അന്ന് ‘കുമ്പളങ്ങി നൈറ്റ്സി’ന് ഇന്ന് ‘ബോഗെയ്ൻ വില്ല’യ്ക്ക്; തൊട്ടതെല്ലാം പൊന്നാക്കുന്ന സുഷിൻ മാജിക്ക്

#സൂരജ് സുകുമാരൻ
സുഷിന്‍ ശ്യാം | Photo: Facebook/ Sushin Shyam
സുഷിന്‍ ശ്യാം | Photo: Facebook/ Sushin Shyam

കണ്ണൂർ: തൊട്ടതെല്ലാം പൊന്നാക്കുന്ന സുഷിൻ മാജിക്കിന് രണ്ടാം തവണയും സംസ്ഥാനപുരസ്കാരം തിലകക്കുറി ചാർത്തുമ്പോൾ അത് കണ്ണൂരിനും അഭിമാനനിമിഷം. അമൽ നീരദ് സംവിധാനം ചെയ്ത ബോഗെയ്ൻ വില്ല എന്ന സിനിമയിലൂടെയാണ് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന പുരസ്കാരം സുഷിൻ സ്വന്തമാക്കുന്നത്. തലശ്ശേരി സ്വദേശി സുഷിൻ ശ്യാം എൻജിനിയറിങ് പഠനം പാതിവഴിയിലുപേക്ഷിച്ചാണ് സംഗീതത്തിലേക്ക് യു ടേണെടുത്തത്. ദീപക് ദേവിന്റെ അസിസ്റ്റന്റായി കുറച്ചുകാലം പ്രവർത്തിച്ചു. സപ്തമശ്രീ തസ്കരയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കി സ്വാതന്ത്ര സംഗീതസംവിധായകനായി.

കിസ്മത്തിലെ പാട്ടുകളിലൂടെ പ്രേക്ഷകഹൃദയത്തിലേക്ക് ആദ്യപാലമിട്ടു. മറഡോണ, വരത്തൻ, കുമ്പളങ്ങി നൈറ്റ്‌സ്, വൈറസ് തുടർഹിറ്റുകളിലൂടെ മുൻനിരയിലേക്ക്. 2020-ൽ കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് സുഷിൻ ആദ്യമായി സംസ്ഥാന പുരസ്കാരം നേടിയത്. മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിലൂടെ ഇത്തവണത്തെ പുരസ്കാരം നേടുമെന്നാണ് എല്ലാവരും കരുതിയത്, എന്നാൽ പുരസ്കാരം വന്നപ്പോൾ മഞ്ഞുമ്മൽ ബോയ്‌സിന് പകരം ബോഗെയ്ൻ വില്ലയാണ് പുരസ്കാരം സമ്മാനിച്ചത്. അച്ഛൻ ശ്യാം നൽകിയ പിന്തുണയാണ് തന്നെ സംഗീതമേഖലയിൽ സജീവമാക്കിയതെന്ന് സുഷിൻ പറഞ്ഞിട്ടുണ്ട്. ‘അച്ഛൻ സംഗീതജ്ഞനായതിനാൽ അതിന്റെയൊരു പാരമ്പര്യം എന്നിലുമുണ്ടാകുമല്ലോ. ഞാൻ സംഗീതത്തിലേക്ക് തിരിഞ്ഞപ്പോൾ ബന്ധുക്കൾ കുറേപ്പേർ എതിർത്തിരുന്നു. എന്നാൽ അച്ഛൻ പൂർണ പിന്തുണ നൽകി. അദ്ദേഹത്തിന് എത്തിപ്പിടിക്കാനാകാത്ത ഉയരം ഞാൻ നേടണമെന്നൊരാഗ്രഹമായിരിക്കാം അതിനുപിന്നിൽ. ഇന്ന് എല്ലാവരും ഹാപ്പിയാണ്''- സുഷിൻ പറഞ്ഞു.

2024-ൽ സുഷിൻ സംഗീതം നൽകിയ ആവേശം, മഞ്ഞുമ്മൽ ബോയ്‌സ്, ബോഗെയ്ൻവില്ല എന്നീ മൂന്ന് സിനിമകളും ഏറെ പ്രശംസ നേടിയിരുന്നു. സ്വതന്ത്ര സംഗീത മേഖലയിലും സുഷിൻ സജീവമാണ്.

ഡൗൺട്രിഡൻസ് (അടിയാളൻ) എന്ന പേരിൽ സുഷിനും സുഹൃത്തുക്കളും അടങ്ങുന്ന മ്യൂസിക് മെറ്റൽ ബാന്റുണ്ട്. ഉത്തരയാണ് ജീവിതപങ്കാളി.

Content Highlights: Popular music composer Sushin Shyam expressed his joy upon receiving the Kerala State Film Award for Best Music Composer for his work in 'Bougainvillea'.