'ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കി'; സുശാന്തിന്റെ മരണത്തിൽ വീണ്ടും ദുരൂഹത ആരോപിച്ച് സഹോദരി

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ വീണ്ടും ദുരൂഹത ആരോപിച്ച് സഹോദരി ശ്വേത സിങ് കീർത്തി. മരണം നടന്ന് ആറ് വർഷത്തിലേറെ പിന്നിടുമ്പോഴും കേസിൽ നിരവധി ചോദ്യങ്ങൾ ഉത്തരം ലഭിക്കാതെ അവശേഷിക്കുകയാണെന്ന് അവർ പറഞ്ഞു. സംഭവത്തിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും ശ്വേത ആരോപിച്ചു.
ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്വേത മരണവുമായി ബന്ധപ്പെട്ട പുതിയ സംശയങ്ങൾ ഉന്നയിച്ചത്. സുശാന്തിന്റെ മുൻ മാനേജരായിരുന്ന ദിഷ സാലിയന്റെ മരണശേഷം സഹോദരൻ അസ്വസ്ഥനായിരുന്നുവെന്ന് ശ്വേത പറഞ്ഞു. അവർ തന്നെയും വെറുതെ വിടില്ലെന്ന് സുശാന്ത് നിരന്തരം പറയുമായിരുന്നു. എന്തെങ്കിലും നിർണായക വിവരങ്ങൾ ഒരുപക്ഷേ സുശാന്തിന്റെ കൈവശം ഉണ്ടായിരുന്നിരിക്കാമെന്നും ശ്വേത കൂട്ടിച്ചേർത്തു.
മരണവുമായി ബന്ധപ്പെട്ട് അനേകം ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്. ആറു വർഷം കഴിഞ്ഞിട്ടും യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. പോസ്റ്റ്മോർട്ടം നടത്താൻ എന്തിനായിരുന്നു തിടുക്കം കാട്ടിയത്? സുശാന്തിന്റെ മുറി ഒരിക്കലും ഉള്ളിൽനിന്ന് പൂട്ടാറില്ല. എന്നാൽ, അന്ന് എങ്ങനെയാണ് അകത്തുനിന്ന് പൂട്ടിയത്? എവിടെയോ എന്തോ തകരാറുണ്ടെന്നും ശ്വേത സംശയിച്ചു.
കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ.യിൽനിന്ന് ഇനി ഒരു വ്യക്തതയും തങ്ങൾക്ക് ആവശ്യമില്ലെന്ന് ശ്വേത വ്യക്തമാക്കി. എന്താണ് സംഭവിച്ചതെന്ന് തങ്ങൾക്ക് ബോധ്യമുണ്ട്. അട്ടിമറി നടന്നു. ആ മുറിവ് ഇനിയും തുറന്നുവെക്കാതെ സുശാന്തിന്റെ ഓർമകളും സംഭാവനകളും ആഘോഷിക്കപ്പെടുകയാണ് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
2020 ജൂൺ 14-നാണ് മുംബൈയിലെ അപ്പാർട്ട്മെന്റിൽ സുശാന്ത് സിങ് രാജ്പുതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മരണം ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്നതിനെച്ചൊല്ലി വലിയ ചർച്ചകൾ നടന്നിരുന്നു. കേസിൽ സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രവർത്തി അറസ്റ്റിലായിരുന്നു.
Content Highlights: Shweta Singh Kirti, sister of the late Bollywood actor Sushant Singh Rajput, has raised fresh suspicions regarding his tragic death even after six years. She claimed that Sushant was deeply disturbed after the death of his former manager, Disha Salian, and feared that "they" would target him next. Shweta questioned the rush behind conducting the autopsy and pointed out that Sushant never locked his bedroom door from the inside, raising doubts over how it happened on that day. Stating that their family no longer seeks clarification from the CBI, she expressed conviction that foul play was involved in his demise. Sushant Singh Rajput was found dead in his Mumbai apartment on June 14, 2020, triggering nationwide discussions and the arrest of his girlfriend Rhea Chakraborty during the investigation