ഇതാണോ ദളപതി 69-ൽ വിജയ്യുടെ ലുക്ക്? സംശയമുണർത്തി പുതിയ ലൊക്കേഷൻ വീഡിയോ

ഒരു സിനിമ കൂടി ചെയ്ത് അഭിനയജീവിതം പൂർണമായി നിർത്തുകയാണ് തെന്നിന്ത്യൻ സൂപ്പർ താരം വിജയ്. ടി.വി.കെ പാർട്ടി പ്രഖ്യാപിച്ച് ആദ്യ സമ്മേളനവും നടത്തിക്കഴിഞ്ഞു അദ്ദേഹം. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് അവസാനമായി നായകനായെത്തുക. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഒരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്.
ചെന്നൈ വിനായക മിഷൻ ലോ സ്കൂളിൽ നിന്നുള്ള വീഡിയോ എന്ന പേരിലാണ് വിവിധ സോഷ്യൽ മീഡിയകളിൽ ഷൂട്ടിങ് സെറ്റിൽ നിന്നുള്ള ദൃശ്യം പ്രചരിക്കുന്നത്. നെല്ലായ് ഡിസ്ട്രിക്റ്റ് ടി.വി.കെ ഐ.ടി വിങ്ങിന്റെ എക്സ് പേജും ദൃശ്യം പോസ്റ്റ് ചെയ്തിട്ടുണ്ട്. രാത്രിയിൽ കെട്ടിടത്തിന് മുന്നിൽ വാഹനം നിർത്തി നടന്നുവരുന്ന സൂപ്പർതാരത്തെയാണ് വീഡിയോയിൽ കാണാനാവുക. ആരാധകർക്ക് നേരെ ഐ കാണിക്കുന്നുണ്ട് വിജയ്. ചില ആരാധകർ ആവേശംകൊണ്ട് അടുത്തേക്കോടി വന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നുമുണ്ട്.
ദളപതി 69 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നേരത്തേ പുറത്തിറങ്ങിയിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡേ, പ്രിയാമണി, മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ എന്നിവരുമെത്തുന്നു. കെ.വി.എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണ ആണ് ചിത്രം നിർമിക്കുന്നത്.
ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. 2025 ഒക്ടോബറിൽ ദളപതി 69 തിയേറ്ററിലേക്കെത്തുമെന്നാണ് നിര്മാതാക്കള് അറിയിക്കുന്നത്.
Content Highlights: A leaked video from the set of Vijay`s Thalapathy 69, shows the superstar interacting with fans