വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന നടിയുടെ പരാതി; സീമാന്‍ ക്ഷമാപണം നടത്തണമെന്ന് വീണ്ടും സുപ്രീംകോടതി

ചെന്നൈ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ നാം തമിഴർ കക്ഷി നേതാവ് സീമാനും പരാതിക്കാരിയും പരസ്പരം ക്ഷമാപണം നടത്തിയില്ലെങ്കിൽ ഇരുവരെയും വിളിച്ചുവരുത്തുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പു നൽകി. ക്ഷമാപണം നടത്താതെ എത്രകാലം ഈ വിഷയം നീട്ടിക്കൊണ്ടുപോകുമെന്ന് കോടതി ബുധനാഴ്ച ചോദിച്ചു.
പരാതിക്കാരിയായ നടിയോട് സീമാൻ സെപ്റ്റംബർ 24-ന് മുൻപ് ക്ഷമാപണം നടത്തണമെന്ന് സുപ്രീംകോടതി നേരത്തേ നിർദേശിച്ചിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് സീമാൻ സമർപ്പിച്ച സത്യവാങ്മൂലം ക്ഷമാപണത്തിന്റെ രൂപത്തിലല്ലെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ ബുധനാഴ്ച കോടതിയിൽ ചൂണ്ടിക്കാണിച്ചു.
ഇതേത്തുടർന്നാണ് കോടതി മുന്നറിയിപ്പു നൽകിയത്. അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയതിന് നടിയോട് മാപ്പുപറഞ്ഞാൽ സീമാന്റെപേരിലുള്ള കേസ് റദ്ദാക്കുന്ന കാര്യം പരിഗണിക്കാമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്നയും ജസ്റ്റിസ് ആർ. മഹാദേവനുമടങ്ങുന്ന ബെഞ്ച് നേരത്തേ വ്യക്തമാക്കിയിരുന്നു.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നു കാണിച്ച് നടി നൽകിയ പരാതിയിൽ ചെന്നൈ, വൽസരവാക്കം പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സീമാൻ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. പരാതി പിൻവലിക്കുന്നതായി നടി അറിയിച്ചാലും കേസ് അന്വേഷിക്കാനും തുടർനടപടിയെടുക്കാനും പോലീസിന് സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരേയാണ് സീമാൻ സുപ്രീംകോടതിയെ സമീപിച്ചത്.
വിവാഹവാഗ്ദാനം നൽകി തന്നെ സീമാൻ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും പലതവണ ഗർഭച്ഛിദ്രം നടത്തിക്കുകയും ചെയ്തെന്നും വാക്കുപാലിക്കാതെ മറ്റൊരുവിവാഹം ചെയ്തെന്നും ആരോപിച്ച് 2011-ലാണ് നടി ആദ്യം പരാതി നൽകിയത്. എന്നാൽ, കേസുമായി മുന്നോട്ടുപോയില്ല. പത്ത് വർഷത്തിനുശേഷം വൽസരവാക്കം പോലീസ് സ്‌റ്റേഷനിൽ വീണ്ടും പരാതി നൽകിയെങ്കിലും പരാതി പിൻവലിക്കുകയാണെന്ന് 2023-ൽ അവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഈ സാഹചര്യത്തിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സീമാൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
Content Highlights: 2011 rape case: SC asks TN movie director, woman to apologise to each other