'ആ നിമിഷം ഞാൻ 'ഛക് ദേ ഇന്ത്യ' യുടെ ക്ലൈമാക്സിലെ ഷാരൂഖാനെപ്പോലെ നിന്നു'

ആട് 2 റിലീസ് ചെയ്ത് മുന്ന് വർഷങ്ങൾ പിന്നിട്ട അവസരത്തിൽ ഓർമകൾ പങ്കുവച്ച് ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ച സോജു ജോഷ്വാ. 2015 ൽ മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആടിന്റെ രണ്ടാം ഭാഗമായിരുന്നു ആട് 2.
തിയേറ്ററുകളിൽ പരാജയം ഏറ്റുവാങ്ങാനായിരുന്നു ആടിന്റെ വിധി. എന്നാൽ സിനിമയുടെ ഡിവിഡി പുറത്തിറങ്ങിയപ്പോൾ അഭിപ്രായങ്ങൾ മാറി. അങ്ങനെ പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാം ഭാഗവുമായി മിഥുൻ മാനുവൽ തോമസും കൂട്ടരും വീണ്ടുമെത്തിയപ്പോൾ അതൊരു ഗംഭീര ബ്ലോക്ക് ബസ്റ്ററായി.
സോജു ജോഷ്വയുടെ കുറിപ്പ്
മലയാളത്തിലെ എക്കാലത്തെയും മികച്ച ബോക്സോഫീസ് ഹിറ്റുകളിലൊന്നായ ഞങ്ങളുടെ 'ആട്2' റിലീസ് ചെയ്തിട്ട് മൂന്നു വർഷങ്ങൾ. റിലീസുകൾ എന്നും ഒരോർമ്മയാണ്. പ്രത്യേകിച്ച് നാം കൂടി ഭാഗമായ ചിത്രങ്ങൾ മറക്കാനാവില്ല.
ആദ്യ ചിത്രമായ 'സാഗർ അലിയാസ് ജാക്കി' യുടെ റിലീസിന്റെ തലേന്ന് ചീഫ് ബോസേട്ടേൻ വിളിച്ചു.. "സോജു എവിടാ പടം കാണുന്നേ..?" "അത്, ബോസേട്ടാ.. രാവിലെ ടിക്കറ്റ് കിട്ടുവാണേൽ.. ഇവിടെ പത്തനംതിട്ടയിൽ കാണാമെന്നു വെച്ചാ.."''എന്നാ ഒരു കാര്യം ചെയ്യ്.. രാവിലെ തിരുവനന്തപുരം ബസ്സ് കേറി തമ്പാനൂര് വാ.. നമുക്കൊരുമിച്ച് ഇവിടെ ശ്രീകുമാറിൽ കാണാം മോർണിംഗ് ഷോ.."
#മറ്റൊരു_ഡിസംബർ_22. മലയാളത്തിലെ എക്കാലത്തെയും ബോക്സോഫീസ് ഹിറ്റുകളിലൊന്നായ ഞങ്ങളുടെ 'ആട്2' റിലീസ് ചെയ്തിട്ട് ഇന്നേയ്ക്ക്...
Posted by Soju Joshua on Tuesday, 22 December 2020
2009 മാർച്ച് 27.ശ്രീകുമാർ തീയേറ്ററിലെ ഇരുട്ടിൽ, ലാലേട്ടന്റെ തകർപ്പൻ ഇൻട്രോയ്ക്കു ശേഷം ടൈറ്റിലുകൾ ആരംഭിച്ചു. സഹസംവിധായകരുടെ പേരിന്റെ കൂട്ടത്തിൽ എന്റെ പേര് വന്നപ്പോൾ ഇടവും വലവും ഇരുന്ന അനിയന്മാരായ (Karthik, Akash) കാർത്തിക്കും, ആകാശും ഭയങ്കര കയ്യടി. ഞാനങ്ങ് ഞെട്ടിപ്പോയി. വല്ലാത്ത ഒരു ചൂളൽ. എന്താ സംഭവമെന്നറിയാതെ മുൻ നിരയിലിരുന്ന കുറേ പേർ തിരിഞ്ഞു നോക്കി. ഉടനേ ബോസ്സേട്ടൻ.. "ഡാ.. എന്റെ പേരും വരുന്നുണ്ട്.. ടിക്കറ്റ് ഞാനാ തന്നേന്ന് മറക്കണ്ട.." എന്നു പറഞ്ഞ് എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു. ഒരു സിനിമയുടെ പേരിൽ ജീവിതത്തിൽ ആദ്യമായി കിട്ടിയ കയ്യടി അതായിരുന്നു.
വർക്ക് ചെയ്തതിൽ ഏറ്റവും ഒടുവിലത്തെ സിനിമ. 'ജൂൺ' ആയിരുന്നു. 2019 ഫെബ്രുവരി 15 വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്തെങ്കിലും, തൊട്ടു പിറ്റേദിവസം ശനിയാഴ്ച പപ്പായുടെ അടക്കം ആയിരുന്നതിനാൽ പോകാൻ പറ്റിയില്ല. (ഫെബ്രുവരി 13 നായിരുന്നു അപ്പൻ മരിച്ചത്). ശനിയാഴ്ചത്തെ അടക്കവും, ഞായറാഴ്ച രാവിലെ പള്ളിയിൽ കുർബ്ബാനയും, കല്ലറയിലെ പ്രാർത്ഥനയും കഴിഞ്ഞ് ഞാൻ നേരെ വീട്ടിലെത്തി ഡ്രെസ് മാറി ആരോടും പറയാതെ സ്കൂട്ടറെടുത്ത് നേരെ പത്തനംതിട്ട ധന്യ-രമ്യയിലേക്ക് വിട്ടു.
ടൈറ്റിലുകൾ വന്നുതുടങ്ങി. വർക്കല ക്ലിഫിലേക്കുള്ള ജൂണിന്റെ /രജീഷയുടെ എൻട്രിയിലും ചുറ്റിനടക്കലിലുമാണ് ടൈറ്റിലുകൾ ഓടുന്നത്. ഒടുവിൽ എന്റെ പേർ വന്നു.. കടൽത്തീരത്ത് കൈകൾ ഇരുവശത്തേക്കുമായി വിടർത്തി ജൂൺ നടക്കുന്ന ഒരു ബാക്ക്ഷോട്ടിലാണ് അസ്സോസിയേറ്റ് ഡയറക്‌ടേഴ്സ് എന്ന ഹെഢിൽ എന്റെ പേർ എഴുതി വന്നത്. അന്ന് ഷൂട്ടിംഗ് സമയത്ത് കൃത്യം അതേ ഷോട്ട് എടുക്കുമ്പോഴായിരുന്നു, പപ്പായെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തുവെന്ന ഫോൺ കോൾ എന്നെ തേടിവന്നത്. ആ ഷോട്ട് തീരുംമുമ്പ് ഞാൻ ഹോസ്പിറ്റിലിലേക്ക് പുറപ്പെട്ടിരുന്നു. പടം ഇറങ്ങിയപ്പോൾ എന്റെ പേരുള്ള ഈ ടൈറ്റിൽ കൃത്യം അതേ ഷോട്ടിൽത്തന്നെ എങ്ങനെ എഴുതിവന്നുവെന്ന് ഇപ്പോഴും എനിക്കറിയില്ല. ജൂണും അതിനാൽ പെയ്തൊഴിയാതെ മനസ്സിൽ നിൽക്കുന്നു.
