'നന്നായി വൈറലായിക്കൊണ്ടിരിക്കുമ്പോൾ ജിമിക്കിയോട് മലയാളികള്‍ ഇത് ചെയ്യുന്നത് എന്തൊരു കഷ്ടമാണ്'

'എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയെ' എന്ന നാടന്‍ ചേലുള്ള ഈ പാട്ട് കേരളം മാത്രമല്ല ഇന്ത്യയൊട്ടുക്കും തരംഗമായിരിക്കുകയാണ്. സകലരും ഏറ്റുപാടുകയും ചുവടുവയ്ക്കുകയും ചെയ്യുന്ന ഈ ഗാനത്തിന് സംഗീതം നല്‍കിയത് ഷാന്‍ റഹ്മാനാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലേതാണ് ഈ ഗാനം.
കഴിഞ്ഞ കുറച്ചു ദിവസമായി ജിമിക്കി കമ്മലിന്റെ ഈണം മറ്റൊരു ഗാനത്തിന്റെ പകര്‍പ്പാണെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൻ പ്രചരണം നടക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് വിശദീകരിച്ച് ഇപ്പോൾ രംഗത്തുവന്നിരിക്കുകയാണ് ഗാനം ചിട്ടപ്പെടുത്തിയ റഹ്മാന്‍.
ഷാന്‍ റഹ്മാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
ജിമിക്കി കമ്മല്‍ എന്ന പാട്ട് ഞാന്‍ ഏതോ ഗുജറാത്തി പാട്ടില്‍ നിന്ന് മോഷ്ടിച്ചതാണെന്ന തരത്തില്‍ ചിലര്‍ സമൂഹിക മാധ്യമങ്ങളിലൂടെ കുറച്ച് ദിവസങ്ങളായി പ്രചരിപ്പിക്കുന്നു. ഇത്തരം കാര്യങ്ങളോട് ഞാന്‍ പൊതുവെ പ്രതികരിക്കാറില്ല, കാരണം നമ്മുടെ പ്രേക്ഷകര്‍ക്ക് സത്യവും നുണയും തിരിച്ചറിയാന്‍ കഴിയും. പക്ഷെ ഇവിടെ നമ്മുടെ സ്വന്തം മലയാളികള്‍ തന്നെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയും മറ്റും ഇത് മോഷണമാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്. ജിമിക്കി കമ്മല്‍ മലയാളികളുടെ അഭിമാനമായ ഒരു പാട്ടാണ്. അന്താരാഷ്ട്ര വേദികളില്‍ പോലും ഈ ഗാനത്തിന് പലരും ചുവടുവയ്ക്കുന്നു.
ജിമിക്കി കമ്മല്‍ ഇത്രയും ഉയരത്തിലെത്തുമെന്ന് ഞങ്ങളും പ്രതീക്ഷിച്ചിരുന്നില്ല. പുറത്തിറങ്ങി ഒരു ചെറിയ കാലത്തിനുള്ളിലാണ് ഈ നേട്ടം എന്നുള്ളതിനാല്‍ അഭിമാനമുണ്ട്. ബിബിസി പോലുള്ള മാധ്യമങ്ങള്‍ ശ്രദ്ധിച്ച മലയാള ഗാനമാണിത്.
ഗുജറാത്തിലെ റെഡ് എഫ് എം റേഡിയോയുടെ സംരംഭത്തെയാണ് ഇപ്പോള്‍ ഞാന്‍ കോപ്പിയടിച്ചു എന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്. അവരുടെ വീഡിയോയില്‍ എന്റെ ശബ്ദമുണ്ട്. റെഡ് എഫ് എം ഇന്ത്യയില്‍ പലയിടത്തും ജിമിക്കി കമ്മലിന്റെ വ്യത്യസ്ത പതിപ്പുകള്‍ ഇറക്കിയിട്ടുണ്ട്. അതില്‍ അഭിമാനമുണ്ട്.
ജിമിക്കി കമ്മലും കോപ്പിയടിയാണെന്ന് ചൂണ്ടിക്കാട്ടിയ ഗാനവും യുട്യൂബില്‍ അപ് ലോഡ് ചെയ്ത ദിവസം വ്യക്തമാക്കുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ ഷാന്‍ സമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. ജിമ്മിക്കി കമ്മല്‍ ഓഗസ്റ്റ് 17നും ഗുജറാത്തി പതിപ്പ് സെപ്റ്റംബര്‍ 22നുമാണ് യുട്യൂബിലെത്തിയത്.


VIEW ON mathrubhumi.com