ആന്ധ്രാ മുഖ്യമന്ത്രി പൊട്ടക്കിണറ്റിലെ തവളയെന്ന് അദ്‌നന്‍ സമി; പ്രതിഷേധം, വിശദീകരണം

അദ്നൻ സമി, വെ.എസ്. ജ​ഗന്മോഹൻ റെഡ്ഡി | ഫോട്ടോ: യു.എൻ.ഐ, എ.എൻ.ഐ
അദ്നൻ സമി, വെ.എസ്. ജ​ഗന്മോഹൻ റെഡ്ഡി | ഫോട്ടോ: യു.എൻ.ഐ, എ.എൻ.ഐ

മുംബൈ: ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്. ജഗന്മോഹന്‍ റെഡ്ഡിയെ പൊട്ടക്കിണറ്റിലെ തവള എന്നുവിളിച്ചതില്‍ വിശദീകരണവുമായി ഗായകന്‍ അദ്‌നന്‍ സമി. ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്‌കര്‍ ലഭിച്ചതില്‍ ജഗന്മോഹന്‍ നടത്തിയ ട്വീറ്റിന് മറുപടി നല്‍കുമ്പോളാണ് സമി 'പൊട്ടക്കിണറ്റിലെ തവള' പരാമര്‍ശം നടത്തിയത്. ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതിനേ തുടര്‍ന്നാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.

തെലുങ്ക് പതാക ഉയരെ പറക്കുന്നു. നമ്മുടെ പാരമ്പര്യം മനോഹരമായി ആഘോഷിക്കുന്ന അന്തര്‍ദേശീയ അംഗീകാരം ലഭിച്ച ഒരു തെലുങ്ക് ഗാനത്തേക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുവെന്നാണ് ജഗന്മോഹന്‍ റെഡ്ഡി ട്വീറ്റ് ചെയ്തത്. തന്നെയും ലോകമാകമാനമുള്ള കോടിക്കണക്കിന് തെലുങ്ക് ജനതയ്ക്കും എല്ലാ ഇന്ത്യക്കാര്‍ക്കും ഏറെ അഭിമാനമുണ്ടാക്കിയതിന് നന്ദിയെന്നും നാട്ടു നാട്ടുവിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ടാഗ് ചെയ്തുകൊണ്ട് ജഗന്‍ കുറിച്ചു. ഇതിന് മറുപടിയായി ചെയ്ത ട്വീറ്റിലാണ് അദ്‌നന്‍ സമി വിവാദപരാമര്‍ശം നടത്തിയത്.

എന്ത് പ്രാദേശിക മനോഭാവമാണിതെന്നാണ് സമി ചോദിച്ചത്. തന്റെ മൂക്കിന് അപ്പുറത്തായതിനാല്‍ സമുദ്രത്തേക്കുറിച്ച് ചിന്തിക്കാനാവാത്ത പൊട്ടക്കിണറ്റിലെ തവള! പ്രാദേശികമായ വിഭജനങ്ങള്‍ സൃഷ്ടിക്കുന്നതിനും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാനാവാത്തതിലും നിങ്ങള്‍ ലജ്ജിക്കണം എന്നും അദ്‌നന്‍ സമി എഴുതി. ട്വീറ്റ് വൈറലായതോടെ പ്രതിഷേധവും കത്താന്‍ തുടങ്ങി. ഒരു മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ ഉപയോഗിച്ച ഭാഷയായിരുന്നു പ്രതിഷേധങ്ങളുടെ മൂലകാരണം.

വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ മറ്റൊരു ട്വീറ്റുമായി അദ്‌നന്‍ സമി രംഗത്തെത്തി. തന്റെ പ്രശ്‌നം ഏതെങ്കിലും ഭാഷയെച്ചൊല്ലിയല്ലെന്നും ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് രാജ്യത്തെ എപ്പോഴും ഒന്നായി കാണേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് നാട്ടു നാട്ടുവിന് ഓസ്‌കര്‍ ലഭിച്ചത്. പുരസ്‌കാരം സംഗീത സംവിധായകന്‍ എം.എം. കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ഏറ്റുവാങ്ങി. പ്രേംരക്ഷിതായിരുന്നു ഗാനത്തിന് നൃത്തസംവിധാനം നിര്‍വഹിച്ചത്.

Content Highlights: singer adnan sami calls ys jaganmohan reddy regional minded frog in a pond makes controversy, rrr