എക്സോസിസ്റ്റിന് ശേഷം ഞാൻ കണ്ട റിയലിസ്റ്റിക് ഹൊറർ ചിത്രം: 'ഭൂതകാല'ത്തെക്കുറിച്ച് രാം ഗോപാൽ വർമ

രാം ​ഗോപാൽ വർമ, ഭൂതകാലത്തിന്റെ പോസ്റ്റർ
രാം ​ഗോപാൽ വർമ, ഭൂതകാലത്തിന്റെ പോസ്റ്റർ

ഷെയ്ൻ നി​ഗമും രേവതിയും പ്രധാന വേഷങ്ങളിലെത്തിയ ഭൂതകാലം എന്ന ചിത്രത്തിന് അഭിനന്ദനങ്ങളുമായി ബോളിവുഡ് സംവിധായകൻ രാം ​ഗോപാൽ വർമ. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം സൈക്കോളജിക്കൽ ഹൊറർ ത്രില്ലറാണ്. എക്സോസിസ്റ്റ് എന്ന ഹോളിവുഡ് ചിത്രത്തിന് ശേഷം ഇത്രയും റിയലിസ്റ്റിക് ആയ ഹൊറർ ചിത്രം വേറെ കണ്ടിട്ടില്ല എന്നാണ് ഭൂതകാലത്തെക്കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തത്.

"എക്സോസിസ്റ്റിനു ശേഷം ഞാൻ കണ്ടതിൽ വച്ച് ഏറ്റവും റിയലിസ്റ്റിക്കായ ഹൊറർ സിനിമയാണ് 'ഭൂതകാലം'.  ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിച്ച് പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ വിജയിച്ച ഭൂതകാലത്തിന്റെ സംവിധായകൻ രാഹുൽ സദാശിവനും നിർമാതാവ് അൻവർ റഷീദിനും അഭിനന്ദനങ്ങൾ.  ഷെയ്ൻ നിഗമും ബഹുമുഖ പ്രതിഭയായ രേവതിയും മികച്ച പ്രകടനം കാഴ്ച്ച വച്ചു..ഭൂതകാലത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ."–രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തു.

ഓടിടി റിലീസായെത്തിയ ചിത്രത്തിൽ സൈജു കുറുപ്പ്, മഞ്ജു പത്രോസ്, വത്സല മേനോന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷെയ്ന്‍ നിഗം ഫിലിംസിന്റെ ബാനറില്‍ ഷെയ്‌നിന്റെ മാതാവ് സുനില ഹബീബും പ്ലാന്‍ ടി ഫിലിംസിന്റെ ബാനറില്‍ തേരേസ റാണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. 

Content Highlights : Ram Gopal Varma about Shane Nigam Revathy Movie Bhoothakalam

Content Highlights: