രാജ്കുമാർ റാവുവിന് വേണമെങ്കിൽ ഇനി എനിക്കുപകരം കോടതിയിൽപ്പോയി വാദിക്കാം; പ്രശംസയുമായി ഉജ്ജ്വൽ നികം

മുംബൈ ഭീകരാക്രമണ കേസിൽ അജ്മൽ കസബിനെതിരെയുള്ള വിചാരണയ്ക്ക് നേതൃത്വം നൽകിയ പ്രമുഖ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉജ്ജ്വൽ നികം. അദ്ദേഹത്തിന്റെ ജീവിതത്തെയും നിയമപോരാട്ടങ്ങളെയും ആസ്പദമാക്കി നിർമ്മിക്കുന്ന പ്രഹാർ: ദി അൺടോൾഡ് സ്റ്റോറി ഓഫ് ഉജ്ജ്വൽ നികം എന്ന ബയോപിക്കിൽ രാജ്കുമാർ റാവുവാണ് നികമായി വേഷമിടുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ രാജ്കുമാർ റാവുവിന്റെ അഭിനയത്തെയും ശരീരഭാഷയെയും വാനോളം പ്രശംസിച്ചിരിക്കുകയാണ് ഉജ്ജ്വൽ നികം. തന്റെ കഥാപാത്രത്തെ അത്രയധികം തന്മയത്വത്തോടെയാണ് റാവു അവതരിപ്പിച്ചിരിക്കുന്നതെന്ന് നികം വ്യക്തമാക്കി.
തന്റെ ബയോപിക് നിർമ്മിക്കുന്നതിന് മുൻപ് ചില പ്രധാന നിബന്ധനകൾ വെച്ചിരുന്നതായി 'ഇന്ത്യ ടുഡേ കോൺക്ലേവ് മുംബൈ 2026'-ൽ ഉജ്ജ്വൽ നികം വെളിപ്പെടുത്തി. താനുൾപ്പെടെയുള്ള ഒരു കഥാപാത്രത്തെയും അനാവശ്യമായി മഹത്വവൽക്കരിക്കരുത് എന്നതായിരുന്നു തന്റെ ആദ്യ നിബന്ധന എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, സിനിമയിൽ കഥാപാത്രങ്ങളുടെ യഥാർത്ഥ പേരുകൾ തന്നെ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സാധാരണയായി ശാന്തനും സൗമ്യമായി സംസാരിക്കുന്നതുമായ സ്വഭാവക്കാരനാണ് രാജ്കുമാർ റാവുവെങ്കിലും, സിനിമയിൽ തന്നെപ്പോലെ തന്നെയാണ് അദ്ദേഹം ജീവിച്ചതെന്ന് നികം കൂട്ടിച്ചേർത്തു.
"ഉജ്ജ്വൽ നികമായിതന്നെ ജീവിച്ച മിസ്റ്റർ രാജ്കുമാർ റാവുവിനെ ഞാൻ അഭിനന്ദിക്കുന്നു. എന്റെ സഹപ്രവർത്തകർ അദ്ദേഹത്തിന്റെ പ്രകടനത്തെ പ്രശംസിച്ചു. സിനിമ കണ്ട പല വക്കീലന്മാരും അദ്ദേഹം എന്റെകൂടെയാണോ താമസിച്ചിരുന്നത് എന്ന് എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു, 'ഇല്ല, അദ്ദേഹം ഒരു ദിവസം പോലും എന്നോടൊപ്പം താമസിച്ചിട്ടില്ല'. കാരണം രാജ് സാധാരണയായി വളരെ നിശബ്ദനാണ്, മൃദുവായി സംസാരിക്കുന്നയാളുമാണ്. ഞാൻ അദ്ദേഹത്തെ പൂർണ്ണമായും സാക്ഷ്യപ്പെടുത്തുന്നു, എനിക്ക് പകരം കോടതിയിൽ പോകാൻപോലും അദ്ദേഹത്തിന് സാധിക്കും," ഉജ്ജ്വൽ നികം പ്രശംസിച്ചു.
ഇന്ത്യയിലെ ശ്രദ്ധേയമായ പല പ്രമുഖ കേസുകളിലും സർക്കാരിനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകനാണ് ഉജ്ജ്വൽ നികം. 2008-ലെ മുംബൈ ഭീകരാക്രമണത്തിൽ ജീവനോടെ പിടിയിലായ ഏക ഭീകരൻ അജ്മൽ കസബിനെതിരായ വിചാരണയിൽ തെളിവുകൾ കൃത്യമായി ഹാജരാക്കി കസബിന് വധശിക്ഷ വാങ്ങിനൽകുന്നതിൽ നികമിന്റെ വാദങ്ങൾ നിർണ്ണായകമായിരുന്നു. ഇന്ത്യൻ നിയമ ചരിത്രത്തിലെയും ദേശീയ സുരക്ഷയിലെയും ഏറ്റവും പ്രധാനപ്പെട്ട കേസുകളിലൊന്നായിരുന്നു ഇത്. കോടതി വിചാരണ വേളയിൽ കസബ് നികമിനെ 'ബാദ്ഷാ' എന്നാണ് വിളിച്ചിരുന്നതെന്നും അദ്ദേഹം ഓർമ്മിച്ചു.
രാജ്കുമാർ റാവു പ്രധാന വേഷത്തിലെത്തുന്ന 'പ്രഹാർ' സിനിമയിൽ വാമിഖ ഗബ്ബി, സികന്ദർ ഖേർ, ജയ്ദീപ് അഹ്ലാവത്, നാസർ, ആശിഷ് വിദ്യാർത്ഥി എന്നിവരുൾപ്പെടെയുള്ള വലിയൊരു താരനിര അണിനിരക്കുന്നുണ്ട്. പുൽകിത് സംവിധാനം ചെയ്ത 'മാലിക്' എന്ന ചിത്രമായിരുന്നു രാജ്കുമാർ റാവുവിന്റെ അവസാനമായി തിയേറ്ററുകളിൽ പുറത്തിറങ്ങിയ ചിത്രം. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ബയോപിക്കായ 'ദാദ' എന്ന ചിത്രത്തിലാണ് രാജ്കുമാർ റാവു അടുത്തതായി അഭിനയിക്കുന്നത്.
Content Highlights: Speaking at the India Today Conclave Mumbai 2026, Special Public Prosecutor Ujjwal Nikam praised actor Rajkummar Rao's immersive performance in his biopic Prahaar: The Untold Story of Ujjwal Nikam, certifying that the actor captured his courtroom mannerisms so convincingly he could appear in court on his behalf.