കടലിന്റെ ആഴവും പരപ്പും ഇഴചേർന്ന് കിടക്കുന്ന ‘മാർക്കോസ്’; ഏറെ വേട്ടയാടിയ കഥാപാത്രമെന്ന് സണ്ണി

അടിത്തട്ട് എന്ന ചിത്രത്തിൽ സണ്ണി വെയ്ൻ | ഫോട്ടോ: www.facebook.com/SunnyWayn
അടിത്തട്ട് എന്ന ചിത്രത്തിൽ സണ്ണി വെയ്ൻ | ഫോട്ടോ: www.facebook.com/SunnyWayn

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് ജിജോ ആന്റണി സംവിധാനം ചെയ്ത അടിത്തട്ടിനായിരുന്നു. സണ്ണി വെയ്നും ഷൈൻ ടോം ചാക്കോയുമായിരുന്നു പ്രധാനവേഷങ്ങളിൽ. പുരസ്കാരലബ്ധിയുടെ നിറവിൽ നിൽക്കുന്ന അടിത്തട്ടിലെ തന്റെ കഥാപാത്രത്തേക്കുറിച്ച് എഴുതിയിരിക്കുകയാണ് സണ്ണി വെയ്ൻ.

കടലിന്റെ ആഴവും പരപ്പും ഇഴചേർന്ന് കിടക്കുന്ന ‘മാർക്കോസ്’ തന്നെ ഏറെ വേട്ടയാടിയ കഥാപാത്രമാണെന്നാണ് സണ്ണി വെയ്ൻ ഫെയ്സ്ബുക്കിൽ എഴുതിയത്. പകയും പ്രതികാരവും ഇത്രത്തോളം മനോഹരമാക്കിയ മറ്റൊരു സിനിമ സമീപകാലത്ത് നിങ്ങൾ അനുഭവിച്ചിട്ടുണ്ടാകില്ല. ‘അടിത്തട്ട്’ വ്യത്യസ്തമാകുന്നത് അവിടെയാണെന്നും സണ്ണി എഴുതി.

'സംവിധായകൻ ജിജോ ആൻറണിക്കും സംഘത്തിനും നന്ദി. ഒപ്പം എന്നെ സ്നേഹിക്കുന്ന, പിന്തുണയ്ക്കുന്ന, ‌ചേർത്ത് നിർത്തുന്ന നിങ്ങൾ ഓരോരുത്തർക്കും നന്ദി.. ‘അടിത്തട്ട്’ നെ മികച്ച സിനിമയായി തിരഞ്ഞെടുത്ത ജൂറിക്ക് പ്രത്യേക നന്ദി..!' സണ്ണി വെയ്ൻ കൂട്ടിച്ചേർത്തു. ജയപാലൻ, പ്രശാന്ത് അലക്സാണ്ടർ, മുരുഗൻ മാർട്ടിൻ, ജോസഫ് യേശുദാസ്, സാബുമോൻ അബ്ദുസമദ് എന്നിവരാണ് ചിത്രത്തിൽ മറ്റുപ്രധാനവേഷങ്ങളിലെത്തിയത്.

ഖായിസ് മില്ലന്റേതാണ് സിനിമയുടെ തിരക്കഥ. സൂസൻ ജോസഫ് ആണ് അടിത്തട്ടിന്റെ നിർമാതാവ്. പാപ്പിനോ ഛായാഗ്രാഹണവും നസീർ അഹമ്മദ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ദീപക് പരമേശ്വർ ആണ് പ്രൊഡക്ഷൻ കൺട്രോളർ.

Content Highlights: sunny wayne about his character in adithattu movie, kerala state film awards 2022