രാജകീയവരവ്; അജിത്-മഗിഴ് തിരുമേനി ചിത്രം വിടാമുയർച്ചിയുടെ ഫസ്റ്റ് ലുക്ക് എത്തി, ഇനി തലയുടെ വിളയാട്ടം

തമിഴ് സൂപ്പർ താരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ചിത്രമായ വിടാമുയർച്ചിയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന ഈ വമ്പൻ ചിത്രം അവസാനഘട്ട ചിത്രീകരണത്തിലാണ്. തെന്നിന്ത്യൻ സിനിമാ ലോകവും അജിത് ആരാധകരും ഏറെ ആവേശത്തോടെ കാത്തിരുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.
മങ്കാത്ത എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച അജിത് കുമാർ- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഓഗസ്റ്റ് മാസത്തോടെ ചിത്രീകരണം പൂർത്തിയാക്കും. അതിന് ശേഷം ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ലൈക്ക പ്രൊഡക്ഷൻസ് ഹെഡ് എം കെ എം തമിഴ് കുമരൻ വെളിപ്പെടുത്തുന്നത്.
തമിഴിലെ സെൻസേഷണൽ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശ്, എഡിറ്റിംഗ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്ത് എന്നിവരാണ്. മിലൻ കലാസംവിധാനം നിർവഹിക്കുമ്പോൾ സംഘട്ടനം ഒരുക്കുന്നത് സുപ്രീം സുന്ദറാണ്. വമ്പൻ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും സ്വന്തമാക്കിക്കഴിഞ്ഞു.
അനു വർദ്ധൻ വസ്ത്രാലങ്കാരം, ഹരിഹരസുധൻ വിഎഫ്എക്സ്, ആനന്ദ് കുമാർ സ്റ്റിൽസ്, പിആർഒ ശബരി.
Content Highlights: vidaamuyarchi ajith kumar movie first look poster out