പത്തു കോടി ക്ലബ്ബിലേക്ക് 'മധുര മനോഹര മോഹം'; കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത വിജയം

സ്റ്റെഫി സേവ്യർ സംവിധാനം ചെയ്ത മധുര മനോഹര മോഹം മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുന്നു. മികച്ച വിജയമാണ് തിയേറ്ററുകളിൽ നിന്ന് ചിത്രം നേടുന്നത്. ഒരു ഫൺ ഫാമിലി എന്റർടെയ്നറായ ചിത്രം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് എത്തുകയാണ്.
വലിയ താരനിരയിലല്ല, മികച്ച ഉള്ളടക്കം തന്നെയാണ് സിനിമയുടെ വിജയത്തിന്റെ യഥാർത്ഥ സത്ത് എന്ന് അടിവരയിടുന്ന ബോക്സോഫീസ് പ്രകടനമാണ് മധുര മനോഹര മോഹത്തിന്റേത്.
ഷറഫുദീന്റെ മികച്ച പ്രകടനമാണ് 'മധുര മനോഹര മോഹ'ത്തിന്റെ കരുത്ത്. മനു എന്ന കഥാപാത്രത്തെ രസകരമായി നടൻ അവതരിപ്പിച്ചിട്ടുണ്ട്. യാഥാസ്ഥികനും അലസനുമായ പൊതുമരാമത്ത് ഉദ്യോഗസ്ഥന്റെ കഥാപാത്രമാണ് ഷറഫുദീൻ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫിയുടെ ആദ്യ സംവിധാനസംരംഭമാണ് 'മധുര മനോഹര മോഹം'. പത്തനംതിട്ട ജില്ലയാണ് ചിത്രത്തിന്റെ പശ്ചാത്തലം. മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ക്യാമറ കെെകാര്യം ചെയ്തിരിക്കുന്നത്.
Content Highlights: stephy zaviour sharafudeen movie madhura manohara moham running successfully