'ഞാൻ നിന്നെ എത്രയേറെ ഇഷ്ടപ്പെടുന്നുവെന്ന് അറിയില്ലേ'; സൊനാക്ഷിക്ക് മെലഡി സമ്മാനിച്ച് ഭർത്താവ്

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി 'മെലിഡി' മിഠായി പാക്കറ്റ് സമ്മാനിച്ചത് സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. സമ്മാനത്തിന് നന്ദി എന്ന കുറിപ്പോടെ മോദി സമ്മാനിച്ച മെലഡി പാക്കറ്റുമായി ഇരുനേതാക്കളും നിൽക്കുന്ന വീഡിയോ മെലോണി തന്നെയാണ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. മോദിയും മെലോണിയും തമ്മിലെ സൗഹൃദത്തെ സൂചിപ്പിക്കാനായി സാമൂഹികമാധ്യമങ്ങളിൽ ഉപയോഗിക്കുന്ന വാക്കാണ് മെലോഡി. പിന്നാലെ ഇരുവരുടേയും സൗഹൃദം വീണ്ടും ചർച്ചയായി.
ഇപ്പോഴിതാ മറ്റൊരു മെലഡി റീലാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാവുന്നത്. നടി സൊനാക്ഷി സിൻഹയും പങ്കാളി സഹീർ ഇക്ബാലുമാണ് പുതിയ വൈറൽ വീഡിയോയിലെ താരങ്ങൾ. സഹീർ നടിക്ക് മെലഡി സമ്മാനമായി നൽകുന്നതും അതിനോട് അവരുടെ പ്രതികരണവുമാണ് സൊനാക്ഷി തന്നെ പങ്കുവെച്ച റീലിലെ ശ്രദ്ധാകേന്ദ്രം.
'ഒരു പാരലൽ ലോകത്ത്' എന്ന ക്യാപ്ഷനോടെയാണ് സൊനാക്ഷി റീൽ പങ്കുവെച്ചത്. വീഡിയോ ഓണാക്കിയ ശേഷം ക്യാമറയിൽ നോക്കി സൊനാക്ഷി സഹീറിനോട്, 'എന്താണ് എന്നോട് ചോദിക്കാനുള്ളത്', എന്ന് ആരായുന്നു. 'ഞാൻ നിന്നെ എത്രയേറെ ഇഷ്ടപ്പെടുന്നുവെന്ന് നിനക്കറിയില്ലേ', എന്നായി സഹീറിന്റെ മറുചോദ്യം. 'ഇല്ല, അപ്പഴോ', എന്നായി സഹീറിന്റെ മറുപടി. ഏതാനും നിമിഷങ്ങൾക്ക് ശേഷം സൊനാക്ഷിക്ക് നേരെ സഹീർ ഒരു മെലഡി മിഠായി നീട്ടുന്നു. 'മെലഡി കഴിക്കൂ, മനസിലാക്കൂ', എന്നും കൂടെ ചേർത്തുപറഞ്ഞിട്ട്, സഹീർ മിഠായി സൊനാക്ഷിയുടെ കഴുത്തിനടുത്തായി വെച്ചിട്ട് മടങ്ങിപ്പോകുന്നു. സൊനാക്ഷി ഇത് തമാശരൂപണയെടുത്ത് സഹീറിന് നേരെ വലിച്ചെറിയുന്നതായാണ് വീഡിയോയിലുള്ളത്.
സൊനാക്ഷിയും ജ്യോതികയും പ്രധാനവേഷത്തിലെത്തിയ സിസ്റ്റം വെള്ളിയാഴ്ച ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. നടിയുടെ പങ്കാളി സഹീർ ഇക്ബാലും നടനാണ്. നടൻ ശത്രുഘ്‌നൻ സിൻഹയുടെ മകളാണ് സൊനാക്ഷി. മുൻബിജെപി നേതാവായ ശത്രുഘ്‌നൻ സിൻഹ ഇപ്പോൾ തൃണമൂൽ കോൺഗ്രസിലാണ്. പാർലമെന്റ് അംഗം കൂടിയായിരുന്നു അദ്ദേഹം.
Content Highlights: Sonakshi Sinha and Zaheer Iqbal recreate the viral Melody candy trend in a new Instagram reel. The video references the viral interaction between PM Narendra Modi and Giorgia Meloni. Sonakshi Sinha's recent project 'System' released on Amazon Prime. Background context on Sonakshi's family and career