എല്ലാം ചെയ്തത് ഹാക്കര്‍, അയാള്‍ എല്ലാ പരിധിയും ലംഘിച്ചു; തുറന്ന് പറഞ്ഞ് സുചിത്ര

-
-

ഗായിക, റേഡിയോ ജോക്കി എന്നീ നിലകളില്‍ ശ്രദ്ധ നേടിയ സുചിത്ര 2017-ല്‍ തമിഴ് സിനിമയില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സുചി ലീക്ക്സ് എന്ന ഹാഷ് ടാഗോടെ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു. സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അവര്‍ വലിയ മാനസിക സംഘര്‍ഷം അനുഭവിക്കുകയാണെന്നും വ്യക്തമാക്കി മുന്‍ ഭര്‍ത്താവ് കാര്‍ത്തിക് രംഗത്ത് വന്നുവെങ്കിലും ദുരൂഹതകള്‍ മാറിയില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സുചിത്ര. 

സുചിത്രയുടെ അക്കൗണ്ടില്‍ നിന്ന് ആദ്യമായി ആരോപണം ഉയര്‍ന്നത് നടന്‍ ധനുഷിനെതിരേയായിരുന്നു. ചെന്നൈയില്‍ ഒരു വിരുന്നില്‍ പങ്കെടുക്കവെ ധനുഷിനൊപ്പം വന്ന ഒരാള്‍ തന്നെ ഉപദ്രവിച്ചുവെന്നും ധനുഷിന്റെ യഥാര്‍ഥ മുഖം ലോകത്തിന് മുന്‍പ് തുറന്നു കാട്ടുമെന്നും വെല്ലുവിളിച്ചിരുന്നു.  വര്‍ഷങ്ങള്‍ക്ക് ശേഷം എന്താണ് സംഭവിച്ചതെന്ന്  തുറന്ന് പറയുകയാണ് സുചിത്ര. 

ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന നടനാണ് ധനുഷ്. തമിഴ്‌നാട്ടിലെ ഏറ്റവും മികച്ച നടന്‍. ഈയിടെ അസുരന്‍ എന്ന ചിത്രം ഞാന്‍ കണ്ടിരുന്നു. എത്ര മനോഹരമായ പ്രകടനമാണ് അദ്ദേഹം കാഴ്ച വച്ചിരിക്കുന്നത്. എത്ര നീചമായാണ് ഹാക്കര്‍ എന്റെ പേരില്‍ അദ്ദേഹത്തിനെതിരേ ആരോപണമുയര്‍ത്തിയത്. ധനുഷ്, അനിരുദ്ധ് എന്നിവര്‍ എന്നെ ബലാത്സംഗം ചെയ്തു എന്നൊക്കെയാണ് അയാള്‍ എഴുതിയത്. യഥാര്‍ഥത്തില്‍ അങ്ങനെ സംഭവിച്ചാല്‍ എന്നെപ്പോലൊരു സ്ത്രീ ട്വിറ്ററില്‍ എഴുതുകയില്ല. സംഭവിച്ച ഉടന്‍ തന്നെ തക്കതായ നടപടികള്‍ സ്വീകരിക്കുമായിരുന്നു. സിനിമയിലെ സ്വകാര്യമായ പല ദൃശ്യങ്ങളും ഹാക്കര്‍ പുറത്ത് വിട്ടു. അയാള്‍ എല്ലാ പരിധികളും ലംഘിച്ചു. ഞങ്ങള്‍ എല്ലാവരും അതിനെതിരേ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഞാനടക്കം ഒരുപാട് പേരുടെ ജീവിതത്തെ അത് ബാധിച്ചു- സുചിത്ര അഭിമുഖത്തില്‍ പറഞ്ഞു. 

2017-ലെ ആ സംഭവത്തിന് ശേഷം സുചിത്ര സിനിമയിലോ സാമൂഹിക മാധ്യമങ്ങളിലോ സജീവമായിരുന്നില്ല. സുചി കുക്ക്‌സ് എന്ന യുട്യൂബ് ചാനലിലൂടെ ഇപ്പോള്‍ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സുചിത്ര. സംഗീതവും പാചകവും ഒരു പോലെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും സുചിത്ര കൂട്ടിച്ചേര്‍ന്നു.

Content Highlights: suchitra singer opens about Dhanush, Suchi Leaks Controversy, Suchi cooks, come back 

Content Highlights: