എം.ടിയെ കാണുമ്പോൾ മനസ്സ് സഞ്ചരിക്കുന്നത് ആ പഴയ നല്ല കാലത്തേക്ക് - ഹരിഹരൻ

#ഷബിത
എം.ടിയെ ഹരിഹരൻ പൊന്നാടയണിയിക്കുന്നു | Photo: mathrubhumi
എം.ടിയെ ഹരിഹരൻ പൊന്നാടയണിയിക്കുന്നു | Photo: mathrubhumi

എം.ടി.വാസുദേവന്‍ നായരെ കാണുമ്പോൾ പഴയ നല്ല കാലത്തേക്കാണ് മനസ്സ് സഞ്ചരിക്കുന്നതെന്ന് സംവിധായകൻ ഹരിഹരൻ. തിരൂർ തുഞ്ചൻ പറമ്പിൽ സാദരം എം.ടി എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

'മുറപ്പെണ്ണ്, ഓളവും തീരവും തുടങ്ങിയ സിനിമകൾ ഇപ്പോഴും ഇടയ്ക്കിടെ കാണാറുണ്ട്. അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ ഗ്രാമർ പൊളിച്ചെഴുതിക്കൊണ്ടാണ് എം.ടി മലയാള ചലച്ചിത്ര പ്രവേശം നടത്തിയത്. ഭാസ്കരൻ മാഷിന്റെയടുക്കൽ ഞാനൊക്കെ അസിസ്റ്റന്റാവാൻ ഒരു ചാൻസ് ചോദിച്ചു നടക്കുന്ന കാലം തൊട്ടേ മനസ്സിൽ ആരാധിക്കുന്ന വിഗ്രഹമാണ് എം.ടി. എല്ലാ സെറ്റിലും ചർച്ചാ വിഷയം എം.ടിയും കഥകളുമായിരുന്ന കാലം കൂടിയായിരുന്നു അത്. നടൻ സത്യനും പ്രേംനസീറും ആരാധനയോടെ കണ്ട കഥ പറച്ചിലുകാരൻ. ഞങ്ങൾ ഒന്നിച്ച് സിനിമ ചെയ്യാൻ തുടങ്ങിയപ്പോൾ എം.ടിയെ കൂടുതൽ അടുത്തറിഞ്ഞു. ഇന്നും എം.ടി യുടെ പുതിയ സിനിമയെക്കുറിച്ച് ആളുകൾ ചോദിക്കുന്നത് അദ്ദേഹത്തോടല്ല, എന്നോടാണ്. അതൊരു ഭാഗ്യമായി കരുതുന്നു', ഹരിഹരൻ പറഞ്ഞു. 

മുറപ്പെണ്ണ് എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ നസീറിനെ ലൊക്കേഷനിലെ അടുത്ത വീടുകളിൽ താമസിപ്പിച്ചതും അദ്ദേഹം സഹകരിച്ചതുമായ ഓർമകൾ പങ്കുവെച്ച് എം.ടി തുറന്നു ചിരിച്ചു. സംവിധായകൻ ലാൽ ജോസും നടൻ വിനീതും എം.ടിയെ കാണാനെത്തി.

Content Highlights: sadaram mt director hariharan about mt vasudevan nair thunjan parambu thirur