ആട് 2 സംഭവിക്കുമ്പോൾ, ഒരു പക്ഷേ ആ ടീമിലേക്ക് ഏറ്റവും ഒടുവിൽ വിളിച്ചു ചേർക്കപ്പെട്ട ആൾ ഞാനായിരിക്കും. ഷൂട്ട് തുടങ്ങുന്നതിന്റെ തലേ ദിവസം രാത്രി ഒമ്പതുമണിക്കാണ് ഞാനതിൽ ഭാഗമാകുന്നത്. ബോക്സോഫീസിൽ ഹിറ്റാകാതെ പോയ ഒരു പടത്തിന്റെ രണ്ടാം ഭാഗമെന്ന ജാഗ്രത എല്ലാവരിലുമുണ്ടായിരുന്നു. 50-55 ദിവസം അതികഠിനമായ വർക്കായിരുന്നു. എല്ലാവരും ക്ഷീണിച്ച് കരുവാളിച്ച്, രണ്ട് മാസ്ക് ഇട്ടിട്ടും പത്തിലേറെ ദിവസങ്ങൾ ഫാക്ടറിയിലെ കാർബൺ ശ്വസിച്ചും രാത്രി 3-4 മണിക്കൂറുകൾ മാത്രം ഉറങ്ങിയും തളർന്നു വീണു പോയേക്കാവുന്ന ജോലി ഭാരങ്ങൾ ഉണ്ടായിരുന്ന ഒരു വലിയ സിനിമ.
കൊടുംവെയിലും കനത്ത മഴയും കണ്ണു കാണാത്ത മഞ്ഞും ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനുകളിലേക്ക് ഞങ്ങളെ വേട്ടയാടി. ഉച്ചയ്ക്ക് ബ്രേക്ക് വിളിക്കുമ്പോൾ വിശപ്പുണ്ടെങ്കിലും പലപ്പോഴും കഴിക്കാനോടാതെ അടുത്തുള്ള ഏതെങ്കിലും മരച്ചുവട്ടിൽ കിടന്ന് തളർന്നുറങ്ങി. പലപ്പോഴും പൊട്ടിപ്പോകുന്ന തലവേദനയിൽ കുനിഞ്ഞിരുന്ന് തികട്ടി വന്ന പുളിവെള്ളം ഛർദ്ദിച്ചു. നിന്നു നിന്നു നീരു വെച്ച കാലുകളും വലിച്ചുകൊണ്ട് ഓടി. ഒരു കിലോമീറ്റർ പരിധിയിലെ ആവശ്യമില്ലാത്തവയെയും, ആവശ്യമില്ലാത്തവരെയും ഒഴിപ്പിച്ചു. സ്ഥിരമായി സംസ്ഥാനപാതകൾ 'കട്ട്' കേൾക്കുംവരെ ബ്ലോക്ക് ചെയ്ത് സംപൂജ്യരായ നാട്ടുകാരുടെ 'നല്ല വാക്കുകൾ' ഏറ്റുവാങ്ങി. ഒരു വലിയ പാലത്തിൽ പൂർണ്ണമായി ഗതാഗതം തടസ്സപ്പെടുത്തി. മിനിട്ടുകളുടെ ഇടവേളകളിൽ വന്നും, പോയും ഇരുന്ന മഴയ്ക്കനുസരിച്ച് ഒരു വലിയ ഗ്രൗണ്ട് മുഴുവൻ മൂടിയും, തുറന്നും മത്സരിച്ചു. ഒരു ട്രെയിനും റെയിൽവേ സ്റ്റേഷനും മുഴുവനായി ഷൂട്ടിംഗിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ചലിപ്പിച്ചു. വെള്ളത്തിൽ, ചെളിയിൽ, കാർബൺ പൊടിയിൽ പൂണ്ട് ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ടിരുന്നു. ഈ സിനിമയുടെ നിഘണ്ടുവിൽ 'നോ' എന്നൊരു വാക്കില്ലായിരുന്നു. കുപ്പിയിൽ നിന്നു വന്ന ഭൂതങ്ങളെപ്പോലെ എല്ലാവരും പറന്നു നിന്നു.
