കൂടുതൽ ആസ്വദിച്ച് ജോലി ചെയ്യുന്നു, ദിവസവും 20 മണിക്കൂർ നീക്കിവെക്കുന്നു- സഞ്ജയ് ലീലാ ബൻസാലി

#Movies desk
സഞ്ജയ് ലീലാ ബന്‍സാലി| Photo: AFP
സഞ്ജയ് ലീലാ ബന്‍സാലി| Photo: AFP

ആലിയ ഭട്ട്, രൺബീർ കപൂർ, വിക്കി കൗശൽ എന്നിവരൊന്നിക്കുന്ന 'ലവ് & വാർ' എന്ന സിനിമയുടെ സെറ്റിൽ 63-ാം ജന്മദിനം ആഘോഷിച്ച് ചലച്ചിത്ര സംവിധായകൻ സഞ്ജയ് ലീലാ ബൻസാലി. ചിത്രത്തിന്റെ സെറ്റിൽ ജോലിക്കിടെയാണ് ജന്മദിനം ആഘോഷിച്ചതെന്ന് നടി ആലിയ ഭട്ട് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. സഹപ്രവർത്തകരും ആരാധകരുമെല്ലാം സോഷ്യൽമീഡിയ വഴി സംവിധായകനും നിർമാതാവും സംഗീത സംവിധായകനുമായ സഞ്ജയ് ലീലാ ബൻസാലിക്ക് ജന്മദിനാശംസകൾ നേർന്നു.

'ജീനിയസ്' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് നടി മനീഷ കൊയ്‌രാള ജന്മദിനക്കുറിപ്പ് പങ്കുവെച്ചത്. ആശംസകൾ അറിയിച്ച് ആലിയ ഭട്ട് വെറൈറ്റി ഇന്ത്യയുടെ പോസ്റ്റ് ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചു.

'ജോലി എന്നത് എന്റെ സ്വത്വം നിർവചിക്കുന്ന ഒന്നാണ്. ജോലിയില്ലാത്തപ്പോൾ ഞാനൊന്നുമല്ലാത്തൊരാളായി തോന്നും. ഞാനിപ്പോൾ ഒരു കലാകാരൻ എന്ന നിലയിൽ കൂടുതൽ സാഹസികനും പേടിയില്ലാത്തൊരാളുമാണ്. അഞ്ചോ പത്തോ വർഷം മുമ്പ് ഞാൻ ജോലി ചെയ്തതിനേക്കാൾ കഠിനമായി ഞാൻ ഇന്ന് ജോലി ചെയ്യുന്നു. ദിവസവും ഏകദേശം 20 മണിക്കൂർ ഇതിനായി നീക്കിവെക്കുന്നു, ഞാനത് ആസ്വദിക്കുകയാണ്', ജോലി സ്ഥലത്തെ തന്റെ ജന്മദിനാഘോഷത്തിനിടെ ബൻസാലി പറഞ്ഞതായി പോസ്റ്റിൽ വിവരിക്കുന്നതിങ്ങനെ.

ആലിയ ഭട്ട് പങ്കുവെച്ച പോസ്റ്റ്

അദ്ദേഹത്തിനുള്ള ജന്മദിന കുറിപ്പിൽ, നടി മനീഷാ കൊയ്‌രാള അദ്ദേഹത്തെ 'ജീനിയസ്' എന്ന് വിളിക്കുകയും സിനിമാരംഗത്തോടുള്ള 'സമർപ്പണത്തെ' പ്രശംസിക്കുകയും ചെയ്തു.

'ഹാപ്പി ബർത്ത്‌ഡേ, സഞ്ജയ്. നിങ്ങളെ ഒരു ജീനിയസ് എന്ന് വിളിക്കുന്നത് എളുപ്പമാണ്- എന്നാൽ നിങ്ങളെ യഥാർത്ഥത്തിൽ നിർവചിക്കുന്നത് നിങ്ങളുടെ സമർപ്പണമാണ്. സിനിമയോടും സൗന്ദര്യത്തോടും സംഗീതത്തോടും വികാരങ്ങളോടുമുള്ള സമർപ്പണം. കൂടാതെ മികവിനായി, നിരന്തരമായ അന്വേഷണത്തോടുള്ള നിങ്ങളുടെ സമർപ്പണം. നിങ്ങൾ കലയോട് സ്വയം പൂർണമായി സമർപ്പിക്കുന്ന രീതി ഞാൻ എപ്പോഴും അഭിനന്ദിച്ചിട്ടുണ്ട്. തീവ്രത, അച്ചടക്കം, ഭ്രാന്ത്, കവിത - ഇതെല്ലാം നിങ്ങൾ സൃഷ്ടിക്കുന്ന ലോകത്തിന്റെ ഭാഗമായി മാറുന്നു. നടന്മാരെന്ന നിലയിൽ, നിങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുന്നത് ഒരു വെല്ലുവിളിയും അതേ സമയം പ്രത്യേക ഭാഗ്യവുമാണ്', ബൻസാലിയോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് മനീഷാ കൊയ്‌രാള കുറിച്ചു.

Content Highlights: Alia Bhatt sends a heartfelt birthday wish to filmmaker Sanjay Leela Bhansali as he celebrates on the `Love & War` sets.