ഗോഡ്ഫാദറില്ലാതെ പൊരുതി ജയിച്ച നടന്; ഉണ്ണിമുകുന്ദനെ പ്രശംസിച്ച് സിബി മലയില്, വികാരാധീനനായി നടന്

നടന് ഉണ്ണി മുകുന്ദനെ പ്രശംസിച്ച് സംവിധായകന് സിബി മലയില്. ലോഹിതദാസിന്റെ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കേണ്ട നടനാണ് ഉണ്ണി മുകുന്ദനെന്നും എന്നാല്, ലോഹിതദാസ് വിടവാങ്ങിയ പശ്ചാത്തലത്തില് അതിന് സാധിച്ചില്ലെന്നും സിബി മലയില് വെളിപ്പെടുത്തി. എന്നിട്ടും തളരാതെ മുന്നോട്ട് പോയ നടനാണ് ഉണ്ണി മുകുന്ദന്. കൊച്ചി നിയോ സ്കൂളിലെ ഒരു പരിപാടിയില് സംസാരിക്കുകയായിരുന്നു സംവിധായകന്. ഉണ്ണി മുകുന്ദന് ആയിരുന്നു ചടങ്ങില് മുഖ്യാതിഥി.
''നിങ്ങള്ക്ക് എല്ലാവര്ക്കും അറിയാം ഞാനും ലോഹിതദാസും തമ്മിലുള്ള ബന്ധത്തിന്റെ കഥകള്. അദ്ദേഹം വിട്ടുപിരിയുന്നതിന് മൂന്നാഴ്ച മുന്പ് ഒരു വലിയ ഇടവേളയ്ക്കു ശേഷം ഞങ്ങള് ഒരുമിച്ച് ചെയ്യാന് പോകുന്ന ഒരു സിനിമയുടെ ചര്ച്ചയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ലക്കിടിയിലെ വീട്ടില് ഒരു പകല് മുഴുവന് ഞങ്ങള് ഒരുമിച്ച് ഉണ്ടായിരുന്നു. അന്ന് അദ്ദേഹം എന്നോടു പറഞ്ഞു, താന് ഒരു ചെറുപ്പക്കാരനെ കണ്ടെത്തിയിരിക്കുകയാണെന്നും അയാളെ വച്ച് ഒരു സിനിമ ചെയ്യാന് പോവുകയാണെന്നും. അദ്ദേഹം വളരെ പ്രതീക്ഷയോടെയാണ് ഈ ചെറുപ്പക്കാരനെക്കുറിച്ച് പറഞ്ഞത്.
"ഈ ചെറുപ്പക്കാരന് തന്റെ സിനിമയിലെ ഒരു പ്രധാനപ്പെട്ട വേഷത്തിലൂടെ വരണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. പക്ഷേ, മൂന്നാഴ്ച കഴിഞ്ഞ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി ലോഹിതദാസ് പോയി. അന്ന് മരണവീട്ടിലെ സന്ധ്യയില് ഒരാള് എന്റെ അടുത്തേക്ക് വന്നു, 'സര് ഞാനാണ് ഉണ്ണി മുകുന്ദന്. ലോഹി സാറിന്റെ സിനിമയില് അഭിനയിക്കാനായി കാത്തിരിക്കുകയായിരുന്നു, ഒറ്റ ദിവസം കൊണ്ട് ആ പ്രതീക്ഷകള് ഇല്ലാതെയായി.' അന്നാണ് ഞാന് ഉണ്ണി മുകുന്ദനെ ആദ്യമായി കാണുന്നത്.
"ഒരു മനുഷ്യനെ ഏറ്റവും നിരാശപ്പെടുത്തുന്ന, സങ്കടപ്പെടുത്തുന്ന തോറ്റു പോയെന്ന നിമിഷത്തിലാണ് ഉണ്ണിയെ കണ്ടുമുട്ടിയത്. പക്ഷേ, അയാള് അവിടെ തോറ്റ് പിന്മാറാന് തയ്യാറായില്ല. പകരം താനൊരു ഒരു ഫൈറ്റര് ആണെന്ന് ബോധ്യപ്പെടുത്തി. എല്ലാ പ്രതികൂലങ്ങളെയും മറികടന്ന് ഒരു ഗോഡ്ഫാദറിന്റെയും പിന്ബലമില്ലാതെ സ്വയം പൊരുതി ജയിച്ച് ഇവിടെ ഇരിക്കുന്ന ആളാണ് ഉണ്ണി മുകുന്ദന്.
