'നെഗറ്റീവ് റിവ്യൂ പറയാതിരിക്കാൻ ഒരുലക്ഷം ചോദിച്ചു'; യൂട്യൂബ് റിവ്യൂവർമാർക്കെതിരേ നിർമാതാവ്

#Movies Desk
അനില്‍ കുമാര്‍, അങ്കം അട്ടഹാസം പോസ്റ്റര്‍ | Photo: Screen grab/ YouTube: Online Malayali Events, Instagram/ Ankam Attahasam
അനില്‍ കുമാര്‍, അങ്കം അട്ടഹാസം പോസ്റ്റര്‍ | Photo: Screen grab/ YouTube: Online Malayali Events, Instagram/ Ankam Attahasam

യൂട്യൂബ് സിനിമാ റിവ്യൂവർമാർക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മാധവ് സുരേഷ് ചിത്രം അങ്കം അട്ടഹാസം നിർമാതാവ്. അങ്കം അട്ടഹാസം പുറത്തിറങ്ങി ആദ്യഷോയ്ക്ക് പിന്നാലെ യൂട്യൂബർമാർ ചിത്രത്തിന്റെ കഥ വെളിപ്പെടുത്തിയെന്ന് നിർമാതാവ് അനിൽ കുമാർ ആരോപിച്ചു. നെഗറ്റീവ് റിവ്യൂ പറയാതിരിക്കാൻ യൂട്യൂബർമാരിൽ ഒരാൾ തന്നോട് ഒരുലക്ഷം രൂപ ചോദിച്ചു. ഇന്ത്യയിൽ മാത്രം റിലീസ് ചെയ്ത ചിത്രം കണ്ടുവെന്ന് അവകാശപ്പെട്ട്, ഖത്തറിലുള്ള ഒരു യൂട്യൂബർ നെഗറ്റീവ് റിവ്യൂ പ്രചരിപ്പിച്ചെന്നും നിർമാതാവ് ആരോപിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് നിർമാതാവ് ആരോപണങ്ങൾ ഉന്നയിച്ചത്. നടൻ മാധവ് സുരേഷും ഒപ്പമുണ്ടായിരുന്നു.

'നാലുകോടി 50 ലക്ഷമാണ് ബജറ്റ്. സിനിമ റിലീസ് ചെയ്ത് ആദ്യത്തെ ഷോ കഴിഞ്ഞയുടൻ കുറച്ചു യൂട്യൂബേഴ്‌സ് ചിത്രത്തിന്റെ കഥ വെളിപ്പെടുത്തി. അവർക്ക് നെഗറ്റീവോ പോസിറ്റീവോ അഭിപ്രായങ്ങൾ പറയാം. പക്ഷേ, കഥ വെളിപ്പെടുത്താൻ പാടില്ല. ക്ലൈമാക്‌സിലെ ഒരു കഥാപാത്രത്തെ വെളിപ്പെടുത്തുന്ന കാര്യം അവർ നേരത്തേ പ്രചരിപ്പിച്ചു. അതോടെ സിനിമ കാണാനുള്ള ആളുകളുടെ കൗതുകമില്ലാതായി. അശ്വന്ത് കോക്ക് എന്ന യൂട്യൂബർ ഉണ്ടാക്കിയ നഷ്ടം ചെറുതല്ല. പത്തുലക്ഷം പേരെങ്കിലും സിനിമ കാണുന്നത് ഇല്ലാതാക്കി. അതിൽ എന്താണ് നേട്ടം എന്ന് എനിക്കറിയില്ല. അശ്വന്ത് കോക്ക് പൈസ വാങ്ങിയാണ് റിവ്യൂ പറയുന്നതെന്ന് എനിക്ക് വ്യക്തമായ അറിവുണ്ട്. ഒരു സിനിമയ്ക്ക് ഒരുലക്ഷം രൂപയാണ് അയാൾ ചോദിക്കുന്നത്. ഒരുലക്ഷം കൊടുത്തില്ലെങ്കിൽ അയാൾ നെഗറ്റീവ് പറയും. ആ തുക കൊടുത്താൽ പോസിറ്റീവ് പറയും. നിർമാതാവ് എന്ന നിലയ്ക്ക് എനിക്ക് സംഭവിച്ച കാര്യമാണ് ഞാൻ പറയുന്നത്', നിർമാതാവ് പറഞ്ഞു.

