'കേട്ട കഥയല്ല സിനിമയായത്'; സൽമാൻ ഖാനു പിന്നാലെ 'സിക്കന്ദറി'നെ വിമർശിച്ച് രശ്മിക മന്ദാനയും

സൽമാൻ ഖാന് പിന്നാലെ സംവിധായകൻ എ.ആർ. മുരുഗദോസ് ഒരുക്കിയ 'സിക്കന്ദർ' എന്ന സിനിമയെ വിമർശിച്ച് നടി രശ്മിക മന്ദാനയും. താൻ വായിച്ച തിരക്കഥയല്ല സിനിമയായതെന്ന് രശ്മിക പറഞ്ഞു. 2025 മാർച്ച് 30-ന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ കനത്ത പരാജയമായിരുന്നു.
'സിനിമയെക്കുറിച്ച് മുരുഗദോസ് സാറുമായി സംസാരിച്ചത് ഓർക്കുന്നു. പിന്നീട് സംഭവിച്ച കാര്യങ്ങൾ വേറെയായിരുന്നു. തിരക്കഥ കേട്ടപ്പോൾ വളരെ വ്യത്യസ്തമായിരുന്നു. സിനിമയിൽ ഇത് സാധാരണമായി സംഭവിക്കുന്നതാണ്. കേൾക്കുന്ന കഥ വേറെയായിരിക്കും. പിന്നീട്, ചിത്രീകരണത്തിനിടെ മാറ്റങ്ങൾ വരും. പ്രകടനങ്ങൾക്കും എഡിറ്റിങ്ങും എല്ലാം കഴിമ്പോൾ റിലീസോടെ കാര്യങ്ങൾ മാറും. സിക്കന്ദറിലും ഇതാണ് സംഭവിച്ചത്', രശ്മിക പറഞ്ഞു.
നേരത്തെ, സൽമാനെതിരേ വിമർശനവുമായി മുരുഗദോസ് രംഗത്തെത്തിയതും വലിയ വിവാദമായിരുന്നു. സൽമാനെപ്പോലൊരു താരത്തിനൊപ്പം ഷൂട്ട് ചെയ്യുന്നത് എളുപ്പമല്ലെന്ന് അദ്ദേഹം പറഞ്ഞു. പകൽ ചിത്രീകരിക്കേണ്ട രംഗങ്ങൾ പോലും രാത്രിയിൽ ഷൂട്ട് ചെയ്യേണ്ടി വരും. കാരണം സൽമാൻ രാത്രി 8 മണിക്ക് മാത്രമേ സെറ്റിൽ എത്തുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, തന്റെ ആരോഗ്യപ്രശ്നം മൂലമാണ് ഇതുസംഭവിച്ചതെന്ന് പിന്നീട് സൽമാൻ വ്യക്തമാക്കി.
Content Highlights: Rashmika Mandanna reveals the script for Salman Khan`s `Sikandar` was different from what she initially heard, explaining the filmmaking process.