വിഖ്യാത അമേരിക്കൻ റാപ്പറും ഗ്രാമി ജേതാവുമായ കൂലിയോ അന്തരിച്ചു

ലോസ് ആഞ്ലിസ്: പ്രശസ്ത അമേരിക്കൻ റാപ്പറും ഗ്രാമി പുരസ്കാര ജേതാവുമായി കൂലിയോ (59) അന്തരിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തും ദീർഘനാളായുള്ള മാനേജരുമായ ജാരെസ് പോസി വാർത്താ ഏജൻസിയായ എ.എഫ്.പിയോട് ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ ഗായകന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കാൻ മാനേജർ തയ്യാറായിട്ടില്ല.
ബുധനാഴ്ചക്ക് ശേഷം ഒരു സുഹൃത്തിന്‍റെ വീട്ടിലെ കുളിമുറിയില്‍ കൂലിയോയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് മാനേജർ സെലിബ്രിറ്റി ന്യൂസ് വെബ്‌സൈറ്റായ ടി.എം.ഇസിനോട് പറഞ്ഞു. ഗായകന്റെ മരണകാരണം ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.
ആർട്ടിസ് ലിയോൺ ഐവി ജൂനിയർ എന്നാണ് കൂലിയോയുടെ യഥാർത്ഥ പേര്. 80കളിലായിരുന്നു റാപ്പ് സംഗീത ലോകത്തേക്കുള്ള കൂലിയോയുടെ വരവ്. 1995-ൽ പുറത്തിറങ്ങിയ ഡേഞ്ചറസ് മൈൻഡ്സ് എന്ന ചിത്രത്തിലെ ഗാങ്സ്റ്റാസ് പാരഡൈസ് പുറത്തിറങ്ങിയതോടെയാണ് കൂലിയോ ലോകശ്രദ്ധയാകർഷിക്കുന്നത്.
റാപ്പ് സംഗീത മേഖലയിലെ ക്ലാസിക് ആയി വിശേഷിപ്പിക്കപ്പെടുന്ന ഈ ഗാനത്തിലൂടെ ആ സമയത്തെ മികച്ച റാപ് സോളോ പ്രകടനത്തിനുള്ള ഗ്രാമി പുരസ്കാരവും കൂലിയോയെ തേടിയെത്തി. ലോകമെമ്പാടും ഗാങ്സ്റ്റാസ് പാരഡൈസിന്റെ മില്ല്യൺ കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. 1995-ൽ ബിൽബോർഡ് തയ്യാറാക്കിയ പട്ടികയിൽ ഒന്നാമതെത്തിയ ഗാനമായും ഗാങ്സ്റ്റാസ് പാരഡൈസ് മാറി.
Content Highlights: us rapper coolio passed away manager confirmed, gangsta's paradise singer dies