പുലിവേഷം കെട്ടിയാൽ ഭക്ഷണമില്ല, ഇരിക്കാൻ പോലും പറ്റില്ല; അപൂർവ അനുഭവവുമായി സുധീർ കരമന

അരമണി കിലുക്കി, മേലാസകലം പുള്ളിയും വരയും നിറച്ച്, താളം ചവിട്ടി പുലികളിയുമായെത്തുകയാണ് സുധീർ കരമന. അധ്യാപകജീവിതം ഔദ്യോഗികമായി സ്വയം അവസാനിപ്പിച്ച് മുഴുവൻസമയ അഭിനയത്തിലേക്കിറങ്ങിയ സുധീർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് പുലിയാട്ടം. പുലിയാട്ടത്തിനുവേണ്ടി പുലിവേഷം കെട്ടിയത് അത്ര എളുപ്പമുള്ള പണിയായിരുന്നില്ലെന്ന് പറയുകയാണ് അദ്ദേഹം.
അഭിനയിക്കേണ്ടത് പുലികളിക്കാരന്റെ വേഷമായതിനാൽ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങളെന്ന് സുധീർ കരമന മാതൃഭൂമിയോട് പറഞ്ഞു. കഥാപാത്രത്തിനായി പുലികളിയുടെ ചുവടുകൾ പഠിച്ചെടുത്താണ് ക്യാമറയ്ക്കുമുന്നിലേക്കെത്തിയത്. തൃശ്ശൂർ അയ്യന്തോൾ ദേശം പുലികളിസംഘത്തിലെ പ്രഗല്‌ഭരാണ് പുലികളി അഭ്യസിപ്പിച്ചത്. താളത്തിനൊത്തുള്ള ഇളയകിയാടലുകൾ പഠിച്ചെടുക്കുക എന്നതായിരുന്നു ആദ്യകടമ്പയെന്നും അദ്ദേഹം ഓർത്തെടുത്തു.
പുലികളിയേക്കുറിച്ച് പഠിച്ചപ്പോൾ പുലികളിക്കാരാനാകാൻ പറ്റിയ ശരീരമല്ലെന്ന് മനസിലാക്കി ചിത്രം ചെയ്യുന്നില്ലെന്ന് ആദ്യം തീരുമാനിച്ചിരുന്നെന്ന് സുധീർ കരമന പറഞ്ഞു. ചിത്രമെഴുതാൻ പാകത്തിലുള്ള വലിയ വയറില്ല എന്നതുതന്നെയായിരുന്നു ഇതിനുള്ള പ്രധാന കാരണം. എന്നാൽ, പെരുംവയറുള്ളവർ മാത്രമല്ല പുലികളിക്കിറങ്ങുന്നതെന്ന് സംവിധായകൻ ഉദാഹരണങ്ങൾ നിരത്തി വിവരിച്ചു. പുലികളിക്കാരന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന കുടുംബകഥയാണ് ചിത്രം പറയുന്നതെന്ന് മനസ്സിലാക്കിയതോടെ കഥാപാത്രം ഏറ്റെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'സെറ്റിലെത്തി ഏഴെട്ടുദിവസം കഴിഞ്ഞാണ് പുലിവേഷം കെട്ടുന്നത്. പുലിയെഴുത്തിനായി ശരീരം വിട്ടുനൽകുകയെന്നത് ചെറിയ കാര്യമല്ല, രോമമെല്ലാം ഒഴിവാക്കി പെയിന്റിങ്. ആദ്യപെയിന്റ് ഉണങ്ങിയശേഷമാണ് വരകളും പുളികളും എഴുതുന്നത്. പുലിവേഷം കെട്ടിക്കഴിഞ്ഞാൽപ്പിന്നെ ഭക്ഷണമില്ല. പെയിന്റിങ്ങിന് പ്രശ്നമാകുമെന്നുള്ളതിനാൽ ഇരിക്കാൻപോലും പറ്റില്ല. പുലിവേഷമുള്ള ദിവസങ്ങളിലെല്ലാം മൂന്നുനാല് മണിക്കൂർ വരയ്ക്കായി മാറ്റിവെച്ചു. ഷൂട്ടിങ് കഴിഞ്ഞശേഷവും മണിക്കൂറുകളെടുത്താണ് വരകൾ കഴുകിക്കളഞ്ഞത്.' സുധീർ കരമന വിവരിച്ചു.
സുധീർ കരമനയുമായി പി. പ്രജിത്ത് നടത്തിയ അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം
Content Highlights: sudheer karamana interview, sudheer karamana about puliyattam movie