പോലീസിനു മാത്രമല്ല സിനിമയ്ക്കും അഭിമാനിക്കാം; സലീഷ് എന്‍.ശങ്കരന് രാഷ്ട്രപതിയുടെ മെഡല്‍

സലീഷ് എന്‍. ശങ്കര്‍, സച്ചിയോടൊപ്പം സലീഷ് എന്‍. ശങ്കര്‍
സലീഷ് എന്‍. ശങ്കര്‍, സച്ചിയോടൊപ്പം സലീഷ് എന്‍. ശങ്കര്‍

സ്തുത്യര്‍ഹ സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടി ജില്ലയ്ക്ക് അഭിമാനമായി കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി സലീഷ് എന്‍ ശങ്കരന്‍. സച്ചിയുടെ സംവിധാനത്തില്‍ ബിജു മേനോനും പൃഥ്വിരാജും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ സലീഷ് ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

പെരിങ്ങോട്ടുകരക്കാരനായ സലീഷിന്റെ ജീവിതത്തിലെ ഓരോ സംഭവവും അങ്ങേയറ്റം വൈവിധ്യപൂര്‍ണമായിരുന്നു. ചെത്തുകാരനായിരുന്നു സലീഷിന്റെ അച്ഛന്‍ ശങ്കരന്‍. വീട്ടുകാര്യത്തേക്കാള്‍ നാട്ടുകാര്യത്തിന് പ്രാധാന്യം കൊടുത്ത ആള്‍. വളരുംതോറും കഷ്ടപ്പാടിന്റെ വില കൂടുതല്‍ തിരിച്ചറിഞ്ഞാണ് സലീഷും സഹോദരങ്ങളും വളര്‍ന്നത്.  മരത്തില്‍ നിന്നു വീണ് അച്ഛന്‍ മരിക്കുമ്പോള്‍ പത്താം ക്ലാസിലായിരുന്നു സലീഷ്. ജീവിതത്തില്‍ പട്ടിണിയുടെയും കഷ്ടപ്പാടിന്റെയും ദിനങ്ങളായിരുന്നു പിന്നീട് നേരിടേണ്ടി വന്നത്. 

ജീവിതത്തില്‍ തോല്‍ക്കാതിരിക്കാനായി ഓട്ടോക്കാരനായും ചെത്തുകാരനായും വാര്‍ക്കപ്പണിക്കാരനായും കിണര്‍ നിര്‍മാണ തൊഴിലാളിയായും സദ്യ ഒരുക്കുന്ന ആളായുമൊക്കെ വേഷങ്ങള്‍ കെട്ടി.  ഇതിനിടയിലും പഠനം മുടങ്ങാതെ മുന്നോട്ടു കൊണ്ടു പോയി. അധ്യാപകനാവുക എന്നതായിരുന്നു ലക്ഷ്യം. പൊളിറ്റിക്കല്‍ സയന്‍സില് ബിരുദവും ബിരുദാനന്തര ബിരുദവും. അടൂര്‍ ബി.എഡ്. കോളേജില്‍ നിന്ന് ബി.എഡ്. പഠനവും പൂര്‍ത്തിയാക്കി. 

അധ്യാപകനാവാന്‍ ആഗ്രഹിച്ച സലീഷിന്റെ ജീവിതത്തിലെ അടുത്ത വേഷമായിരുന്നു പോലീസിന്റേത്. 1998ലാണ് പോലീസ് ജോലിയില്‍ പ്രവേശിച്ചത്. സുഹൃത്തായ സുദര്‍ശനനാണ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്കുള്ള അപേക്ഷ പോലും വാങ്ങി തയ്യാറാക്കി അയച്ചത്. അവിചാരിതമായാണ് പോലീസ് ജോലി ലഭിച്ചതെങ്കിലും മറ്റൊരു അവസരം ലഭിച്ചപ്പോഴേക്കും പോലീസ് ജോലി ആവേശമായി മാറിയിരുന്നു, അതിനിടയില്‍ സെറ്റ് പരീക്ഷയിലും വിജയിച്ചു. 2003ല്‍ എസ്.ഐ.യായി കൂടുതല്‍ തിരക്കുകളിലേക്ക് തിരിഞ്ഞു. 

കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലായുള്ള ഔദ്യോഗിക ജീവിതത്തില്‍ ഇതുവരെ തെളിയിച്ചത് ഇരുന്നൂറിലേറെ കവര്‍ച്ച കേസുകള്‍, നിരവധി കൊലക്കേസുകള്‍. കേരളം ചര്‍ച്ച ചെയ്തതും കേട്ട് പേടിച്ചതുമായ നിരവധി കേസുകളുടെ തുമ്പുണ്ടായത് സലീഷിന്റെ ശ്രദ്ധയില്‍ നിന്നായിരുന്നു. 

നിഷിയാണ് ഭാര്യ. ജിതിൻ, ഇക്സോറ എന്നിവർ മക്കളാണ്

Content Highlights: saleesh n sankaran, DYSP, gallantry and service medals, President of India, Film actor