വീടൊരുങ്ങി, വധുവും; റാണ മിഹീക വിവാഹാഘോഷങ്ങൾക്ക് തുടക്കം, പങ്കെടുക്കാൻ 30 പേർ

Picture Courtesy: India Today
Picture Courtesy: India Today

തെന്നിന്ത്യൻ നടൻ റാണ ദ​ഗുബാട്ടിയും മിഹീക ബജാജും തമ്മിലുള്ള വിവാഹത്തിന്റെ മുന്നോടിയായുള്ള ചടങ്ങുകൾക്ക് തുടക്കമായി. മിഹീകയുടെ ഹൽദി ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹൈദരാബാദിലുള്ള വധുവിന്റെ വീടിന്റെ അലങ്കരിച്ച ചിത്രങ്ങളും വൈറലാവുകയാണ്.

ഓഗസ്റ്റ് എട്ടിന് ഹൈദരാബാദിൽ വച്ചാണ് മിഹീകയും റാണയും വിവാഹിതരാകുന്നത്. ഏതാണ്ട് മുപ്പതിൽ താഴെ അതിഥികൾ മാത്രമാണ് ചടങ്ങുകളിൽ സംബന്ധിക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങുകൾ നടക്കുക.

ബിസിനസുകാരായ സുരേഷ് ബജാജിന്റെയും ബണ്ടി ബജാജിന്റെയും മകളാണ് മിഹീക. ഇന്റീരിയർ ഡിസൈനിങ്ങിൽ ബിരുദമെടുത്ത മിഹീക ഉപരിപഠനം നടത്തിയത് ചെൽസ് യൂണിവേഴ്സിറ്റിയിലാണ്. ഡ്യൂ ഡ്രോപ്പ് സ്റ്റുഡിയോസ് എന്ന പേരിൽ ഒരു സ്ഥാപനവും  നടത്തുന്നുണ്ട്.

"മിഹീകയെ പരിചയപ്പെട്ടപ്പോൾ എത്രയും പെട്ടെന്ന് വിവാഹിതനാകണം എന്ന് തോന്നി. അവളിൽ എന്തോ പ്രത്യേകത ഉണ്ടായിരുന്നിരിക്കണം. നല്ല കാര്യങ്ങളാണെങ്കിൽ ഞാൻ ചോദ്യങ്ങൾ ചോ​ദിക്കാറില്ല. ഒഴുക്കിനൊപ്പം പോവും. അവളായിരുന്നു എനിക്ക് ചേർന്ന പെൺകുട്ടി അതെനിക്ക് വാക്കുകളിലൂടെ പറയാനാവില്ല.

വിവാഹകാര്യം പറഞ്ഞപ്പോൾ ആദ്യം മിഹീകയ്ക്ക് ഷോക്കായിരുന്നു. പിന്നീടാണ് അവൾ സന്തോഷം പ്രകടിപ്പിച്ചത്. വീട്ടുകാരുടെ അവസ്ഥയും അതു തന്നെയായിരുന്നു. ഏറെനാളായി അവരാഗ്രഹിക്കുന്ന കാര്യമായിരുന്നു ഇത്. ഇതാണ് വിവാഹത്തിനുളള ശരിയായ സമയം.

ഹൈദരാബാദിലാണ് മിഹീക വളർന്നത്. ജൂബിലി ഹിൽസിൽ ഞങ്ങളുടെ വീടിനടുത്താണ് താമസം. എന്റെ കുടുംബവുമായി അവൾക്ക് നല്ല ബന്ധമാണുളളത്. സിനിമയ്ക്ക് അകത്ത് നിന്നുള്ള ഒരാൾ എന്നൊന്നും ഞാൻ ചിന്തിച്ചില്ല. ഞാനവളെ കണ്ടു, ഇഷ്ടപ്പെട്ടു... അത്ര തന്നെ. ഞാൻ എന്റെ പ്രണയത്തെ കണ്ടെത്തി".

എന്തുകൊണ്ടാണ് സിനിമയ്ക്ക് പുറത്ത്നിന്ന് പങ്കാളിയെ കണ്ടെത്തിയത് എന്ന ചോദ്യത്തിന് ഒരിക്കൽ റാണ നൽകിയ മറുപടി ഇതായിരുന്നു.

Content Highlights : Rana Daggubatti Miheeka Bajaj Wedding Haldi ceremony Pictures

Content Highlights: