അല്ലുവിന് മുന്‍പില്‍ നോളനും രക്ഷയില്ല; ഇന്റര്‍സ്‌റ്റെല്ലാര്‍ റീറിലീസ് ചെയ്യാത്തതിന് കാരണം പുഷ്പ 2?

പുഷ്പ 2, ഇന്റര്‍സ്‌റ്റെല്ലാര്‍
പുഷ്പ 2, ഇന്റര്‍സ്‌റ്റെല്ലാര്‍

ലോകസിനിമയിലെ എക്കാലത്തെയും ക്ലാസിക്കായി മാറിയ ചിത്രമാണ് ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഇന്റര്‍സ്‌റ്റെല്ലാര്‍. സയന്‍സ് ഫിക്ഷന്‍ ഡ്രാമയായി ഇറങ്ങിയ ചിത്രത്തിന് ലോകത്തിലുടനീളം ആരാധകരുണ്ട്. സിനിമയുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് വീണ്ടും ഐമാക്‌സില്‍ ചിത്രം റീ റിലീസിസ് ചെയ്തിരുന്നു. എന്നാല്‍ ഇതിനോടൊപ്പം ചിത്രം ഇന്ത്യയില്‍ റീ റിലീസ് ചെയ്യില്ല. അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പ 2 വിന്റെ റിലീസാണ് ഇതിന് കാരണമെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍.

ലോകം മുഴുവനുമുള്ള തിയേറ്ററുകളില്‍ 12,000 സ്‌ക്രീനുകളിലാണ് പുഷ്പ-2 റിലീസ് ചെയ്യുന്നത്. ഐമാക്‌സിലുമെത്തുന്ന ചിത്രം ഇന്ത്യയിലെ ഏതാണ്ടെല്ലാ ഐമാക്‌സ് സ്‌ക്രീനുകളിലും റിലീസുണ്ട്. ഇതിനാലാണ് ഇന്റര്‍സ്‌റ്റെല്ലാറിന്റെ ഇന്ത്യന്‍ റിലീസ് മാറ്റിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം ജനുവരിയില്‍ ഇന്ത്യയില്‍ റീ റിലീസ് ചെയ്യുമെന്നാണ് സൂചന. ഇന്റര്‍സ്റ്റെല്ലാര്‍ ഇന്ത്യയില്‍ റിലീസ് ചെയ്യാത്തതില്‍ ചിത്രത്തിന്റെ ആരാധകര്‍ നിരാശയിലാണ്.

2014ല്‍ റിലീസ് ചെയ്ത ഇന്റര്‍സ്‌റ്റെല്ലാര്‍ ബോക്‌സോഫീസില്‍ 730 മില്യണ്‍ ഡോളര്‍ നേടിയിരുന്നു. മാത്യു മെക്കോണഹെ, ആന്‍ ഹാത്‌വേ, ജെസീക്ക കാസ്റ്റേന്‍, തിമോത്തി ഷാലമെറ്റ് എന്നിവര്‍ അഭിനയിച്ച ചിത്രം അഞ്ച് ഓസ്‌കാര്‍ നോമിനേഷനുകളും നേടി. മികച്ച വിഷ്വല്‍ എഫക്ടിനുള്ള അക്കാദമി അവാര്‍ഡും ചിത്രം കരസ്ഥമാക്കിയിരുന്നു. 

Content Highlights: pushpa 2 stops re release of christopher nolan's interstellar