'എനിക്ക് സാമ്പത്തിക നഷ്ടമുണ്ടായി. മുഖ്യമന്ത്രിക്ക് പരാതി നൽകും. ഹൈക്കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്യും. ഇനി ഒരാൾക്കും ഇതുപോലൊരു ബുദ്ധിമുട്ട് ഉണ്ടാവാൻ പാടില്ല. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. വേദനിപ്പിച്ചുകൊണ്ടോ സാമ്പത്തിക നഷ്ടമുണ്ടാക്കിക്കൊണ്ടോ അഭിപ്രായം പറയുമ്പോഴാണ് നമുക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്നത്. അങ്ങനെ ബുദ്ധിമുട്ട് അനുഭവിച്ച ആളാണ് ഞാൻ. ഇന്ത്യയിൽ മാത്രമേ ചിത്രം റിലീസ് ചെയ്തിരുന്നുള്ളൂ. ഖത്തറിൽ ഇരുന്ന് ഒരു യൂട്യൂബർ ചിത്രം കണ്ടെന്നും വളരേ മോശമാണെന്നും പറഞ്ഞു. അഭിപ്രായം പറയാം, പക്ഷേ കാണാതെ പറയുന്നത് എങ്ങനെയാണ്? എന്തെങ്കിലും പ്രത്യേക താത്പര്യത്തിനുവേണ്ടി അങ്ങനെ പറയാൻ പാടില്ല', അദ്ദേഹം ചൂണ്ടിക്കാട്ടി.

'മാധവ് ചിത്രത്തിന്റെ ഒരുഭാഗം മാത്രമാണ്. മാധവിനെ ലക്ഷ്യമിട്ടതുകൊണ്ടുമാത്രം ചിത്രം ഇങ്ങനെയായിപ്പോയി എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. മാധവിന്റെ ഭാഗമെല്ലാം അദ്ദേഹം നന്നായി ചെയ്തു. എന്നോട് പൂർണ്ണമായി സഹകരിച്ചു', നിർമാതാവ് വ്യക്തമാക്കി.

'ഇത്ര കിട്ടിയില്ലെങ്കിൽ നെഗറ്റീവ് പറയുമെന്ന് എന്തിനാണ് റിവ്യൂവർമാർ പറയുന്നത്. നേരിട്ടല്ല, ആളുകൾ വഴിയാണ് പണം ചോദിക്കുന്നത്. എന്നോട് ഒരുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഒരുലക്ഷം രൂപ കൊടുക്കാമെങ്കിൽ നെഗറ്റീവ് റിവ്യൂ ഇടില്ലെന്ന് പറഞ്ഞു. ഞാനൊരു ചെറിയ നിർമാതാവ് ആയതിനാലാവാം ഒരുലക്ഷം ചോദിച്ചത്. ചിത്രം റീ- റിലീസ് ചെയ്യാൻ പദ്ധതിയുണ്ട്. മാറ്റങ്ങളോടെ റീ- റിലീസ് ചെയ്യാൻ ശ്രമിക്കും. എട്ടാം തീയതി പുറത്തിറങ്ങിയ ചിത്രം 13-ാം തീയതി പിൻവലിക്കുകയായിരുന്നു. ഇനിയൊരാൾക്കും അങ്ങനെയുണ്ടാവാൻ പാടില്ല', അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Producer Anil Kumar alleges extortion by YouTube reviewers. Claims reviewers demanded 1 lakh to avoid negative reviews. Accusation of revealing plot spoilers immediately after first show. Producer plans to file a complaint with the Chief Minister and High Court. Film 'Angam Attahasam' withdrawn from theaters and planned for re-release