ഓരോ സിനിമയും കൂടുതലായി എന്തു പഠിപ്പിക്കുന്നു എന്ന് ചോദിച്ചേക്കാം.. ഓരോ പടം ചെയ്തുകൊണ്ടിരിക്കുമ്പോഴും അസിസ്റ്റന്റ് ഡയറക്ടറുമാർ ചിന്തിക്കും.. "ഇതൂടേ ഒള്ളൂ.. എനി സ്വന്തം സിനിമ.."പക്ഷേ, വീണ്ടും സിനിമ വരും.. ഇതേ സുഖമില്ലായ്മകളുടെ കഷ്ടപ്പാടുകളുടെ സുഖമനുഭവിക്കാൻ അവർ ഇറങ്ങിപ്പുറപ്പെടും. അതാണ് സിനിമ.. വിട്ടുപോകാൻ തോന്നില്ല. പുറത്തു നിന്നു നോക്കുന്ന ഗ്ലാമറൊന്നുമല്ല, അതിലുമുപരിയായി ഒരിക്കലെങ്കിലും 'സിനിമ മേക്കിംഗ്' എന്ന പ്രോസസ്സിൽ പങ്കാളിയായ ഒരാൾക്കും ആ സിനിമ പൊട്ടരുതേ എന്നല്ലാതെ പ്രാർത്ഥിക്കാനാവില്ല. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമയ്ക്ക് താരങ്ങളുടെ ഫാൻസ് അസ്സോസിയേഷനല്ലാതെ ഒരു 'സ്പെഷ്യൽ ഷോ' സംഭവിക്കുന്നത്.
2017 ഡിസംബർ 22 വെള്ളിയാഴ്ച രാവിലെ 8 മണിയ്ക്ക് എന്റെ പത്തനംതിട്ടയിലെ ട്രിനിറ്റി സ്ക്രീൻ 1 ലും 3 ലുമായി ഏകദേശം 20 കിലോമീറ്റർ ചുറ്റളവിലുള്ള 420 പേർ ഏറ്റവുമാദ്യം 'ആട് 2' കണ്ടു. ഫോണിൽ തുടർച്ചയായി കോളുകൾ വന്നുകൊണ്ടേയിരുന്നു. വിജയ് സാർ, വിനയ് ചേട്ടൻ, ഷിബുച്ചേട്ടൻ, വിഷ്ണുച്ചേട്ടൻ, ജയേട്ടൻ, സൈജുച്ചേട്ടൻ, അരുൺ ചേട്ടൻ, സംഗീത്, സുജിൻ, റോബിൻ ചേട്ടൻ, അൻസാരി, വിവേക്, നിതീഷ്, നവീൻ, സൂര്യ, അനന്തു.. അങ്ങനെ. മറുതലയ്ക്കലെ എല്ലാവരും മുള്ളിൻ മുനയിലാണ്. മിഥുൻ സാർ മാത്രം വിളിച്ചില്ല. കക്ഷി ഫോൺ ഓഫ് ചെയ്തിട്ട് ഏതോ സ്ഥലത്ത് പോയി ഇരിപ്പാണ്.. പാവം. ചില സീക്വൻസുകൾ പറഞ്ഞിട്ട് അവിടെ ചിരി വീഴുന്നുണ്ടോ എന്നിങ്ങനെ, ഇടയ്ക്കിടയ്ക്ക് വിളിച്ച് റെസ്പോൺസ് സ്റ്റാറ്റസ് അറിയിക്കണമെന്നാണ് വിജയ് സാറിന്റെ ഓർഡർ.