"ഇവിടെ അതിഥിയായി ആരെ വേണമെങ്കിലും കൊണ്ടുവരാം. പക്ഷേ, ഉണ്ണിയെ അതിഥിയായികൊണ്ടുവരാന് കുറേ കാരണങ്ങളുണ്ട്. രണ്ട് മൂന്ന് വര്ഷങ്ങള്ക്കിടയില് ഉണ്ണി ചെറുപ്പക്കാര്ക്കിടയില് സൃഷ്ടിച്ചെടുത്ത ഇമേജുണ്ട്. ഒരാളുടെ പിന്ബലവും ഇല്ലാതെ സ്വന്തമായി ഫൈറ്റ് ചെയ്ത് നേടിയെടുത്ത നേട്ടമാണത്. എന്നെ വിസ്മയിപ്പിക്കുന്ന ഏതെങ്കിലും സിനിമയോ പ്രകടനമോ കണ്ടാല് ഞാന് അവരെ വിളിച്ച് അഭിനന്ദിക്കാറുണ്ട്. മേപ്പടിയാന് സിനിമ ഒ.ടി.ടിയിലാണ് കാണുന്നത്. കണ്ടു കഴിഞ്ഞപ്പോള് തന്നെ ഞാന് ഉണ്ണിക്കു മെസേജ് അയച്ചു. രണ്ട് ദിവസം മറുപടിയൊന്നും ലഭിച്ചില്ല. തിരക്കിനിടയില് എന്റെ മെസേജ് കണ്ടിട്ടുണ്ടാകില്ല എന്നു വിചാരിച്ചു. പക്ഷേ, മൂന്ന് ദിവസം കഴിഞ്ഞ് വേറൊരു നമ്പറില് നിന്നും ഉണ്ണി എന്നെ വിളിച്ചു. അത് എന്റെ പഴയ നമ്പറാറെന്നും അത് ഉപയോഗിക്കുന്നത് അസിസ്റ്റന്റ്സ് ആണെന്നും പറഞ്ഞു. ഇത്രയും ദിവസം താമസിച്ചതില് ക്ഷമ പറയുന്നുവെന്നും ഉണ്ണി എന്നോടു പറഞ്ഞു. പിന്നീട് ഞങ്ങള് ഒരുപാട് നേരം സംസാരിച്ചു.
"മേപ്പടിയാന് സിനിമ നിര്മിക്കാനും അതില് അഭിനയിക്കാനും ഉണ്ണി കാണിച്ച ഒരു ആത്മവിശ്വാസമുണ്ട്. ആ കഥയോടുള്ള വിശ്വാസമാണത്. കണ്ട ഓരോരുത്തരുടെയും മനസ്സിനെ ഉലയ്ക്കുന്ന രീതിയിലുള്ള കഥയാണ് ആ സിനിമയുടേത്. അത് ഏറ്റവും നന്നായി ചെയ്യാന് ഉണ്ണിക്ക് സാധിച്ചു. ആക്ഷന് ഹീറോ ഇമേജില്നിന്ന് മാറി, കിട്ടിയ അവസരത്തെ നന്നായി ഉപയോഗിക്കാന് ഉണ്ണിക്ക് കഴിഞ്ഞു. ഏറ്റവുമൊടുവില് മാളികപ്പുറത്തിലൂടെ മികച്ച അഭിനേതാവു കൂടിയാണെന്നും അദ്ദേഹം തെളിയിച്ചു. കേരളത്തിലെ ഒരു വലിയ താരത്തിന്റെ വളര്ച്ചയിലെ ഏറ്റവും പ്രധാന ഘട്ടത്തിലൂടെയാണ് ഉണ്ണി കടന്നുപോകുന്നത്. ആ യാത്ര ഏത്രയും വേഗം സാധിക്കട്ടെയെന്ന് ആശംസിക്കുന്നു."- സിബി മലയില് പറഞ്ഞു.
Content Highlights: Unni Mukundan, sibi malayail praises actor, Meppadiyan film, malikappuram