ഫ്ലൈറ്റ് അറ്റൻഡിനെ കടിച്ചു; കസ്റ്റഡിയിൽ പോലീസിനും നഴ്‌സിനുമെതിരെ ആക്രമണം; ഹോളിവുഡ് നടി അറസ്റ്റിൽ

ഹോളിവുഡ് നടി സെൽമ ബ്ലെയർ (54) അറസ്റ്റിൽ. വിമാനജീവനക്കാരെ മർദിച്ച കേസിൽ കസ്റ്റഡിയിൽ എടുത്ത നടി, പോലീസുകാരിയെയും നഴ്‌സിനെയും ആക്രമിച്ചു. കോടതിയിൽ ഹാജരാക്കിയ നടിയെ ജാമ്യത്തിൽവിട്ടു. 20,000 ഡോളർ ജാമ്യത്തുകയായി നൽകണം.
ലോസ് ഏഞ്ചലസിൽനിന്ന് ന്യൂയോർക്കിലേക്കുള്ള യാത്രയ്ക്കിടെ ഡെൽറ്റ എയർ ലൈൻസ് വിമാനത്തിലെ രണ്ട് ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചതിനാണ് സെൽമയെ ആദ്യം കസ്റ്റഡിയിലെടുത്തത്. ഫ്‌ളൈറ്റ് അറ്റൻഡന്റിനെ കടിച്ചെന്നായിരുന്നു ആരോപണം. ഞായറാഴ്ച രാത്രി 11 മണിയോടെ ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം എത്തിയപ്പോൾ പോർട്ട് അതോറിറ്റി പോലീസ് നടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്ന് നടിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ പോലീസുകാരിയെയും പിന്നീട് മെഡിക്കൽ സെന്ററിൽ വെച്ച് നഴ്സിനെയും ആക്രമിച്ചു. സ്‌ട്രെച്ചറിൽ ബന്ധിക്കാൻ ശ്രമിച്ച പോലീസുകാരിയുടെ മുഖത്തും കഴുത്തിലും നെഞ്ചിലും സെൽമ നിരന്തരം ചവിട്ടിയെന്നും ഗുരുതരമായ വേദനയും വീക്കവും ഉണ്ടായെന്നും കോടതി രേഖകളിൽ പറയുന്നു. ഇതിനുശേഷമാണ് നഴ്സിന് നേരെയും ആക്രമണമുണ്ടായത്.
നാഡീവ്യൂഹ സംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്ന് കഴിക്കുന്നത് മുടങ്ങിയതും യാത്രയ്ക്കിടെ വീണ് തലയ്ക്ക് പരിക്കേറ്റതുമാണ് സെൽമയുടെ പെരുമാറ്റത്തെ ബാധിച്ചതെന്ന് അവരുടെ അഭിഭാഷകൻ ഷാൺ ബാർൺസ് കോടതിയിൽ വാദിച്ചു. ഇത് മനഃപൂർവമുള്ള ആക്രമണമല്ലെന്നും വിമാനത്തിലെ അന്തരീക്ഷവും ഉയരവും കാരണം അവർ കടുത്ത മാനസിക വിഭ്രാന്തിയിലായിരുന്നുവെന്നും അഭിഭാഷകൻ വ്യക്തമാക്കി.
എന്നാൽ സെലിബ്രിറ്റിയാണെന്ന പരിഗണന നൽകാനാവില്ലെന്ന് വ്യക്തമാക്കിയ ജഡ്ജി, ജാമ്യത്തുകയായി 20,000 ഡോളർ പണമായോ 60,000 ഡോളറിന്റെ ബോണ്ടോ നൽകാൻ ഉത്തരവിടുകയായിരുന്നു. കേസ് ജനുവരിയിൽ വീണ്ടും പരിഗണിക്കും.
Content Highlights: Hollywood actress Selma Blair (54) was arrested for assaulting flight attendants during a Delta Air Lines flight from Los Angeles to New York. Upon landing at JFK International Airport, Port Authority police took her into custody for biting a flight attendant. While being transported to a hospital, she allegedly assaulted a female police officer and subsequently kicked a nurse at the medical center. Her attorney argued in court that her behavior stemmed from missed neurological medication and a head injury sustained during the flight, not intentional malice. The judge granted bail set at $20,000 cash or a $60,000 bond, rejecting special treatment for celebrity status, with the case adjourned to January.