യവനകഥയിൽനിന്നുവന്ന ഇടയകന്യക, 'അന്ന' ബിഗ്സ്ക്രീനിലേക്ക്, അവകാശം സ്വന്തമാക്കി ടോമിച്ചൻ മുളകുപാടം

മലയാളസിനിമയിലെ ആദ്യ 100 കോടി കളക്ഷൻ ചിത്രമായ പുലിമുരുകന്റെ പത്താം വാർഷികത്തിൽ പുത്തൻ പ്രഖ്യാപനവുമായി നിർമാതാവ് ടോമിച്ചൻ മുളകുപാടം. വർഷങ്ങൾക്കുമുൻപ് മുടങ്ങിപ്പോയ അന്ന എന്ന ചിത്രത്തിന്റെ അവകാശം ടോമിച്ചന്റെ ഉടമസ്ഥതയിലുള്ള മുളകുപാടം ഫിലിംസ് സ്വന്തമാക്കി. അദ്ദേഹംതന്നെയാണ് ഇക്കാര്യം അറിയിച്ചത്. കാലാനുസൃത മാറ്റങ്ങളോടെയാണ് ചിത്രം എത്തുക. അന്നയുടെ കഥയും അതിനോടൊപ്പമുള്ള ഓർമ്മകളും വീണ്ടും പുതിയ തലമുറയിലേക്ക് പുതിയ രചയിതാക്കളിലൂടെ എത്തിക്കണമെന്ന ആഗ്രഹത്തിലാണ് ഈ ശ്രമമെന്നാണ് നിർമാതാവ് അറിയിച്ചത്.
"മലയാള സിനിമയുടെ കച്ചവട സമവാക്യങ്ങൾ തിരുത്തിയ പുലിമുരുകൻ്റെ പത്താം വാർഷികത്തിൽ ഒരു പുതിയ യാത്രയുടെ പ്രഖ്യാപനം... 90-കളിൽ ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ പൂർത്തിയാകാതെ പോയ ‘അന്ന’ എന്ന സിനിമയുടെ അവകാശം സ്വന്തമാക്കിയ വിവരം സന്തോഷത്തോടെ പങ്കുവയ്ക്കുകയാണ്.
വർഷങ്ങൾക്കിപ്പുറം ചിത്രത്തിലെ ‘യവനകഥയിലെ ഇടയകന്യകേ’ എന്ന ഗാനം ബെത്‍ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിൽ തരംഗമായപ്പോൾ, ‘അന്ന’ എന്ന സിനിമയെക്കുറിച്ചും ഒരുപാട് അന്വേഷണങ്ങളും ചർച്ചകളും ഉണ്ടായി.
ആ സിനിമയുടെ കഥയും അതിനോടൊപ്പമുള്ള ഓർമ്മകളും വീണ്ടും പുതിയ തലമുറയിലേക്ക് പുതിയ രചയിതാക്കളിലൂടെ എത്തിക്കണമെന്ന ആഗ്രഹത്തിലാണ് ‘അന്ന’യുടെ നിർമ്മാണാവകാശം ഏറ്റെടുത്തിരിക്കുന്നത്.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ ഒരു സിനിമയ്ക്ക് ഒരു പുതിയ തുടക്കം... ചിത്രത്തിൻ്റെ സംവിധായകനും താരങ്ങളും ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ പിന്നീട് അറിയിക്കും. ഇപ്പോൾ അതേക്കുറിച്ച് കൂടുതൽ പറയുന്നില്ല. കുറച്ച് കാര്യങ്ങൾ നിങ്ങളിലേക്ക് എത്താൻ സമയമെടുക്കട്ടെ...
മുളകുപാടം ഫിലിംസിലൂടെ ‘അന്ന’ വീണ്ടും വെള്ളിത്തിരയിലേക്ക്. നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു." ടോമിച്ചൻ മുളകുപാടത്തിന്റെ കുറിപ്പ് ഇങ്ങനെ.
അരവിന്ദ് സ്വാമിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യാനിരുന്ന എൻ. മോഹനന്റെ നടക്കാതെ പോയ ചിത്രമാണ് ‘അന്ന’. ഔസേപ്പച്ചനായിരുന്നു സംഗീതസംവിധാനം. പ്രധാന താരങ്ങളുടെ ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാലും മറ്റു പല സാങ്കേതിക കാരണങ്ങളാലും 30 വർഷം മുൻപ് മുടങ്ങി പോയ ചിത്രം ‘ബെത്‍ലഹേം കുടുംബ യൂണിറ്റ്’ ഇറങ്ങിയതോടെയാണ് വീണ്ടും ചർച്ചയായത്. അന്നയ്ക്കുവേണ്ടി ഒരുക്കിയ യവനകഥയിൽ നിന്നുവന്ന എന്ന ഗാനം ഈ ചിത്രത്തിൽ ഉൾപ്പെടുത്തുകയും വൈറലാകുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെയാണിപ്പോൾ ടോമിച്ചൻ മുളകുപാടം തിരക്കഥയുടെ അവകാശം സ്വന്തമാക്കിയത്.
Content Highlights: On the 10th anniversary of Pulimurugan, producer Tomichan Mulakuppadam announced that Mulakuppadam Films has acquired the rights to the shelved 1990s movie Anna, bringing the project back to life for a modern audience with new writers.