ജയ് ഭീം സിനിമയ്‌ക്കെതിരെ ഹർജി; നടൻ സൂര്യയോട് ഹൈക്കോടതി വിശദീകരണം തേടി

ചെന്നൈ: ജയ് ഭീം സിനിമയിൽ കുറവർ വിഭാഗത്തെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് സമർപ്പിച്ച ഹർജിയിൽ നടൻ സൂര്യ, സംവിധായകൻ ടി.ജെ. ജ്ഞാനവേൽ എന്നിവരോട് മദ്രാസ് ഹൈക്കോടതി വിശദീകരണം തേടി.
കുറവൻ ജനക്ഷേമ അസോസിയേഷൻ പ്രസിഡന്റ് കെ. മുരുകേശനാണ് ഹർജി സമർപ്പിച്ചത്. ഇതിനുമുമ്പ് മുരുകേശൻ ക്രൈംബ്രാഞ്ച് പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കുറവർ വിഭാഗം നേരിട്ട പ്രശ്നം ഇരുളർ വിഭാഗത്തിന്റെ പ്രശ്നമായിട്ടാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും ഹർജിയിൽ മുരുകേശൻ ആരോപിച്ചു. ഹർജി പരിഗണിച്ച ജസ്റ്റിസ് ആർ. ഹേമലത, സിനിമയിലെ നായകനായ സൂര്യയിൽനിന്നും സംവിധായകനിൽനിന്നും വിശദീകരണം ആവശ്യപ്പെടുകയും കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കാൻ മാറ്റുകയുമായിരുന്നു.
Content Highlights: tamil nadu high court seeks explanation from actor suriya, jai bhim movie