‘എന്റെ പുസ്തകം ഓർത്തതിന്, പടത്തിന് ആ പേരിട്ടതിന്’; ഉന്മാദം തിരക്കഥാകൃത്തിന് നന്ദി പറഞ്ഞ് എഴുത്തുകാരൻ

കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ആദ്യമായി ഒന്നിച്ച ചിത്രമാണ് 'ഉന്മാദം'. ഇക്കഴിഞ്ഞ ദിവസം ആയിരുന്നു ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്. മികച്ച പ്രേക്ഷകപിന്തുണ നേടി മുന്നേറുന്ന ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചിത്രത്തിന്റെ പേരിന് പിന്നിലെ കഥയാണ് ആരാധകർ ഏറ്റെടുത്തത്.
'ഉന്മാദം: അബോധത്തിന്റെ മഹോത്സവം' എന്ന എൻ.പി. സജീഷിന്റെ പുസ്തകത്തിൽനിന്നാണ് ചിത്രത്തിന്റെ പേര് എടുത്തതെന്ന് തിരക്കഥാകൃത്ത് ഷാഹി കബീർ പറഞ്ഞിരുന്നു. ഷാഹിക്കുള്ള നന്ദി അറിയിച്ചുകൊണ്ട് സജീഷ് പങ്കിട്ട പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
'ഉന്മാദം: അബോധത്തിന്റെ മഹോത്സവം' എന്നായിരുന്നു പുസ്തകത്തിന്റെ പേര്. 21 വർഷങ്ങൾക്കു മുമ്പ് എഴുതിയതാണ്. 2005 മേയിലാണ് ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചത്. സുഹൃത്ത് ഷാനവാസുമായി ചേർന്ന് തയ്യാറാക്കിയ പുസ്തകം 'പ്രണത'യാണ് പ്രസിദ്ധീകരിച്ചത്. ഷാഹി വീഡിയോയിൽ പറയുന്നതുപോലെ കലാകാരന്മാരുടെയും കവികളുടെയും എഴുത്തുകാരുടെയും ഉന്മാദമായിരുന്നു ഉള്ളടക്കം. ദാലിയും നീത്‌ഷെയും ഡിലൻ തോമസും എലിയറ്റും മോപ്പസാങ്ങും മിഷിമയും ബഷീറും സഞ്ചരിച്ച സർഗാത്മക ഉന്മാദത്തിന്റെ വഴുക്കുന്ന വഴികൾ.
ഷാഹിയുടെ 'ഉന്മാദം' കണ്ടു. എനിക്കിഷ്ടമായി. അടിസ്ഥാനപരമായി എഴുത്തുകാർ ഭൂതദയയുള്ളവരാണ്. വ്യവസ്ഥിതിയും അധികാരവും മനുഷ്യരെ അങ്ങനെയല്ലാതാവാൻ പരുവപ്പെടുത്തുന്നുണ്ട്. മനഃസാക്ഷിയുള്ള ഒരാൾ നിർദ്ദയമായ പോലീസ് സംവിധാനത്തിനുള്ളിലിരിക്കെ എഴുത്തുകാരനാവാൻ ശ്രമിച്ചാൽ... അതാണ് ഷാഹിയുടെ കഥ. കിരൺ ദാസ് അത് നന്നായി തിരശ്ശീലയിലേക്ക് പകർത്തിയിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ ആ ആന്തരിക സംഘർഷങ്ങളെ സ്വാഭാവികമായി അവതരിപ്പിച്ചിട്ടുമുണ്ട്- സജീഷ് പറയുന്നു.
പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിർമാണ സംരംഭമായ 'ഉന്മാദം' ശ്രദ്ധേയ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കൂടിയാണ്. തീർത്തും വേറിട്ടൊരു പോലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്റേത് എന്നാണ് തിയേറ്റർ ടോക്ക്. ഒരു സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാൽ പ്രശ്നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
ദേശീയ പുരസ്‌കാര ജേതാവുകൂടിയായ ഷാഹി കബീർ 'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബുമോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണിലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്‌ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്‌നേശ്വർ സുരേഷ് തുടങ്ങിയ വൻതാരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിച്ചിരിക്കുന്നതാണ് ചിത്രം.
ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി- സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിച്ചിരിക്കുന്ന 'ഉന്മാദം' നിർമാണം നിർവ്വഹിച്ചിരിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമാതാക്കളും അഭിനവ് മെഹ്റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്.
ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, സംഗീതം: മുജീബ് മജീദ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.
Content Highlights: The movie title 'Unmadam' is inspired by NP Sajeesh's 2005 book 'Unmadam: Abodhatinte Maholsavam'. Kunchacko Boban and Lijomol Jose star in the lead roles of this police drama. The film marks the directorial debut of renowned editor Kiran Das. NP Sajeesh praised the film's screenplay and Kunchacko Boban's performance. The film is produced by Panorama Studios and T-Series