മേലില്‍ ഒരാണിന്റേയും നേരെ ഉയരില്ല നിന്റെ കൈ എന്ന ഡയലോഗ്, അതിനുശേഷമാണ് 'കൈ ഉയരാൻ' തുടങ്ങിയതെന്ന് വാണി

ത്രില്ലിങ് ആക്ഷന്‍ സീനുകളും പഞ്ചിങ് ഡയലോഗുകളും കൊണ്ട് മലയാളി പ്രേക്ഷകരെ ആരാധകരാക്കി മാറ്റിയ നടിയാണ് വാണി വിശ്വനാഥ്. കുടുംബജീവിത്തിന് മുന്‍തൂക്കം കൊടുത്തുകൊണ്ട് ഏറെക്കാലം സിനിമയില്‍ നിന്ന് മാറിനിന്നെങ്കിലും ഇപ്പോഴിതാ 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന സിനിമയിലൂടെ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് താരം. എം.എ നിഷാദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
1995ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ്-മമ്മൂട്ടി ചിത്രമായ ദി കിങ്ങില്‍ അസിസ്റ്റന്റ് കലക്ടര്‍ അനുരാ മുഖര്‍ജി ഐ.എ.എസായി അഭിനയിച്ചത് വാണി വിശ്വനാഥ് ആയിരുന്നു. സിനിമയെ കുറിച്ച് വാണി പറയുന്നു, 'കിങ് സിനിമയില്‍ മമ്മൂക്കയെ അടിക്കാനായി ഓങ്ങുമ്പോള്‍ മമ്മൂക്ക പറയുന്നുണ്ട് ഇനിയും നിന്റെ കൈ ഒരാണിന് നേരേയും ഉയരില്ല എന്ന്. പക്ഷെ ആ സിനിമയ്ക്ക് ശേഷമാണ് കൈ ഉയരാന്‍ തുടങ്ങിയത്.'
കരിയറില്‍ ലഭിച്ച പ്രത്യേക അഭിനന്ദനങ്ങളെക്കുറിച്ചും വാണി ഓര്‍ത്തെടുത്തു. ഒരിക്കല്‍ രവീന്ദ്രന് മാഷ് പറഞ്ഞിട്ടുണ്ട്, ഞാന്‍ വലിയ ഫാനാണ് എന്ന്. അതൊന്നും ഇപ്പോഴും മറക്കാന്‍ പറ്റില്ല, ഓര്‍ക്കുമ്പോള്‍ വലിയ സന്തോഷം തരുന്ന ഒന്നാണത്. അതുപോലെ ആന്റണി സാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ എനിക്കൊരു അവാര്‍ഡ് തന്നിരുന്നു. അപ്പോള്‍ പറഞ്ഞത് 'ഈ വാണി വിശ്വനാഥിനെ ഒന്ന് ജീവനോടെ കാണാനാണ് വന്നത്' എന്നാണ്. വലിയ സന്തോഷമാണ് അതെല്ലാം.
ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുമ്പോള്‍ എന്റെ സ്വന്തം സ്റ്റൈലുകള്‍ക്കപ്പുറത്ത് പലരേയും കൊണ്ടുവരാറുണ്ട്. അതില്‍ മോഹന്‍ലാല്‍ ഉണ്ടാവും മമ്മൂക്ക ഉണ്ടാവും രജനീകാന്ത് ഉണ്ടാവും പക്ഷെ ആര്‍ക്കും കണ്ടുപിടിക്കാനാവില്ല, അതൊക്കെ എന്റെ ഉള്ളിലുണ്ട്. എല്ലാക്കാലത്തും ഒരേ രീതിയിലുള്ള കഥാപാത്രങ്ങള്‍ തന്നെ ചെയ്യണം എന്നില്ല. മലയാളത്തില്‍ വ്യത്യസ്തമായ നല്ല ക്യാരക്ടറുകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. സിനിമ അഭിനയത്തില്‍ നിന്നും മാറിനിന്നെങ്കിലും ഞാന്‍ സിനിമയ്ക്കൊപ്പം തന്നെയുണ്ടായിരുന്നു. എല്ലാ സിനിമകളും കാണാറുണ്ട്. മലയാള സിനിമ കഴിഞ്ഞിട്ടേ മറ്റേതെങ്കിലും ഒന്ന് കാണാന്‍ പോവാറുള്ളൂ.
സിനിമ മിസ് ചെയ്തിട്ടില്ല, അതിന് ചാന്‍സ് കിട്ടിയില്ല. സിനിമയേക്കാള്‍ സന്തോഷമുള്ള കാര്യമാണ് എനിക്ക് എന്റെ മക്കള്‍. അവരുടെ കാര്യങ്ങള്‍ നോക്കുന്നതിന്റെ ഇടയില്‍ എനിക്ക് മിസ്സ് ചെയ്യാന്‍ അവസരം കിട്ടിയിട്ടില്ല അതുകൊണ്ട്. വാണി വിശ്വനാഥ് പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു വാണി സിനിമയെ കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും പങ്കുവെച്ചത്.
Content Highlights: vani viswanath oru anweshanathinte thudakkam movie