അശ്ലീല ഗാനവിവാദം: വനിതാ കമ്മിഷന് മുന്നിൽ മാപ്പപേക്ഷിച്ച് സഞ്ജയ് ദത്ത്

#Movies Desk
ദേശീയ വനിതാ കമ്മീഷൻ ഓഫീസിന് മുന്നിലെത്തിയ ബോളിവുഡ് താരം സഞ്ജയ് ദത്ത്  | Photo: PTI
ദേശീയ വനിതാ കമ്മീഷൻ ഓഫീസിന് മുന്നിലെത്തിയ ബോളിവുഡ് താരം സഞ്ജയ് ദത്ത് | Photo: PTI

'സർക്കെ ചുനർ തേരി സർക്കെ' എന്ന ഗാനത്തിലെ അശ്ലീല പരാമർശങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേശീയ വനിതാ കമ്മിഷന് (NCW) മുൻപാകെ മാപ്പപേക്ഷിച്ച് പ്രമുഖ ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. തിങ്കളാഴ്ച കമ്മിഷനു മുൻപിൽ ഹാജരായ അദ്ദേഹം, ഇതിനു പകരമായി 50 ഗോത്രവർഗ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് താൻ സ്വമേധയാ ഏറ്റെടുക്കാമെന്ന് അറിയിച്ചു.

ഏപ്രിൽ ആദ്യവാരമാണ് ധ്രുവ സർജ നായകനാകുന്ന 'കെഡി: ദ ഡെവിൾ' എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിലെ ഗാനം പുറത്തിറങ്ങിയത്. നോറ ഫത്തേഹിയുടെ ചടുലമായ നൃത്തച്ചുവടുകളുള്ള ഐറ്റം ഡാൻസ് ഉൾപ്പെടുന്ന ഗാനമാണിത്. സഞ്ജയ് ദത്തും ഗാനരംഗത്തിലുണ്ട്. അങ്ങേയറ്റം അശ്ലീലം നിറഞ്ഞതാണ് പാട്ടിന്റെ വരികളെന്നാണ് വിമർശനം. വിവാദമായ ഹിന്ദിയിലെ വരികൾ റക്വീബ് ആലം ആണ് എഴുതിയത്. അർജുൻ ജന്യയാണ് സംഗീതം നൽകിയത്.

സംഭവം വ്യാപകമായി വിമർശിക്കപ്പെട്ടതോടെ ഭാരതീയ ന്യായ സംഹിത, ഐ.ടി. ആക്ട്, പോക്സോ (POCSO) ആക്ട് എന്നീ വകുപ്പുകളുടെ ലംഘനം ചൂണ്ടിക്കാട്ടി വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും സഞ്ജയ് ദത്ത്, നോറ ഫത്തേഹി തുടങ്ങിയവരോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു.

തന്റെ അഭിഭാഷകനൊപ്പമാണ് സഞ്ജയ് ദത്ത് കമ്മിഷനു മുൻപിൽ ഹാജരായത്. സ്ത്രീകൾക്കും കമ്മിഷനോടുമുള്ള അതിയായ ബഹുമാനത്തിന്റെ പേരിലാണ് താൻ മാപ്പ് ചോദിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഗാനം റെക്കോർഡ് ചെയ്തത് മറ്റൊരു ഭാഷയിലായതിനാൽ വരികളുടെ അർഥം അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നാണ് അഭിഭാഷകൻ കമ്മിഷനെ അറിയിച്ചത്.

വിവാദത്തെത്തുടർന്ന് ചിത്രത്തിന്റെ ഔദ്യോഗിക മ്യൂസിക് പാർട്ണറായ ആനന്ദ് ഓഡിയോ യുറ്റ്യൂബിൽനിന്ന് ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പിൻവലിച്ചു.

സംഭവത്തിൽ മാപ്പ് പറഞ്ഞ് ഗായിക മംഗ്ലി, നോറ ഫത്തേഹി, വരികളെഴുതിയ റക്വീബ് ആലം എന്നിവരും രംഗത്തു വന്നിരുന്നു.

സഞ്ജയ് ദത്തിന് സമാനമായ വിശദീകരണമാണ് നോറ ഫത്തേഹി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഹിന്ദി ഗാനത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ഹിന്ദി ഗാനത്തിനു വേണ്ടിയല്ല താൻ നൃത്തം ചെയ്തതെന്നും നോറ ഫത്തേഹി പറഞ്ഞു. പാട്ട് പുറത്തിറങ്ങിയപ്പോൾതന്നെ ഇത് പ്രശ്നമാകുമെന്ന് തനിക്കറിയാമായിരുന്നുവെന്നും ഇക്കാര്യം സംവിധായകനോട് പറഞ്ഞിരുന്നുവെന്നും അവർ അവകാശപ്പെട്ടു.

അറിയാതെ സംഭവിച്ച തെറ്റിന് ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു മംഗ്ലിയുടെ പ്രതികരണം. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല, ഈ വീഴ്ചയിൽ ഞങ്ങൾ ഖേദിക്കുന്നു എന്നും അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഹിന്ദി ഗാനത്തിന്റെ വരികൾ താൻ സ്വന്തമായി എഴുതിയതല്ലെന്നും കന്നഡ വരികൾ വിവർത്തനം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് ഗാനരചയിതാവ് റക്വീബ് ആലം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. പാട്ടിലെ ഒരു വാക്കുപോലും തന്റേതല്ലെന്നും അദ്ദേഹം പറയുന്നു.

Content Highlights: Bollywood actor Sanjay Dutt apologized to the National Commission for Women regarding the controversial lyrics in the song 'Sarke Chunar Teri' and offered to sponsor the education of 50 tribal children as a gesture of remorse.