ്. നിങ്ങൾക്കും സർക്കാരിനും സല്യൂട്ട്', സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പം വിശാൽ കുറിച്ചു.

തമിഴിലെ സിനിമാ അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറിയാണ് വിശാൽ. തമിഴ്‌നാട്ടിലെ മുഖ്യപ്രതിപക്ഷമായ ഡിഎംകെയുടെ സഖ്യകക്ഷിയാണ് കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യം. ഡിഎംകെ പിന്തുണയിലാണ് കമൽഹാസൻ രാജ്യസഭയിലെത്തിയത്.

ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപത്തെ മദ്യവിൽപന ശാലകൾ പൂട്ടാനാണ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ ഉത്തരവിട്ടത്. ഇവയുടെ 500 മീറ്റർ ദൂരപരിധിയിലുള്ള കടകളെല്ലാം പൂട്ടാനാണ് ഉത്തരവിൽ പറയുന്നത്. തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിരുന്നത് ലഹരി ഉപയോഗത്തെക്കുറിച്ചും അതിനെ തുടർന്നുണ്ടാകുന്ന അക്രമങ്ങളെക്കുറിച്ചും ആയിരുന്നു. താൻ മുഖ്യമന്ത്രിയായാൽ ലഹരി മാഫിയകൾക്ക് കൂച്ചുവിലങ്ങിടും എന്ന തരത്തിൽ വിജയ് തന്റെ പല പ്രസംഗങ്ങളിലും സൂചിപ്പിച്ചിരുന്നു.

Content Highlights: Tamil Nadu CM Vijay orders closure of 717 liquor shops near schools, temples, and bus stands. The 500-meter radius regulation aims to curb public nuisance and protect students. Kamal Haasan praised the move, urging the government to continue such reforms. Actor Vishal expressed gratitude, highlighting the safety impact on local girls and commuters. This initiative fulfills a key campaign promise made by Vijay regarding drug and alcohol control