എനിക്കാണെങ്കിൽ കണ്ടിട്ട് ഒന്നും ജഡ്ജ് ചെയ്യാൻ പറ്റാത്ത അവസ്ഥ. സാദാ ഒരു സിനിമ കാണുമ്പോലെ നമ്മൾ വർക്കു ചെയ്ത സിനിമകൾ കാണാൻ സാധിക്കില്ല. സീനുകൾ കാണുമ്പോൾ ആസ്വദിക്കാനാവുന്നതിനു പകരം, അത് ഷൂട്ട് ചെയ്തപ്പോഴുണ്ടായ കാര്യങ്ങൾ, താരങ്ങളുടെ യഥാർത്ഥ സംസാരങ്ങൾ എന്നിവയൊക്കെയാണ് ഓർമ്മ വരുന്നത്. ഈ ഫോൺ വിളി സമ്മർദ്ദം കൂടി എന്റെ റിലേ പോയി. പടം തീരാൻ 15 മിനിട്ടുകൾ കൂടി ഉള്ളപ്പോൾ ഞാൻ സീറ്റിൽ ഇരിക്കാനാവാതെ പോയി വാതിൽക്കൽ നിന്നു. ദേഹത്തു നിന്നും, കണ്ണിൽ നിന്നും ആകെ പുകയും, ചൂടും. പടം കഴിഞ്ഞു. ആരിലോ തുടങ്ങി, എല്ലാവരും എഴുന്നേറ്റു നിന്ന് അതിഗംഭീരകയ്യടിയും, ആരവവും. എന്റെ ദേഹത്തു കൂടി ഒരു കുളിരോ, മിന്നലോ അങ്ങനെ എന്തോ കടന്നു പോയി. ആരൊക്കെയോ നിന്ന് "സോജുച്ചാൻ കീ ജയ്.." എന്നൊക്കെ മുദ്രാവാക്യം വിളിക്കുന്നുണ്ട്. (എല്ലാം അറിയാവുന്നവർ ആണ്). അതേസമയത്താണ് ഫിലിം ഡ്യൂറേഷൻ കാൽക്കുലേറ്റ് ചെയ്ത് കൃത്യമായി ജയേട്ടൻ വിളിക്കുന്നത്.. "എടാ.. എന്തായെടാ.. "ദാ..കേൾക്ക്.." ഞാൻ ഫോൺ ആരവത്തിലേക്ക് നീട്ടി.. ഇറങ്ങിവരുന്നവർ പറയുന്ന തകർപ്പൻ കമന്റുകൾ ഫോണിലൂടെ ജയേട്ടൻ കേട്ടു. ഇറങ്ങി വന്ന ഒരു പാട് പേർ എന്തിനാണെന്നറിയില്ല എന്റെ തോളിൽ തട്ടി അഭിനന്ദിച്ചു.. ഷേയ്ക് ഹാന്റുകൾ തന്നു. ഞാൻ 'ഛക് ദേ ഇന്ത്യ' യുടെ ക്ലൈമാക്സിലെ ഷാരൂഖാനെപ്പോലെ നിന്നു.
ആ സിനിമയോടും, അണിയറ പ്രവർത്തകരോടുമുള്ള സ്നേഹം മുഴുവനും കേരളത്തിൽ ആദ്യമായി ഈയുള്ളവൻ ഏകനായി നിന്നേറ്റു വാങ്ങുകയായിരുന്നു. ഒടുവിൽ "താങ്ക് യൂ ടാ മുത്തേ.." എന്നു പറഞ്ഞ് ജയേട്ടൻ ഫോണിലൂടെ ഒരുമ്മ തന്നു. ആ ക്രിസ്തുമസ് കാലത്ത്, 50 കോടിയിൽപരം കളക്റ്റ് ചെയ്താണ് ആട് 2 അതിന്റെ ബോക്സോഫീസ് ജൈത്രയാത്ര അവസാനിപ്പിച്ചത്.
ഞാൻ വർക്ക് ചെയ്ത ഈ പടം വിജയിച്ചതുകൊണ്ടല്ല.. ആ തീയേറ്ററിന്റെ വാതിൽക്കൽ നിന്ന് ഞാനേറ്റുവാങ്ങിയ സ്നേഹത്തിന്റെ അനിർവ്വചനീയമായ നിമിഷങ്ങളാലാണ് ഈ ദിവസം ഞാനോർക്കുന്നത്. കൊറോണക്കാലം കഴിഞ്ഞ് തീയേറ്ററുകൾ തുറന്നിട്ട് സ്വന്തം പടം ഇറങ്ങിയാൽ മതിയാരുന്നൂന്ന് രഹസ്യമായി ആഗ്രഹിക്കുന്നതും ഈ ഒരൊറ്റ കാരണം കൊണ്ടാണ്. എന്തുതന്നെയായാലും, സിനിമകളുടെ ആദ്യ ദിനം - ആദ്യ ഷോ അതൊരനുഭവമാണ്..!
Content Highlights: Soju Joshua assistant director Aaadu 2 movie
Content Highlights: