‘നാളെ അയാൾക്കിത് ഓർമയുണ്ടാകുമോ’? സിനിമകൾക്ക് 100%തീരുവ പ്രഖ്യാപിച്ച ട്രംപിനെ പരിഹസിച്ച് സംവിധായകൻ

കബീർ ഖാൻ, ഡൊണാൾഡ് ട്രംപ് | Photos: AFP, AP
കബീർ ഖാൻ, ഡൊണാൾഡ് ട്രംപ് | Photos: AFP, AP

അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും നൂറ് ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന തീരുമാനം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപ് കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. വിദേശ സിനിമകള്‍ അമേരിക്കന്‍ സിനിമാ വ്യവസായത്തെ മോഷ്ടിക്കുന്നു എന്ന് ആരോപിച്ചാണ് ട്രംപ് തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിന്റെ പ്രായോഗികതയെ ചോദ്യം ചെയ്യുകയാണ് ബോളിവുഡ് സംവിധായകന്‍ കബീര്‍ ഖാന്‍.

ട്രംപിന്റെ പ്രഖ്യാപനം എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്നാണ് കബീര്‍ ഖാന്‍ ചോദിക്കുന്നത്. 'യുഎസ്സിന് പുറത്ത് നിര്‍മിക്കുന്ന സിനിമകള്‍' എന്നത് കൊണ്ട് ട്രംപ് എന്താണ് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. എന്‍ഡിടിവിയോടാണ് കബീര്‍ ഖാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

'യുഎസ്സിന് പുറത്ത് നിര്‍മിക്കുന്ന സിനിമകള്‍ എന്നത് കൊണ്ട് ട്രംപ് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് ഒരു ധാരണയുമില്ല. ഓരോ നിമിഷത്തിലും ഹോളിവുഡ് സിനിമ യുഎസ്എയ്ക്ക് പുറത്ത് ചിത്രീകരിക്കപ്പെടുന്നുണ്ട്. വിഎഫ്എക്‌സ് ചെയ്യുന്നത് യുഎസ്സിന് പുറത്താണ്.' -കബീര്‍ ഖാന്‍ പറഞ്ഞു.

'എന്തിനുമേലാണ് താരിഫ് ചുമത്തുന്നത്? ടിക്കറ്റ് വിലയിലാണോ? ട്രംപ് നടത്തിയ പ്രസ്താവന മനസിലാക്കാന്‍ കഴിയാത്ത വിധം പരന്നതാണ്. ആദ്യം നോക്കേണ്ടത് നാളെ ഉണരുമ്പോള്‍ ഇക്കാര്യം അയാള്‍ ഓര്‍ക്കുമോ എന്നതാണ്.' -കബീര്‍ ഖാന്‍ പരിഹസിച്ചു.

അതേസമയം എങ്ങനെയാണ് ഈ താരിഫ് നടപ്പാക്കുകയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല. വാര്‍ണര്‍ ബ്രോസ്, ഡിസ്‌കവറി, കോംകാസ്റ്റ്, പാരാമൗണ്ട് സ്‌കൈഡാന്‍സ്, നെറ്റ്ഫ്ളിക്സ് ഉള്‍പ്പടെയുള്ള കമ്പനികള്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന സിനിമകള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള പദ്ധതി മേയില്‍ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ വാണിജ്യ വകുപ്പിനും യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസെന്ററ്റീവിനും അദ്ദേഹം അധികാരം നല്‍കുകയും ചെയ്തു.

Content Highlights: Kabir Khan Reacts To US President Donald Trump's Announcement Of 100% Tariff On Movies Made Outside America