ചലച്ചിത്രപുരസ്‌കാരം: അസാന്നിധ്യത്തിലും മമ്മൂട്ടിക്ക് കയ്യടി, മുഖ്യമന്ത്രിക്ക് മിഠായി നൽകി ബാലതാരം

തിരുവനന്തപുരം: പ്രിയതാരം മമ്മൂട്ടിയെ കാണാൻ കൂടിയായിരുന്നു സിനിമാപ്രേമികൾ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണം നടന്ന നിശാഗന്ധി ഓഡിറ്റോറിയം തിങ്ങിനിറഞ്ഞിരുന്നത്.
ചടങ്ങിൽ മമ്മൂട്ടി എത്തില്ലെന്നറിഞ്ഞതോടെ അവർ അല്പം നിരാശരായെങ്കിലും പ്രിയതാരത്തിന്റെ പേര് പരാമർശിച്ചപ്പോഴും സ്‌ക്രീനിൽ ചിത്രം തെളിഞ്ഞപ്പോഴും വേദിയിൽ നിലയ്ക്കാത്ത കൈയടിയും ആർപ്പുവിളയും ഉയർന്നു.
മമ്മൂട്ടിക്കുവേണ്ടി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. മികച്ച ചിത്രമായ ‘നൻപകൽനേരത്ത് മയക്ക’ത്തിന്റെ സംവിധായകൻ ലിജോ ജോസിനും മികച്ച നടി വിൻസി അലോഷ്യസിനും കാണികളുടെ സ്നേഹക്കൈയടി ഏറെക്കിട്ടി.
‘ന്നാ താൻ കേസ് കൊട്’ സിനിമയിലൂടെ പ്രത്യേക ജൂറി പരാമർശം നേിടയ നടൻ കുഞ്ചാക്കോ ബോബനും ചിത്രത്തിൽ മജിസ്‌ട്രേറ്റിന്റെ വേഷമിട്ട് പ്രേക്ഷകർക്ക് പ്രിയങ്കരനായ പി.വി. കുഞ്ഞികൃഷ്ണനുമായിരുന്നു ചടങ്ങിലെ മറ്റു താരങ്ങൾ. മികച്ച സ്വഭാവനടനുള്ള പുരസ്‌കാര ജേതാവായിരുന്നു കുഞ്ഞികൃഷ്ണൻ.
മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വീകരിക്കുമ്പോൾ മഹേഷ് നാരായണൻ സന്തോഷത്താൽ വിതുമ്പലിന്റെ വക്കോളമെത്തി. മറുപടിപ്രസംഗത്തിനെത്തിയ വിൻസിയും അധികമൊന്നും പറയാതെ വിതുമ്പലോടെ നന്ദിപറഞ്ഞു. ‘പല്ലൊട്ടി നയന്റീസ് കിഡ്‌സി’ലൂടെ മികച്ച ബാലതാരമായ ഡാവിഞ്ചി അവാർഡ് സ്വീകരിച്ചശേഷം കീശയിൽ കരുതിയിരുന്ന മിഠായി മുഖ്യമന്ത്രി പിണറായി വിജയന് ‘സമ്മാന’മായി നൽകി.
ഒരുപാട് പ്രതിഭകളുള്ള മലയാളത്തിൽ സിനിമയെടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ജൂറി ചെയർമാൻ ഗൗതംഘോഷ് പറഞ്ഞു.
Content Highlights: state film awards 2022, mammootty, vincy and lijo jose pellissery, kunchacko boban