സുശാന്തിന്റെ കഴുത്തിലുണ്ടായിരുന്നത് തുണി മുറുകിയ അടയാളമല്ല, കാലുകൾ തൂക്കിയിടാൻ പറ്റാത്തയിടത്ത് ഒരാളെങ്ങനെ ആത്മഹത്യ ചെയ്യും -സഹോദരി ശ്വേത സിംഗ്

ശ്വേത സിംഗ് കീർത്തി, സുശാന്ത് സിം​ഗ് രജ്പുത്ത് | ഫോട്ടോ: Instagram, PTI
ശ്വേത സിംഗ് കീർത്തി, സുശാന്ത് സിം​ഗ് രജ്പുത്ത് | ഫോട്ടോ: Instagram, PTI

നടൻ സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ മരണത്തെക്കുറിച്ച് ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുകളുമായി അദ്ദേഹത്തിൻ്റെ സഹോദരി ശ്വേത സിംഗ് കീർത്തി. 2020 ജൂൺ 14-ന് മുംബൈയിലെ അപ്പാർട്ട്‌മെൻ്റിലാണ് സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മരണം ആത്മഹത്യയായിരുന്നില്ലെന്ന സംശയമാണ് ശ്വേത പ്രകടിപ്പിച്ചിരിക്കുന്നത്. അമേരിക്കയിൽ നിന്നും മുംബൈയിൽ നിന്നുമുള്ള രണ്ട് psychics സുശാന്തിനെ രണ്ടുപേർ ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് തന്നോട് പറഞ്ഞതായി ശ്വേത വെളിപ്പെടുത്തി. മാധ്യമപ്രവർത്തകൻ ശുഭങ്കർ മിശ്രയുമായുള്ള അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പറഞ്ഞത്.

സുശാന്തിന്റെ മരണം എങ്ങനെ ആത്മഹത്യയാകും എന്നാണ് ശ്വേത ആവർത്തിച്ച് ചോദിക്കുന്നത്. "ഫാനും കട്ടിലിനുമിടയിൽ ഒരാൾക്ക് കാലുകൾ തൂക്കിയിടാൻ പോലും സ്ഥലമുണ്ടായിരുന്നില്ല. അവിടെ തീരെ സ്ഥലമില്ലായിരുന്നു. ആർക്കെങ്കിലും ആത്മഹത്യ ചെയ്യണമെങ്കിൽ, അവർ ഒരു സ്റ്റൂൾ ഉപയോഗിക്കില്ലേ? പക്ഷേ അവിടെ അങ്ങനെയൊരു വസ്തു ഉണ്ടായിരുന്നില്ല. ഇനി ശരീരത്തിലെ പാടുകൾ നോക്കുകയാണെങ്കിൽ, അതൊരു ദുപ്പട്ടയുടെ പാടുകളായി തോന്നുന്നില്ല. ഉപയോഗിച്ച വസ്തു ഒരു തുണി പോലെയുള്ള അടയാളമല്ല ഉണ്ടാക്കിയത്, മറിച്ച് അതൊരു നേർത്ത ചെയിനിന്റെ പാടുപോലെയാണ്." ശ്വേത സംശയം പ്രകടിപ്പിച്ചു.

സുശാന്തിനെ ആരെങ്കിലും നിയമവിരുദ്ധമായി തടങ്കലിൽ വെക്കുകയോ ഭീഷണിപ്പെടുത്തുകയോ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയോ ചെയ്തതിന് തെളിവുകളില്ലെന്നാണ് സിബിഐയുടെ ഔദ്യോഗിക  റിപ്പോർട്ടിൽ പറയുന്നത്. നടി റിയ ചക്രബർത്തി സുശാന്തിന്റെ പണം തട്ടിയെടുത്തതിനും തെളിവുകളൊന്നും ഏജൻസിക്ക് കണ്ടെത്താനായില്ല. പകരം സുശാന്ത് റിയയെ കുടുംബാംഗത്തെപ്പോലെയാണ് കണ്ടിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം സുശാന്തിന്റെ കുടുംബം റിപ്പോർട്ടിലെ നിഗമനങ്ങൾ തള്ളിക്കളഞ്ഞു. "ഇതൊരു കൺകെട്ട് മാത്രമാണ്. സിബിഐക്ക് സത്യം പുറത്തുകൊണ്ടുവരാൻ ആഗ്രഹമുണ്ടായിരുന്നെങ്കിൽ, ചാറ്റുകൾ, സാങ്കേതിക രേഖകൾ, സാക്ഷിമൊഴികൾ, മെഡിക്കൽ രേഖകൾ തുടങ്ങിയ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അവർ സമർപ്പിക്കുമായിരുന്നു. തെറ്റായ ദിശയിൽ നടന്ന അന്വേഷണത്തെ അടിസ്ഥാനമാക്കിയുള്ള ഈ റിപ്പോർട്ടിനെതിരെ ഹർജി ഫയൽ ചെയ്യും." അവരുടെ അഭിഭാഷകനായ വരുൺ സിംഗ് പറഞ്ഞു,

2020 ജൂണിലെ സുശാന്തിന്റെ മരണം രാജ്യത്തുടനീളം വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ഇത് വലിയ മാധ്യമ കോലാഹലങ്ങൾക്കും മുംബൈ പോലീസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) എന്നിവരുടെ നേതൃത്വത്തിൽ ഒന്നിലധികം അന്വേഷണങ്ങൾക്കും വഴിവെച്ചു. കൊലപാതക സാധ്യതകളൊന്നും ഇല്ലെന്ന് എല്ലാ ഏജൻസികളും നിഗമനത്തിലെത്തിയെങ്കിലും, ഔദ്യോഗിക കണ്ടെത്തലുകളിൽ തനിക്ക് വിശ്വാസമില്ലെന്നാണ് ശ്വേതയുടെ പുതിയ പ്രസ്താവനകൾ സൂചിപ്പിക്കുന്നത്.

Content Highlights: Sushant Singh Rajput`s sister, Shweta Singh Kirti, reveals new psychic claims suggesting murder, not suicide. Explore her doubts about the official findings.