ബൈക്കോടിച്ചുകൊണ്ട് അഭിമുഖം, ഹെൽമറ്റും വെച്ചില്ല; നടൻ പ്രശാന്തിന് പിഴ, ഒടുവിൽ മാപ്പ്

ഏറെ നാളുകൾ വൈകി തിയേറ്ററുകളിലെത്തുന്ന പ്രശാന്ത് ചിത്രമാണ് അന്ധഗൻ. അന്ധഗന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിന്റെ പേരിൽ ഒരു പ്രശ്നത്തിലകപ്പെട്ടു നടൻ പ്രശാന്ത്. ബൈക്കോടിച്ചുകൊണ്ട് ഇന്റർവ്യൂവാണ് താരത്തെ വെട്ടിലാക്കിയത്. ഒടുവിൽ ഫൈനടച്ച് മാപ്പുപറഞ്ഞാണ് പ്രശാന്ത് തടിയൂരിയത്.
അന്ധഗന്റെ പ്രചാരണത്തിന്റെ ഭാഗമായി തമിഴ് യൂട്യൂബ് ചാനലായ ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖമാണ് പ്രശാന്തിന് വിനയായത്. അഭിമുഖത്തിൽ പ്രശാന്ത് ബൈക്കോടിക്കുകയാണ്. അതും ഹെൽമറ്റ് ധരിക്കാതെ. അവതാരക പിന്നിൽ ഇരിക്കുകയും ചെയ്യുന്നു. ആദ്യമായി ബൈക്ക് ഓടിക്കാൻ പഠിച്ചതിനേക്കുറിച്ചും മറ്റുമാണ് അഭിമുഖത്തിൽ താരം പറയുന്നത്. ഈ അഭിമുഖം വൈറലായതിനേത്തുടർന്ന് ചില എക്സ് ഉപഭോക്താക്കൾ ചെന്നൈ ട്രാഫിക് പോലീസിനെ സോഷ്യൽ മീഡിയയിൽ ടാഗ് ചെയ്യുകയായിരുന്നു.
ഈ വിഷയം ഗൗരവമായെടുത്ത ചെന്നൈ ട്രാഫിക് പോലീസ് പ്രശാന്തിനും അവതാരകയ്ക്കുമെതിരെ ഹെൽമറ്റ് ധരിക്കാത്തതിന് 2000 രൂപ പിഴ ഈടാക്കുകയാണ് ചെയ്തത്. ഈ വിഷയത്തിൽ പിന്നീട് വിശദീകരണവുമായി പ്രശാന്ത് തന്നെയെത്തി.
"ഞങ്ങൾ ബൈക്കിൽ ഒരു അഭിമുഖം ചെയ്തിരുന്നു. ഞങ്ങൾ ഹെൽമറ്റ് ധരിക്കാതിരുന്നത് നിങ്ങൾ കണ്ടിരിക്കും. അത് ആ ഷോയ്ക്കുവേണ്ടി മാത്രമായിരുന്നു. പക്ഷേ നിങ്ങൾ വാഹനമോടുക്കുമ്പോൾ തീർച്ചയായും ഹെൽമറ്റ് ധരിക്കണം. ഞാനെപ്പോഴും വാദിക്കുന്ന കാര്യമാണിത്. അഭിമുഖത്തിനിടെ ഹെൽമറ്റ് ധരിച്ചാൽ ഞങ്ങൾ പറയുന്നത് കേൾക്കാൻ കഴിയില്ല എന്നതിനാലാണ് അതൊഴിവാക്കിയത്. സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകേണ്ടത്. ഹെൽമറ്റ് ധരിക്കൂ, സുരക്ഷിതരാവൂ." പ്രശാന്ത് പറഞ്ഞു.
ഈ മാസം 9-നാണ് അന്ധഗൻ റിലീസ് ചെയ്യുന്നത്. ബോളിവുഡിലെ സൂപ്പർഹിറ്റ് ചിത്രം അന്ധാധുൻ-ന്റെ തമിഴ് റീമേക്ക് ആണ് ചിത്രം. ഓഗസ്റ്റ് 15-ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് നേരത്തെയാക്കുകയായിരുന്നു. പ്രിയ ആനന്ദ്, സിമ്രാൻ, സമുദ്രക്കനി എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ. വെങ്കട്ട് പ്രഭു സംവിധാനംചെയ്ത് വിജയ് നായകനാവുന്ന ദി ഗോട്ട് ആണ് പ്രശാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം.
Content Highlights: Actor Prashanth was fined for flouting taffic rules