ഇത്രയും കാലം സംശയത്തിന്റെ നിഴലിലായിരുന്നു, സുശാന്തിന്റെ മരണത്തിൽ ക്ലീൻ ചിറ്റ് കിട്ടിയതിപ്പോഴാണ് -റിയ

#മൂവി ഡെസ്ക്
റിയ ചക്രബർത്തി | ഫോട്ടോ: PTI
റിയ ചക്രബർത്തി | ഫോട്ടോ: PTI

നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെ തുടർന്ന് അറസ്റ്റിലായതിനുശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി നടി റിയ ചക്രബർത്തി. ഈ വർഷമാണ് തനിക്ക് കേസിൽ ക്ലീൻ ചിറ്റ് ലഭിച്ചതെന്ന് അവർ പറഞ്ഞു. ട്രെയിറ്റേഴ്സ് എന്ന ഷോയുടെ രണ്ടാം സീസണിന്റെ പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയിലാണ് റിയയുടെ ഈ പരാമർശമുള്ളത്. ഒരു ചോദ്യത്തിന് മറുപടിയായാണ് റിയ ഇക്കാര്യം പറഞ്ഞത്.

ഷോയിൽ മുന്നോട്ടുപോകാൻ നിഷ്കളങ്കനാകാനാണോ, ചതിയൻ ആകാനാണോ താത്പര്യമെന്നായിരുന്നു ചോദ്യം. തനിക്ക് നിഷ്കളങ്കതയാണ് താത്പര്യമെന്നാണ് റിയ ചക്രബർത്തി ഇതിനോട് പ്രതികരിച്ചത്. "എനിക്ക് ഇന്നസെന്റ് ആകാനാണ് താൽപ്പര്യപ്പെടുന്നത്. ഈ വർഷമാണ് യഥാർത്ഥത്തിൽ എനിക്ക് ക്ലീൻ ചിറ്റ് ലഭിച്ചത്, ഞാൻ നിരപരാധിയാണെന്ന് ആളുകൾ തിരിച്ചറിഞ്ഞതും ഈ വർഷമാണ്. വളരെക്കാലമായി ഞാൻ സംശയത്തിന്റെ നിഴലിലായിരുന്നു, അതുകൊണ്ട് ആ അവസ്ഥ ഇപ്പോൾ എനിക്ക് ഇഷ്ടമല്ല. വർഷങ്ങളോളം ഞാൻ അത് അനുഭവിച്ചു കഴിഞ്ഞു." റിയയുടെ വാക്കുകൾ ഇങ്ങനെ.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണശേഷം മയക്കുമരുന്ന് കേസിൽ റിയയെയും സഹോദരൻ ഷോവിക് ചക്രവർത്തിയെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) അറസ്റ്റ് ചെയ്തിരുന്നു. സാമൂഹിക ബഹിഷ്കരണവും അവർ നേരിട്ടിരുന്നു. എന്നാൽ, ഈ വർഷം മാർച്ചിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) ഈ മരണക്കേസിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കുകയും റിയ ചക്രവർത്തിക്ക് പൂർണ്ണമായ ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു. ഏതാനും മാസങ്ങൾക്ക് മുമ്പ് വന്ന ഈ റിപ്പോർട്ടിലൂടെ റിയക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും അന്വേഷണ ഏജൻസി പൂർണ്ണമായി ഒഴിവാക്കി.

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിന് ശേഷമുണ്ടായ സംഭവങ്ങൾ ഏൽപ്പിച്ച മാനസികാഘാതം ഇപ്പോഴും തന്നെ വിട്ടുപോയിട്ടില്ലെന്ന് റിയാ ചക്രബർത്തി നേരത്തേ വെളിപ്പെടുത്തിയിരുന്നു. സുശാന്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബം റിയയ്‌ക്കെതിരെ പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു. പിന്നീട് മയക്കുമരുന്ന് കേസിൽ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ റിയയെ അറസ്റ്റും ചെയ്തിരുന്നു. ഇതെല്ലാമുണ്ടാക്കിയ മാനസികാഘാതം വർഷങ്ങൾ കൊണ്ട് താൻ മറികടന്നുവെന്നും എങ്കിലും അതുണ്ടാക്കിയ ട്രോമ ഇപ്പോഴും തന്റെയുള്ളിൽ ഉണ്ടെന്നും നടി പറഞ്ഞു.

സുശാന്തിന്റെ മരണം

2020 ജൂൺ 14-നാണ് സുശാന്ത് സിങ് രാജ്പുത്തിനെ മുംബൈയിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കാമുകിയായിരുന്ന റിയയായിരുന്നു സുശാന്തിന്റെ മരണശേഷം മാധ്യമങ്ങളുടേയും പൊതുസമൂഹത്തിന്റേയും ശ്രദ്ധ മുഴുവൻ. സുശാന്തിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ പിതാവ് റിയയ്‌ക്കെതിരെ പരാതി നൽകി. റിയയേയും സഹോദരനേയും കള്ളപ്പണക്കേസിൽ ഇ.ഡി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

പിന്നീട് സിബിഐ കേസ് ഏറ്റെടുത്തു. സുശാന്തിന് മയക്കുമരുന്ന് എത്തിച്ചുനൽകിയെന്ന പരാതിയിൽ റിയയേയും സഹോദരനേയും നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. എന്നാൽ മാസങ്ങൾക്ക് ശേഷം ബോംബെ ഹൈക്കോടതി ഇരുവർക്കും ജാമ്യം നൽകി. പിന്നീട് കഴിഞ്ഞവർഷം മാർച്ചിൽ സിബിഐ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ചുകൊണ്ട് റിപ്പോർട്ട് സമർപ്പിച്ചു.

Content Highlights: Appearing on The Traitors Season 2, actress Rhea Chakraborty opened up about the emotional toll of staying under suspicion for years following Sushant Singh Rajput's death, expressing relief after receiving a clean chit from the CBI.