'തേജസ്' കണ്ട് യോഗി ആദിത്യനാഥ് കരഞ്ഞുപോയി -കങ്കണ റണൗട്ട്

ന്യൂഡൽഹി: കങ്കണ റണൗട്ട് നായികയായി ഈയിടെ പുറത്തിറങ്ങിയ ചിത്രമാണ് തേജസ്. ഏറെ പ്രതീക്ഷകളുമായെത്തിയ ചിത്രത്തിന് പക്ഷേ അത്ര നല്ല വരവേല്പല്ല ലഭിച്ചത്. ബോക്സോഫീസിൽ കിതച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുവേണ്ടി കങ്കണയും അണിയറപ്രവർത്തകരും ചേർന്ന് സംഘടിപ്പിപ്പിച്ചിരുന്നു. ഈ ചിത്രം കണ്ടതിന് ശേഷം ആദിത്യനാഥിന്റെ പ്രതികരണം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കങ്കണ.
ലഖ്നൗവിലെ ലോക് ഭവൻ ഓഡിറ്റോറിയത്തിലായിരുന്നു തേജസിന്റെ പ്രത്യേക പ്രദർശനം നടത്തിയത്. യോഗി ആദിത്യനാഥിനുപുറമേ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും സിനിമയ്ക്കെത്തിയിരുന്നു. സിനിമ എല്ലാവർക്കും ഇഷ്ടപ്പെട്ടെന്ന് പ്രദർശനത്തിനുശേഷം കങ്കണ പ്രതികരിച്ചു. യോഗി ആദിത്യനാഥിന് സിനിമ ഏറെ ഇഷ്ടമായെന്നും ചിത്രത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചെന്നും അവർ കൂട്ടിച്ചേർത്തു.
"സിനിമ കണ്ടുകൊണ്ടിരിക്കേ യോഗി ആദിത്യനാഥ് കരഞ്ഞുപോയി. ഞങ്ങൾക്കും ഞങ്ങളുടെ സിനിമയ്ക്കും രാജ്യവിരുദ്ധ ശക്തികളിൽ നിന്നും ശത്രുക്കളിൽ നിന്നും സംരക്ഷണം നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ദേശീയവാദികളോട് ഈ ചിത്രം കാണാൻ പ്രചോദനം നൽകുമെന്നും പറഞ്ഞു. ഇത് സ്ത്രീ ശാക്തീകരണ ചിത്രമല്ല, മറിച്ച് സ്ത്രീ ശക്തിയേക്കുറിച്ചുള്ള ചിത്രമാണ്. യുവാക്കളിൽ ഇന്ത്യൻ വ്യോമസേനയേക്കുറിച്ചുള്ള അഭിമാനബോധം ഉണർത്താൻ ഈ ചിത്രം സ്കൂളുകളിലും കോളേജുകളിലും പ്രദർശിപ്പക്കണം." കങ്കണ റണൗട്ട് പറഞ്ഞു.
സർവേഷ് മേവാറയാണ് തേജസിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഈ മാസം 27-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. 50 ലക്ഷം രൂപയാണ് ചിത്രത്തിന്റെ തിങ്കളാഴ്ചത്തെ തിയേറ്റർ കളക്ഷൻ. നാല് ദിവസം കൊണ്ട് 4.25 കോടി മാത്രമാണ് ഇന്ത്യയിൽ നിന്ന് തേജസിന് നേടാനായത്. അൻഷുൽ ചൗഹാൻ, വരുൺ മിത്ര, ആശിഷ് വിദ്യാർത്ഥി, വിശാഖ് നായർ, കശ്യപ് ശങ്കരി, സുനിത് ഠണ്ടൻ, റിയോ കപാഡിയ, മോഹൻ അഗാഷേ, മുഷ്താഖ് കാക് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവരിപ്പിച്ചത്.
Content Highlights: tejas movie updates, tejas movie special screening for yogi adityanath, kangana ranaut