കാമിയോ റോളിൽ പൃഥ്വിരാജും; ടൊവിനോ തോമസ് നായകനായ ‘പള്ളിച്ചട്ടമ്പി’ ജൂലൈ 24 മുതൽ സോണി ലിവിൽ

#മൂവി ഡെസ്ക്
പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ടൊവിനോ തോമസ് ചിത്രം ‘പള്ളിച്ചട്ടമ്പി’ ജൂലൈ 24 മുതൽ സോണി ലിവിലൂടെ പ്രേക്ഷകരിലേക്കെത്തുന്നു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് എസ്. സുരേഷ് ബാബു തിരക്കഥ ഒരുക്കിയ ഈ പീരിയഡ് ആക്ഷൻ ഡ്രാമ ചരിത്രവും രാഷ്ട്രീയവും വികാരവും ആവേശകരമായ ആക്ഷൻ രംഗങ്ങളും സമന്വയിപ്പിച്ച അവതരണത്തിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ റിലീസുകളിലൊന്നായി മാറിയിരുന്നു.

1958-ലെ കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. മനോഹരമായ കുന്നിൻപ്രദേശമായ കാണിയാർ ഗ്രാമത്തിൽ വിശ്വാസവും രാഷ്ട്രീയവും അധികാരവും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്കിടയിൽ, ഒരു സാധാരണ ഗുണ്ടയിൽ നിന്ന് ഗ്രാമം ഭയപ്പെടുന്ന ‘പള്ളിച്ചട്ടമ്പി’യായി മാറുന്ന കൃഷ്ണപിള്ളയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ശക്തമായ വികാരങ്ങളും കോർത്തിണക്കുന്ന ചിത്രം ധൈര്യത്തിന്റെയും വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ്.

ടൊവിനോ തോമസിനും കയാദു ലോഹറിനുമൊപ്പം വിജയരാഘവൻ, ശത്രു, സിദ്ദിഖ്, ബാബുരാജ്, ടി. ജി. രവി, സുധീർ കരമന, ജോണി ആന്റണി, പ്രശാന്ത് അലക്സാണ്ടർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പൃഥ്വിരാജിന്റെ കാമിയോ റോളും ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്.

ഡിജിറ്റൽ റിലീസിനെക്കുറിച്ച് ടൊവിനോ തോമസ് പറഞ്ഞു: "കേരള ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ രൂപംകൊണ്ട ധൈര്യത്തിന്റെയും മാറ്റത്തിന്റെയും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെയും കഥയാണ് ‘പള്ളിച്ചട്ടമ്പി’. ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് എനിക്ക് ഏറെ സംതൃപ്തി നൽകിയ അനുഭവമായിരുന്നു. ഇപ്പോൾ സോണി ലിവിലൂടെ ലോകമെമ്പാടുമുള്ള കൂടുതൽ പ്രേക്ഷകരിലേക്ക് ചിത്രം എത്തുന്നതിൽ സന്തോഷമുണ്ട്. എന്റെ നിരവധി ചിത്രങ്ങൾക്ക് സോണി ലിവിലൂടെ മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. മലയാള സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുമായി ഈ പ്ലാറ്റ്ഫോം സൃഷ്ടിച്ച ബന്ധം ഏറെ വിലമതിക്കുന്നതാണ്. ഈ ആവേശകരവും വൈകാരികവുമായ യാത്ര പ്രേക്ഷകർ ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."

വേൾഡ് വൈഡ് ഫിലിംസിന്റെയും സി ക്യൂബ് ബ്രോസ് എന്റർടെയ്ൻമെന്റിന്റെയും ബാനറിൽ നൗഫൽ അഹമ്മദ്, ബൃജീഷ് മുഹമ്മദ്, സി. സി. സി. ബ്രദേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും ടിജോ ടോമി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

Content Highlights: The critically and commercially acclaimed Tovino Thomas starrer period action drama Pallichattambi, directed by Dijo Jose Antony, is all set for its digital premiere on SonyLIV on July 24, 2026.