ടൊവിനോയുടെ പിറന്നാൾ ദിനത്തിൽ അവതരിച്ച് ജതിൻ രാംദാസ്; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് എമ്പുരാൻ പോസ്റ്റർ

സോഷ്യല്‍ മീഡിയയെ ഒന്നാകെ ഇളക്കിമറിച്ച് എമ്പുരാനിലെ ടൊവിനോ തോമസിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍. ടൊവിനോയുടെ പിറന്നാള്‍ ദിവസമായ ചൊവ്വാഴ്ചയാണ് അണിയറക്കാര്‍ ജതിന്‍ രാംദാസിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ ടൊവിനോയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ട് പോസ്റ്റര്‍ തങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വഴി പങ്കുവെച്ചിട്ടുണ്ട്. ഒപ്പം ടൊവിനോയും ജതിന്‍ രാംദാസിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പങ്കുവെച്ചു.
'പവര്‍...ഇസ് ആന്‍ ഇല്യൂഷന്‍!' (അധികാരമെന്നതൊരു മിഥ്യയാണ്) എന്ന ടാഗ് ലൈനാണ് ജതിന്‍ രാംദാസിന് പോസ്റ്ററില്‍ നല്‍കിയിരുക്കുന്നത്. ലൂസിഫറില്‍ കുറച്ചുസമയം മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും വലിയ കൈയടി നേടിയ കഥാപാത്രമായിരുന്നു ജതിന്‍ രാംദാസ്. എമ്പുരാനിലേക്കെത്തുമ്പോള്‍ മുഴുനീളവേഷമാകും ടൊവിനോയുടെ കഥാപാത്രത്തിന്. കേരളത്തിന്റെ മുഖ്യമന്ത്രിയാണ് ചിത്രത്തില്‍ ജതിന്‍ രാംദാസ്.
പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന എല്‍2: എമ്പുരാന്‍ മാര്‍ച്ച് 27-നാണ് തിയേറ്ററുകളിലെത്തുക. എട്ട് സംസ്ഥാനങ്ങളിലും നാല് രാജ്യങ്ങളിലുമായി 14 മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന് തിരക്കഥയൊരുക്കിയത് മുരളി ഗോപിയാണ്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്, ഫാസില്‍, സാനിയ ഇയ്യപ്പന്‍, പൃഥ്വിരാജ്, നൈല ഉഷ, അര്‍ജുന്‍ ദാസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഫ്രഞ്ച് നടന്‍ എറിക് എബൗനി, ബ്രിട്ടീഷ് നടി ആന്‍ഡ്രിയ തിവദാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള വിദേശതാരങ്ങളും ചിത്രത്തില്‍ എത്തുന്നുവെന്നാണ് വിവരം.
Content Highlights: Happy Birthday Tovino Thomas! Poster of Jathin Ramdas from L2: Empuran hits social media