ഭയംനിറച്ച് വിറപ്പിക്കാൻ ചന്ദ്രമുഖി വീണ്ടും വരുന്നു; നായകനായി ലോറൻസ്, ഒപ്പം വടിവേലുവും

രാഘവ ലോറൻസും വടിവേലുവും, ചന്ദ്രമുഖി 2 ടൈറ്റിൽ പോസ്റ്റർ | ഫോട്ടോ: twitter.com/offl_Lawrence
രാഘവ ലോറൻസും വടിവേലുവും, ചന്ദ്രമുഖി 2 ടൈറ്റിൽ പോസ്റ്റർ | ഫോട്ടോ: twitter.com/offl_Lawrence

2005-ൽ തമിഴ്സിനിമയിലെ സകല കളക്ഷൻ റെക്കോർഡുകളും തകർത്തെറിഞ്ഞ ചിത്രമായിരുന്നു രജനീകാന്ത്-പി.വാസു ടീമിന്റെ ചന്ദ്രമുഖി. മലയാളത്തിലെ ക്ലാസിക് ചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്കായി എത്തിയ ചിത്രം നയൻതാരയുടെ കരിയറിലും വഴിത്തിരിവായി. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാ​ഗം വരുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

രാഘവ ലോറൻസും വടിവേലുവുമായിരിക്കും ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുക. പി. വാസു തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എം.എം. കീരവാണി സം​ഗീതം പകരും.  ആർ.ഡി. രാജശേഖർ ഛായാ​ഗ്രഹണവും തോട്ടാ തരണി കലാസംവിധാനവും നിർവഹിക്കും. ചിത്രത്തിന്റെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

സിനിമയുടെ ഭാ​ഗമാവുന്നതിലുള്ള സന്തോഷം ലോറൻസും പ്രകടിപ്പിച്ചിട്ടുണ്ട്. വടിവേലു അണ്ണനൊപ്പം വീണ്ടും സിനിമ ചെയ്യാനാകുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ​ഗുരു രജനികാന്തിന് വലിയൊരു നന്ദി. പി. വാസു സാറിനൊപ്പം വീണ്ടും ജോലി ചെയ്യാനാവുന്നതിൽ സന്തോഷമുണ്ട്.  അദ്ദേഹം പറഞ്ഞു.

ശിവാജി പ്രൊഡക്ഷൻസിന്റെ അമ്പതാം ചിത്രമായാണ് ചന്ദ്രമുഖി എത്തിയത്. പ്രഭു, ജ്യോതിക, വടിവേലു, വിനീത്, നാസർ തുടങ്ങി വൻതാരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. വിദ്യാസാ​ഗർ ഈണമിട്ട ​ഗാനങ്ങൾ ഇപ്പോഴും ജനപ്രിയമാണ്. 

അതേസമയം മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ ഭൂൽ ഭൂലയ്യയുടെ രണ്ടാം ഭാ​ഗം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. കാർത്തിക് ആര്യൻ, തബു, കിയാര അദ്വാനി എന്നിവരാണ് മുഖ്യവേഷങ്ങളിൽ. 175 കോടിയോളമാണ് ചിത്രം ഇതുവരെ നേടിയത്.

Content Highlights: Chandramukhi 2, Raghava Lawrence, Vadivelu in Chandramukhi 2