ജയ് ഭീം കേസ്: നടൻ സൂര്യയ്ക്കും സംവിധായകനുമെതിരേ കടുത്ത നടപടി പാടില്ലെന്ന് കോടതി

ജയ് ഭീമിൽ സൂര്യ | ഫോട്ടോ: മാതൃഭൂമി ലൈബ്രറി
ജയ് ഭീമിൽ സൂര്യ | ഫോട്ടോ: മാതൃഭൂമി ലൈബ്രറി

ചെന്നൈ: ‘ജയ് ഭീം’ ചലച്ചിത്രത്തിൽ വണ്ണിയർ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിക്കുന്ന കേസിൽ നടൻ സൂര്യ, സംവിധായകൻ ടി.ജെ.ജ്ഞാനവേൽ തുടങ്ങിയവർക്കെതിരേ കടുത്ത നടപടി പാടില്ലെന്ന് പോലീസിന് മദ്രാസ് ഹൈക്കോടതി നിർദേശം നൽകി.

സൂര്യയുടെ ഭാര്യയും ചിത്രത്തിന്റെ നിർമാതാവുമായ ജ്യോതികയും കേസിൽ പ്രതിയാണ്. സെയ്ദാപ്പേട്ട് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശത്തെത്തുടർന്നാണ് വേളാച്ചേരി പോലീസ് ഇവർക്കെതിരേ കേസെടുത്തിരുന്നത്.

വണ്ണിയർ സമുദായത്തിൽപ്പെട്ട സന്തോഷാണ് സൂര്യ അടക്കമുള്ളവർക്കെതിരേ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. തുടർന്ന് കേസെടുക്കാൻ കോടതി പോലീസിനോട് ഉത്തരവിടുകയായിരുന്നു. ഇതിനെതിരേ സൂര്യയും സംവിധായകനും ഹൈക്കോടതിയിൽ ഹർജി നൽകി. 

തിങ്കളാഴ്ച ഹർജി പരിഗണിച്ച ജസ്റ്റിസ് സതീഷ്‌കുമാർ പോലീസിൽനിന്ന് വിശദീകരണം തേടി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി. അടുത്ത ഉത്തരവുണ്ടാകുന്നതുവരെ കേസിൽ പ്രതികൾക്കെതിരേ കടുത്ത നടപടി പാടില്ലെന്നാണ് പോലീസിനോട് നിർദേശിച്ചത്.

Content Highlights: jai bhim case, jai bhim movie, suriya and jyotika