പേരറിവാളന്റെ അമ്മ അര്‍പ്പുതമ്മാളിന്റെ ജീവിതം വെട്രിമാരന്‍ സിനിമയാക്കുന്നു

ചെന്നൈ: മുപ്പതുവര്‍ഷത്തിലേറെയായി മകന്റെ ജയില്‍മോചനത്തിന് നിയമപോരാട്ടം നടത്തുന്ന അര്‍പ്പുതമ്മാളിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ വെട്രിമാരനാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ തടവുകാരന്‍ പേരറിവാളന്റെ അമ്മയായ അര്‍പ്പുതമ്മാളിന്റെ ജീവിതകഥ സിനിമയാക്കുന്നത്.
ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് വെട്രിമാരന്‍ ഇക്കാര്യം അറിയിച്ചത്. അര്‍പ്പുതമ്മാളിന്റെ ജീവചരിത്രം, മകന്റെ മോചനത്തിനായുള്ള നീണ്ട ശ്രമങ്ങള്‍, നിയമപോരാട്ടങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പൂര്‍ണമായി ബയോപിക് സിനിമയാക്കാനാണ് പദ്ധതി. മകന്റെ മോചനത്തിനായി തനിച്ച് പോരാടുന്ന ഒരമ്മയുടെ വേദനയെ സ്‌ക്രീനിലെത്തിക്കാനാണ് ശ്രമം.
ഇതിനുള്ള പ്രാരംഭഘട്ട ജോലികള്‍ പുരോഗമിക്കുകയാണെന്നും അര്‍പ്പുതമ്മാളും പേരറിവാളനുമായി ആരൊക്കെയാണ് വേഷമിടുന്നതെന്ന വിവരം വൈകാതെ പുറത്തുവിടുമെന്നും വെട്രിമാരന്‍ അറിയിച്ചു. 1991-ലെ രാജീവ് ഗാന്ധി വധക്കേസില്‍ തടവില്‍ക്കഴിയുന്ന ഏഴുപേരില്‍ ഒരാളാണ് പേരറിവാളന്‍. മകനെ മോചിപ്പിക്കാന്‍ അര്‍പ്പുതമ്മാള്‍ തനിച്ച് നിയമപോരാട്ടം നടത്തിവരികയാണ്.
മൂത്രാശയസംബന്ധമായ രോഗത്തെത്തുടര്‍ന്ന് ചികിത്സയ്ക്കായി പേരറിവാളന്‍ നിലവില്‍ പരോളിലാണ്.
പൊള്ളാതവന്‍, ആടുകളം, വിസാരണൈ, വടചെന്നൈ, അസുരന്‍ സിനിമകളുടെ സംവിധായകനാണ് വെട്രിമാരന്‍. വിടുതലൈ, വാടിവാസല്‍ എന്നിവയാണ് പുറത്തിറങ്ങാനുള്ള സിനിമകള്‍.
Content Highlights: vetrimaran to make a movie on arputhammal, mother of perarivalan, rajiv Gandhi assassination convict
Content Highlights: