മുന്നണിയിലെ ദുല്‍ഖര്‍ മാത്രമല്ല, ലക്കി ഭാസ്‌കറിന്റെ പിന്നണിയിലുമുണ്ട് മലയാളി തിളക്കം

ലക്കി ഭാസ്‌കറിന്റെ ആര്‍ട്ട് ഡയറക്ടറായ ബംഗ്ലാനും സിനിമറ്റോഗ്രാഫര്‍ നിമിഷ് രവിയും.
ലക്കി ഭാസ്‌കറിന്റെ ആര്‍ട്ട് ഡയറക്ടറായ ബംഗ്ലാനും സിനിമറ്റോഗ്രാഫര്‍ നിമിഷ് രവിയും.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രമായ ലക്കി ഭാസ്‌കര്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടി മുന്നേറുകയാണ്. പ്രേക്ഷകരെ ആദ്യാവസാനം രസിപ്പിക്കുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ ഭാസ്‌കര്‍ എന്ന കേന്ദ്ര കഥാപാത്രമായി ദുല്‍ഖര്‍ സല്‍മാന്‍ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. എന്നാല്‍ ദുല്‍ഖര്‍ സല്‍മാനെ കൂടാതെ രണ്ട് മലയാളികള്‍ കൂടെ ലക്കി ഭാസ്‌കറിനെ മനോഹരമാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. 

ചിത്രത്തിന് ക്യാമറ ചലിപ്പിച്ച നിമിഷ് രവിയും ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ നിര്‍വഹിച്ച ബംഗ്ലാനുമാണ് ആ രണ്ട് പ്രതിഭകള്‍. ലക്കി ഭാസ്‌കറിന്റെ ഏറ്റവും വലിയ മികവ് അതിലെ ദൃശ്യങ്ങളുടെ മനോഹാരിതയും കഥ നടക്കുന്ന പശ്ചാത്തലത്തിന്റെ പൂര്‍ണ്ണതയുമാണ്. നിമിഷ് രവി ഒരുക്കിയ ദൃശ്യങ്ങള്‍ കഥാന്തരീക്ഷത്തെ ഏറ്റവും മനോഹരമായി ഒപ്പിയെടുത്തപ്പോള്‍, 1980-90 കാലഘട്ടത്തിലെ ബോംബെ നഗരത്തെ അമ്പരപ്പിക്കുന്ന സൂക്ഷ്മതയോടെയാണ് ബംഗ്‌ളാന്‍ പുനഃസൃഷ്ടിച്ചത്. 

അദ്ദേഹം ഹൈദരാബാദില്‍ നിര്‍മ്മിച്ച കൂറ്റന്‍ സെറ്റുകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മഗധ ബാങ്ക്, ബോംബെ തെരുവുകള്‍, ഭാസ്‌കറിന്റെ വീട് തുടങ്ങി, ഏറ്റവും പൂര്‍ണ്ണതയോടെയാണ് കഥയിലെ ഓരോ ഭാഗങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം പ്രൊഡക്ഷന്‍ ഡിസൈന്‍  ഒരുക്കിയിരിക്കുന്നത്. കഥയും കഥാപാത്രങ്ങളും അവരുടെ പശ്ചാത്തലവും ഏറ്റവും വിശ്വസനീയമായി പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞതില്‍ ഇവരുടെ പങ്ക് വളരെ വലുതാണ്.

ലുക്കാ, സാറാസ്, ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്, മമ്മൂട്ടി നായകനായ റോഷാക്ക്, കിംഗ് ഓഫ് കൊത്ത, ഇനി റിലീസ് ചെയ്യാനുള്ള മമ്മൂട്ടി ചിത്രം ബസൂക്ക എന്നിവയാണ് നിമിഷ് രവി ഇതിനു മുന്‍പ് കാമറ ചലിപ്പിച്ച സിനിമകള്‍. കുറുപ്പിലെ ദൃശ്യങ്ങള്‍ക്ക് 2022 ലെ മികച്ച ഛായാഗ്രാഹകനുള്ള സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡും നിമിഷ് സ്വന്തമാക്കി. ഒട്ടേറെ മലയാള ചിത്രങ്ങള്‍ക്ക് വേണ്ടി കലാസംവിധാനം നിര്‍വഹിച്ചിട്ടുള്ള വിനേഷ് ബംഗ്ലാന്‍, കമ്മാര സംഭവം, കുറുപ്പ്, രോമാഞ്ചം തുടങ്ങിയ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഡിസൈനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഇപ്പോള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ചിത്രം കാന്താര ചാപ്റ്റര്‍ 1 , ഇനി തുടങ്ങാന്‍ പോകുന്ന പൃഥ്വിരാജ് നായകനാവുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കാളിയന്‍ എന്നിവയുടെയും പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാനാണ് നിര്‍വഹിക്കുന്നത്. കമ്മാര സംഭവം എന്ന ചിത്രത്തിലൂടെ പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

Content Highlights: the Malayalam talents behind the blockbuster success of Lucky Bhaskar.