'ടൈം 100 നെക്സ്റ്റ്: പട്ടികയിൽ തിളങ്ങി ദുൽഖർ, പാർവതി, കനി

രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന നൂറ് പ്രതിഭകളെ ആദരിക്കുന്നതിനായി 'ടൈം' മാസിക ആദ്യമായി പുറത്തിറക്കിയ 'ടൈം 100 നെക്സ്റ്റ്: ഇന്ത്യ' (TIME100 Next: India 2026) പട്ടികയിൽ ഇടം നേടി ദുൽഖർ സൽമാനും പാർവതി തിരുവോത്തും കനി കുസൃതിയും. കല, സിനിമ, സാമൂഹിക ഇടപെടലുകൾ എന്നിവയിലൂടെ ഇന്ത്യൻ സിനിമയ്ക്ക് പുതിയ ദിശാബോധം നൽകുന്ന താരങ്ങളെ പ്രമുഖ ചലച്ചിത്ര പ്രവർത്തകർ തന്നെയാണ് ടൈം മാഗസിനിൽ പരിചയപ്പെടുത്തിയിരിക്കുന്നത്.
ബോളിവുഡ് ഇതിഹാസ താരം അനിൽ കപൂറാണ് ദുൽഖർ സൽമാനെക്കുറിച്ച് ടൈം മാഗസിനിൽ കുറിപ്പെഴുതിയത്. മമ്മൂട്ടിയുടെ മകൻ എന്ന വലിയ പാരമ്പര്യവും പ്രതീക്ഷകളും നിലനിൽക്കെത്തന്നെ, സ്വന്തം ബോധ്യങ്ങളിൽ ഉറച്ചുനിന്ന് വിവിധ ഭാഷകളിൽ തന്റേതായ ഇടം കണ്ടെത്താൻ ദുൽഖറിന് സാധിച്ചുവെന്ന് അനിൽ കപൂർ പ്രശംസിച്ചു. നിർമാതാവെന്ന നിലയിൽ പുതിയ പ്രതിഭകൾക്ക് അവസരം നൽകാനും മികച്ച കഥകളെ പ്രോത്സാഹിപ്പിക്കാനും ദുൽഖർ കാണിക്കുന്ന ആർജവത്തെയും, തന്റെ ലക്ഷ്യങ്ങളെ അങ്ങേയറ്റം മാന്യതയോടെ കൊണ്ടുനടക്കുന്ന രീതിയെയും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.
നടി റിച്ച ഛദ്ദയാണ് പാർവതി തിരുവോത്തിനെക്കുറിച്ചുള്ള കുറിപ്പ് തയ്യാറാക്കിയത്. പല നടീനടന്മാരും സ്ക്രീനിൽ മാത്രം ധീരത അഭിനയിക്കുമ്പോൾ, പാർവതി തന്റെ ജീവിതത്തിൽ തന്നെ അത് പ്രാവർത്തികമാക്കുന്ന വ്യക്തിയാണെന്ന് റിച്ച വിശേഷിപ്പിച്ചു. 'ടേക്ക് ഓഫ്', 'ഉയരെ', 'തങ്കലാൻ' തുടങ്ങിയ ചിത്രങ്ങളിലെ അവിസ്മരണീയ പ്രകടനങ്ങൾക്കൊപ്പം, സഹപ്രവർത്തകയ്ക്ക് നീതി ലഭിക്കാനായി നിലകൊണ്ടതും 'വിമൻ ഇൻ സിനിമ കളക്ടീവ്' (WCC) രൂപീകരിക്കാൻ മുൻകൈയെടുത്തതും റിച്ച ചൂണ്ടിക്കാട്ടി. സത്യത്തിനുവേണ്ടി നിലകൊണ്ടതിന്റെ പേരിൽ വലിയ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടും തളരാതെ മുന്നോട്ട് പോയ പാർവതി, സിനിമാ മേഖലയിലെ സ്ത്രീകൾക്ക് വലിയൊരു കരുത്താണെന്നും കുറിപ്പിൽ പറയുന്നു.
ചലച്ചിത്ര സംവിധായിക ശ്രുതി ഗാംഗുലിയാണ് കനി കുസൃതിയെ പട്ടികയിലേക്ക് പരിചയപ്പെടുത്തിയത്. ഇതിഹാസ സംവിധായകൻ പി. പത്മരാജന്റെ സിനിമകളാണ് സിനിമയുടെ സാമൂഹിക സാധ്യതകളെക്കുറിച്ച് കനിക്ക് ഉൾക്കാഴ്ച നൽകിയതെന്ന് കുറിപ്പിൽ പറഞ്ഞു. 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്', 'ഗേൾസ് വിൽ ബി ഗേൾസ്', 2026-ൽ പുറത്തിറങ്ങിയ 'അസ്സി' (Assi) തുടങ്ങിയ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ കനി, നിലപാടുകൾ തുറന്നുപറയാൻ ഒരിക്കലും മടിക്കാത്ത കലാകാരിയാണ്. 2024 കാൻ ചലച്ചിത്ര മേളയിൽ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തൻ രൂപത്തിലുള്ള ബാഗുമായി എത്തിയ കനിയുടെ ധീരമായ ഇടപെടലും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.
'ഗാർഗി' എന്ന ചിത്രത്തിന്റെ സംവിധായകൻ ഗൗതം രാമചന്ദ്രനാണ് സായ് പല്ലവിയെക്കുറിച്ച് എഴുതിയത്. സിനിമ പൂർത്തിയാക്കിയശേഷം പ്രതിഫലം നൽകാമെന്ന് പറഞ്ഞപ്പോൾ ഒട്ടും മടികൂടാതെ 'ഗാർഗി'യിൽ അഭിനയിക്കാൻ സമ്മതിച്ച സായ് പല്ലവിയുടെ അർപ്പണബോധം സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം ഓർത്തെടുത്തു. കഥാപാത്രത്തിന്റെ ഓരോ ചെറിയ ചലനങ്ങളിൽ പോലും സൂക്ഷ്മത പുലർത്തുന്ന സായ് പല്ലവി, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണെന്നും, 2026-ലെ 'രാമായണ' എന്ന ചിത്രം അവരെ ആഗോളതലത്തിൽ കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്നും ഗൗതം രാമചന്ദ്രൻ പ്രത്യാശ പ്രകടിപ്പിച്ചു.
ഇവർക്ക് പുറമേ നയൻതാര, ആലിയ ഭട്ട്, തപ്സി പന്നു, സാമന്ത റൂത്ത് പ്രഭു, ദിൽജിത് ദോസഞ്ജ്, വിക്കി കൗശൽ, ആര്യൻ ഖാൻ, സംവിധായകരായ പായൽ കപാഡിയ, പാ. രഞ്ജിത്ത് തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രമുഖരും 'ടൈം 100 നെക്സ്റ്റ്: ഇന്ത്യ' പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.
Content Highlights: TIME magazine released its first-ever 'TIME100 Next: India 2026' list., Dulquer Salmaan, Parvathy Thiruvothu, and Kani Kusruti are among the notable Malayali actors featured., Prominent artists like Anil Kapoor, Richa Chadha, and Shruti Ganguly penned the tributes., Other Indian stars like Sai Pallavi, Nayanthara, and Alia Bhatt also made the 2026 list.